Quantcast

മുതലപ്പൊഴിയിൽ പൊഴി മുറിക്കാൻ അനുവദിക്കില്ലെന്ന് മത്സ്യത്തൊഴിലാളികൾ; 'വെടിയേറ്റ് മരിക്കാനും തയാർ'

മുതലപ്പൊഴിയിലെ പ്രശ്‌നത്തിന് താത്ക്കാലിക പരിഹാരമെന്ന നിലയ്ക്കാണ് നാളെ പൊഴി മുറിക്കാനുള്ള തീരുമാനത്തിലേക്ക് സർക്കാർ കടന്നത്.

MediaOne Logo

Web Desk

  • Updated:

    2025-04-16 16:25:18.0

Published:

16 April 2025 8:32 PM IST

Fishermen Against Govt Decission in Muthalappozhi Soil Issue
X

തിരുവനന്തപുരം: മുതലപ്പൊഴിയിൽ പൊഴി മുറിക്കാൻ അനുവദിക്കില്ലെന്ന് മത്സ്യത്തൊഴിലാളികൾ. അഴിമുഖത്ത് ഡ്രഡ്ജിങ് കാര്യക്ഷമാകാതെ പൊഴി തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികൾ. പ്രശ്ന പരിഹാരം ഉണ്ടായിലെങ്കിൽ ദേശീയപാതാ ഉപരോധം അടക്കമുള്ള സമരത്തിലേക്ക് കടക്കുമെന്നും അവർ വ്യക്തമാക്കി.

പൊഴി മുറിക്കാൻ വന്നാൽ ശക്തമായി നേരിടുമെന്നും വെടിയേറ്റ് മരിക്കാനും തങ്ങൾ തയാറാണെന്നും സംയുക്ത സമരസമിതി പ്രവർത്തകർ പറഞ്ഞു. തങ്ങളെ തോൽപ്പിക്കാമെന്ന് കരുതേണ്ട. സർക്കാർ തീരുമാനം നടപ്പാക്കാൻ അനുവദിക്കില്ല. സർക്കാർ നീക്കത്തെ എന്തുവില കൊടുത്തും ചെറുക്കുമെന്നും താത്ക്കാലിക പ്രശ്‌ന പരിഹാരം അംഗീകരിക്കില്ലെന്നും സമരസമിതി വ്യക്തമാക്കി.

മുതലപ്പൊഴിയിലെ പ്രശ്‌നത്തിന് താത്ക്കാലിക പരിഹാരമെന്ന നിലയ്ക്കാണ് നാളെ പൊഴി മുറിക്കാനുള്ള തീരുമാനത്തിലേക്ക് സർക്കാർ കടന്നത്. പൊഴി മുറിക്കാൻ ഫിഷറീസ് മന്ത്രി സജി ചെറിയാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലായിരിക്കും നാളെ രാവിലെ ഒമ്പതോടെ പൊഴി മുറിക്കുക. എന്നാൽ പ്രശ്‌നം കൂടുതൽ സങ്കീർണമാവുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോവുന്നത്.

ദുരന്തനിവാരണ നിയമപ്രകാരം ആയിരിക്കും പൊഴി മുറിക്കുകയെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. മത്സ്യത്തൊഴിലാളികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി തീരുമാനം വ്യക്തമാക്കിയത്. മണൽ നീക്കത്തിന് കൂടുതൽ യന്ത്രസംവിധാനങ്ങൾ കൊണ്ടുവരും. മുതലപ്പൊഴിയിൽ പൊഴി മുറിച്ചില്ലെങ്കിൽ അഞ്ച് പഞ്ചായത്തുകൾ വെള്ളത്തിൽ ആകും.

ഇത് മുന്നിൽക്കണ്ടാണ് യുദ്ധകാലാടിസ്ഥാനത്തിൽ പൊഴി മുറിക്കാനുള്ള നടപടികളുമായി വകുപ്പ് മുന്നോട്ടുപോകുന്നത്. ഒരു മാസത്തിനകം മണൽ നീക്കം പൂർത്തിയാക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞിരുന്നു. കൊല്ലം ഹാർബറുകളിലേക്ക് മത്സ്യത്തൊഴിലാളികൾക്ക് പോകാൻ താല്പര്യമുണ്ടെങ്കിൽ അതിനുള്ള ക്രമീകരണം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ചർച്ചയിൽ സംതൃപ്തർ അല്ലെന്ന് സംയുക്ത സമരസമിതി പ്രതികരിച്ചിരുന്നു. അടുത്തമാസം 16നകം മണൽ പൂർണമായി നീക്കം ചെയ്യുമെന്ന് ഹാർബർ എൻജിനീയറിങ് വകുപ്പ് ന്യൂനപക്ഷ കമ്മീഷനെ രേഖാമൂലം അറിയിച്ചു. പുലിമുട്ടിന്റെ നീളം വർധിപ്പിക്കുന്ന കരാറിൽ ഈ മാസം അവസാനം ഒപ്പിടുമെന്നും കമ്മീഷനെ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

TAGS :

Next Story