ഒഴുകിപ്പോവാത്ത സൗഹൃദം; വെള്ളപ്പൊക്കത്തിൽ ഒഴുകിപോയ ട്രാവലറിന് പകരം പുത്തൻ ട്രാവലർ സമ്മാനിച്ച് സുഹൃത്തുക്കൾ
വിനായക ട്രാവൽസ് നാളെ മുതൽ വീണ്ടും യാത്ര ആരംഭിക്കുകയാണ്. പ്രകൃതിദുരന്തങ്ങളിൽ തളരാത്ത അതിജീവനത്തിന്റെ സന്ദേശവുമായി

ഇടുക്കി: കഴിഞ്ഞ ദിവസം ഇടുക്കി നെടുങ്കണ്ടത്തുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ ഒരു ട്രാവലർ ആരും മറന്നുകാണില്ല. വാഹനം പിന്നീട് പുഴയിൽ നിന്നും വീണ്ടെടുത്തു. എന്നാൽ ട്രാവലർ തകർന്നതോടെ പ്രതിസന്ധിയിലായ വാഹനമുടമയ്ക്കും ഡ്രൈവർമാർക്കും കൈത്താങ്ങ് ആവുകയാണ് മൂന്ന് സുഹൃത്തുക്കൾ.
ഒക്ടോബര്‍ 18ലെ കനത്ത മഴയിലുണ്ടായ മഴവെള്ളപ്പാച്ചിലില്‍ ഇടുക്കി കൂട്ടാര്‍ സ്വദേശി കേളന്‍ത്തറയില്‍ ബി. റെജിയുടെ ട്രാവലര്‍ ഒഴുക്കില്‍പെട്ട് പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഒഴുകി പോകുന്ന വാഹനത്തിനെ നിസ്സഹായതയോടെ നോക്കിയിരിക്കുന്നവരെയും വീഡിയോയില്‍ കാണാമായിരുന്നു. പിന്നീട് വാഹനം കണ്ടെത്തിയെങ്കിലും കുറച്ച് തകിട് കഷ്ണങ്ങളും ഇരുമ്പ് കഷ്ണങ്ങളും മാത്രമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
15 ലക്ഷം രൂപ വിലയുള്ള 'വിനായക്' എന്ന 17 സീറ്റർ ട്രാവലറാണ് ഒഴുക്കിൽപ്പെട്ടത്. ഫിനാൻസ് വ്യവസ്ഥയിൽ വാങ്ങിയ വാഹനത്തിന് ഇനിയും അഞ്ച് ലക്ഷം രൂപയോളം അടച്ചു തീർക്കാൻ ഉണ്ടായിരുന്നു. വാഹനത്തിന്റെ ഉടമ റജിയും ഡ്രൈവർമാരായ സന്തോഷും അപ്പുവും എന്തുചെയ്യും എന്നറിയാതെ നിൽക്കുമ്പോഴാണ് അപ്രതീക്ഷിത സഹായം എത്തുന്നത്.
വാഹനം ഒലിച്ചുപോയ കൂട്ടാര്‍ പാലത്തിന് സമീപത്തുവെച്ച് തന്നെയാണ് പുതിയ വാഹനത്തിന്റെ താക്കോല്‍ റെജിമോന്‍ ഏറ്റുവാങ്ങിയത്. റെജിമോന്റെ സുഹൃത്തുക്കളും ബംഗളൂരുവിലെ ഐ.ടി ജീവനക്കാരുമായ കണ്ണൂര്‍ സ്വദേശികളാണ് വാഹനം വാങ്ങി നല്‍കിയത്. ഇവര്‍ക്ക് നാട്ടില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ സുഹൃത്തുക്കളെ താക്കോല്‍ കൈമാറാന്‍ എല്‍പ്പിക്കുകയായിരുന്നു.
ബംഗളൂരുവിൽ ഐടി കമ്പനി ജീവനക്കാരായ സുബിൻ, അഞ്ജലി എന്നീ സുഹൃത്തുക്കളും പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത മറ്റൊരാളും ചേർന്നാണ് ഇവർക്ക് പുത്തൻ ട്രാവലർ സമ്മാനിച്ചത്. വിനായക ട്രാവൽസ് നാളെ മുതൽ വീണ്ടും യാത്ര ആരംഭിക്കുകയാണ്. പ്രകൃതിദുരന്തങ്ങളിൽ തളരാത്ത അതിജീവനത്തിന്റെ സന്ദേശവുമായി.
Adjust Story Font
16

