അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് പൊട്ടി വീണ് കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്
അപകടമുണ്ടായ ഹാപ്പിലാൻഡ് പാർക്കിൻ്റെ ലൈസൻസ് റദ്ദാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് നിർദേശം നൽകിയെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് പൊട്ടി വീണ് നിരവധി പേർക്ക് പരിക്ക്. തിരുവനന്തപുരം വെമ്പായത്തുള്ള ഹാപ്പിലാൻഡിലാണ് അപകടം. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം. ജയിന്റ് വീലാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ പെടുന്ന സമയത്ത് 30 ലേറെ ആളുകൾ റൈഡിൽ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. റൈഡിന്റെ വെൽഡിങ് വിടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആദ്യം കന്യാകുളങ്ങര ആശുപത്രിയിലേക്കാണ് മാറ്റിയത്. എന്നാൽ, തലക്ക് പരിക്കേറ്റ നാലു പേരെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. നാഗർകോവിൽ സ്വദേശികളായ മനോരതി, മണി, സാം ഡാനിയൽ, റോസ് എന്നിവരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇവരെ ആദ്യം വെഞ്ഞാറാമൂട് സെൻ്റ് ജോസഫ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ആദ്യം മൂന്നു പേരും പിന്നാലെ മറ്റ് രണ്ട് പേരെ കൂടി എത്തിക്കുകയായിരുന്നു.
പാർക്കിൻ്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് എംഎൽഎ ജി.ആർ അനിൽ പറഞ്ഞു. സുരക്ഷ ഉറപ്പാക്കി വേണം പാർക്ക് പ്രവർത്തിക്കാൻ, കുറച്ചുകൂടെ സുതാര്യതയോടെ പാർക്ക് പ്രവർത്തിപ്പിക്കണം.സുരക്ഷാ വീഴ്ച വരുത്തിയവർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസിന് പോലും എത്താൻ പറ്റാത്ത സ്ഥലമാണെന്നും അദ്ദേഹം പറഞ്ഞു.
അവധിക്കാലം തീരുന്നതിന്റെ ഭാഗമായി അമ്യൂസ്‌മെന്റിൽ നല്ല തിരക്കുണ്ടായിരുന്നു. സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നീ വിവരങ്ങൾ അറിയേണ്ടതുണ്ട്. അതേസമയം, സംഭവത്തിൽ നാട്ടുകാർ രംഗത്തുവന്നിട്ടുണ്ട്. ഹാപ്പിലാൻഡ് പാർക്കിനെതിരെ മുമ്പു തന്നെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് പരാതികളിൽ ഉയർന്നിരുന്നു. പൊലീസ് എത്തി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
അപകടത്തിന് ശേഷവും പാർക്കിലെ പ്രവർത്തനം അവസാനിപ്പിച്ചില്ല എന്ന ആരോപണം ഉയർന്നിട്ടുണ്ട്. അപകടം പറ്റിയവരെ ആശുപത്രിയിൽ എത്തിക്കാൻ പാർക്കിൽ ആംബുലൻസ് ഉണ്ടായിരുന്നില്ല. പുറത്തുനിന്ന് എത്തിച്ച ആംബുലൻസിലാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചത്.
പാർക്കിൻ്റെ ലൈസൻസ് റദ്ദാക്കാൻ നിർദേശം നൽകി- മന്ത്രി പി.സി വിഷ്ണുനാഥ്
തിരുവനന്തപുരം വെമ്പായത്ത് അപകടമുണ്ടായ ഹാപ്പിലാൻഡ് അമ്യൂസ്മെൻ്റ് പാർക്കിൻ്റെ ലൈസൻസ് റദ്ദാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. സമീപകാലത്തായി പാർക്കിൽ ഉണ്ടാവുന്ന രണ്ടാമത്തെ അപകടമാണിത്. തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടായ അപകടത്തിൽ ഒരു കുഞ്ഞ് മരിച്ചിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്നാണ് മനസ്സിലാവുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കലക്ടറുമായി സംസാരിച്ചു എന്നു പറഞ്ഞ അദ്ദേഹം മറ്റ് അമ്യൂസ്മെൻ്റ് പാർക്കുകളിലും പരിശോധന നടത്തുമെന്നും പറഞ്ഞു.
Adjust Story Font
16

