Quantcast

25 ലക്ഷവും ജോലിയും എവിടെ?; നഷ്ടപരിഹാരം നൽകാതെ കെഎസ്ഇബി കബളിപ്പിച്ചെന്ന് ഷോക്കേറ്റ് മരിച്ച സരളയുടെ കുടുംബം

ബാക്കി തുക എപ്പോൾ കിട്ടും എന്ന് ചോദിച്ചപ്പോൾ, ഇത്ര മാത്രമേ ഉള്ളൂ എന്നും പറഞ്ഞ് ഉദ്യോഗസ്ഥർ കയ്യൊഴിഞ്ഞെന്നും കുടുംബം പറയുന്നു

MediaOne Logo

Web Desk

  • Published:

    31 May 2026 9:17 AM IST

25 ലക്ഷവും ജോലിയും എവിടെ?; നഷ്ടപരിഹാരം നൽകാതെ കെഎസ്ഇബി കബളിപ്പിച്ചെന്ന് ഷോക്കേറ്റ് മരിച്ച സരളയുടെ കുടുംബം
X

ആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാട് വൈദ്യുതാഘാതമേറ്റ് മരിച്ച സരളയുടെ കുടുംബത്തിന് നൽകാമെന്ന് പറഞ്ഞ നഷ്ടപരിഹാര തുക നൽകാതെ കെഎസ്ഇബി കബളിപ്പിച്ചെന്ന് കുടുംബം. 25 ലക്ഷം രൂപയും, കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകാമെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ പറഞ്ഞത്. ഇതുവരെയും ഈ വാഗ്ദാനം നടപ്പായിട്ടില്ല എന്നാണ് കുടുംബത്തിന്റെ പരാതി.

2025 ഒക്ടോബർ 12നാണ് ഹരിപ്പാട് പള്ളിപ്പാട് പനമുട്ട് പാടത്ത് സരള ഷോക്കേറ്റ് മരിച്ചത്. കൃഷിക്കായി വയൽ വൃത്തിയാക്കുന്നതിനിടെ സരളയുടെ ഒപ്പം ഉണ്ടായിരുന്ന ലതക്കാണ് ഷോക്കേറ്റത്. ലതയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സരളക്ക് ഷോക്കേറ്റ് തെറിച്ചു വീഴുകയും മരണപ്പെടുകയും ചെയ്തത്. തുടർന്ന് മൃതദേഹവുമായി കെഎസ്ഇബി പള്ളിപ്പാട് സെക്ഷൻ ഓഫീസിൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കുടുംബത്തിന് 25 ലക്ഷം രൂപയും ഒരാൾക്ക് ജോലിയും നൽകാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞത്. പിന്നീട് മരണാനന്തര ചടങ്ങിലേക്കായി ഒരുലക്ഷം രൂപ നൽകി.

25 ലക്ഷം രൂപയ്ക്ക് പുറമെയാണ് ഈ ഒരു ലക്ഷം നൽകുന്നത് എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്ന് കുടുംബം പറഞ്ഞു. പിന്നീട് കഴിഞ്ഞദിവസം ഒരു ലക്ഷം രൂപ വീണ്ടും അനുവദിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കുടുംബത്തെ അറിയിച്ചു. ബാക്കി തുക എപ്പോൾ കിട്ടും എന്ന് ചോദിച്ചപ്പോൾ, ഇത്ര മാത്രമേ ഉള്ളൂ എന്നും പറഞ്ഞ് ഉദ്യോഗസ്ഥർ കയ്യൊഴിഞ്ഞു.

നഷ്ടപരിഹാര തുകയ്ക്കുവേണ്ടി നിരവധിതവണയാണ് ഓഫീസുകൾ കയറി ഇറങ്ങിയത്. ഇനി കെഎസ്ഇബി ഓഫീസിനു മുന്നിൽ ധർണ ഇരിക്കുമെന്നും, പരിഹാരമായില്ലെങ്കിൽ ശക്തമായ നടപടിയുമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം.

TAGS :

Next Story