സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായേക്കും
കഴിഞ്ഞ ദിവസമാണ് കേസിൽ സിനിമയുടെ നിർമാതാക്കൾക്ക് പോലീസ് നോട്ടീസ് അയച്ചത്

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. കഴിഞ്ഞ ദിവസമാണ് കേസിൽ സിനിമയുടെ നിർമാതാക്കൾക്ക് പോലീസ് നോട്ടീസ് അയച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാവാൻ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരോട് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ, കേസ് റദ്ദാക്കണമെന്ന നിർമാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് പോലീസ് നോട്ടീസ് അയച്ചത്. ലാഭവിഹിതം നൽകിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സിറാജ് വലിയതുറയാണ് പരാതിക്കാരൻ. സിനിമയുടെ നിർമാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ തന്റെ കൈയിൽനിന്ന് വാങ്ങിയെന്നും ലാഭവിഹിതം നൽകാതെ വിശ്വാസവഞ്ചനകാണിച്ചുവെന്നുമാണ് പരാതി.
Adjust Story Font
16

