Quantcast

'സ്വതന്ത്ര ഫലസ്തീൻ'; കോണ്‍ഗ്രസ് നിലപാടിൽ മാറ്റമില്ലെന്ന് വി.ഡി സതീശൻ

മുസ്‍ലിം ലീഗ് റാലിയിലെ പ്രസംഗം സംബന്ധിച്ച് ശശി തരൂർ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

MediaOne Logo

Web Desk

  • Updated:

    2023-10-27 08:27:44.0

Published:

27 Oct 2023 8:10 AM GMT

വി.ഡി സതീശൻ
X

കണ്ണൂർ: സ്വതന്ത്ര ഫലസ്തീൻ എന്നതാണ് കോണ്‍ഗ്രസ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണം അപലപനീയമാണ്. കോണ്‍ഗ്രസ് നിലപാട് വർക്കിങ് കമ്മിറ്റി പ്രഖ്യാപിച്ച നിലപാടിൽ മാറ്റമില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. മുസ്‍ലിം ലീഗ് റാലിയിലെ പ്രസംഗം സംബന്ധിച്ച് ശശി തരൂർ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ഹമാസിനെ ഭീകര സംഘടനയായി ചിത്രീകരിക്കുന്നത് സയണിസ്റ്റുകളാണെന്നാണ് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞത്. ഇക്കാര്യത്തിൽ യു.ഡി.എഫിൽ അഭിപ്രായ വ്യത്യാസമില്ല. ഹമാസിന്റെ ആക്രമണം പ്രത്യാക്രമണമാണ്. ശശി തരൂർ പറഞ്ഞതിനെക്കുറിച്ച് അദ്ദേഹം തന്നെ വിശദീകരിച്ചതിനാൽ ഒന്നും പറയാനില്ലെന്നും എം.എം ഹസൻ പറഞ്ഞു.

മുസ്‍ലിം ലീഗ് റാലിയില്‍ പങ്കെടുത്ത് ഫലസ്തീന്‍ പോരാളികളെ ഭീകരരെന്ന് വിശേഷിപ്പിച്ച ശശി തരൂരിന്റെ പരാമർശമാണ് വിവാദത്തിലായത്. താൻ എന്നും ഫലസ്തീൻ ജനതക്കൊപ്പമാണ്. തന്റെ പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ടെന്നും പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നുമാണ് ശശി തരൂരിന്റെ വിശദീകരണം.

തരൂരിന്റെ പരാമർശം ആയുധമാക്കി കോണ്‍ഗ്രസിനെയും ലീഗിനെയും വിമർശിച്ച് സി.പി.എം നേതാക്കള്‍ രംഗത്തെത്തി. സമസ്ത നേതാക്കളും വിമർശനം ഉന്നയിച്ചു. വിമർശനം ശക്തമായതോടെ പാർട്ടിയെ പ്രതിരോധിച്ച് ലീഗ് നേതാക്കളും രംഗത്തുണ്ട്. പ്രസ്തുത വിഷയം വിവാദമാക്കുന്നത് ഫലസ്തീനെതിരായ നിലപാട് സ്വീകരിക്കുന്നവരാണെന്നും ഒരു വരിയിൽ പിടിച്ച് വിവാദം ഉണ്ടാക്കുന്നവർ ഫലസ്തീൻ വിഷയത്തെ വഴിതിരിച്ച് വിടുന്നുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അന്തർദേശീയ തലത്തിൽ ശ്രദ്ധകിട്ടാൻ വേണ്ടിയാണ് തരൂരിനെ പങ്കെടുപ്പിച്ചതെന്നും പി.കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

TAGS :

Next Story