മുസ്ലിം ലീഗ് എന്ന പേരുകേട്ട് ആരും വിറകൊള്ളേണ്ട; സാമൂഹ്യനീതിയിൽ വിശ്വസിക്കുന്ന ഒരു പാർട്ടിയാണത്: ജി. സുധാകരൻ
രാജ്യത്തെ 22 കോടിയോളം വരുന്ന ന്യൂനപക്ഷങ്ങളുടെ പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്നും സുധാകരൻ സഭയിൽ പറഞ്ഞു

തിരുവനന്തപുരം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ പ്രകീർത്തിച്ചും ഗ്രാമീണ റോഡുകളുടെ വികസനത്തിന് കൂടുതൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും നിയമസഭയിൽ അമ്പലപ്പുഴ എംഎൽഎ ജി. സുധാകരന്റെ ശ്രദ്ധേയമായ പ്രസംഗം. മുസ്ലിം ലീഗ് എന്ന പേര് കേട്ട് ആരും വിറകൊള്ളേണ്ടതില്ലെന്നും, അത് തികച്ചും സാമൂഹ്യനീതിയിൽ വിശ്വസിക്കുന്ന പാർട്ടിയാണെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. ലീഗ് വെറുമൊരു സമുദായത്തിന്റെ മാത്രം പാർട്ടിയല്ലെന്നും, മറിച്ച് രാജ്യത്തെ 22 കോടിയോളം വരുന്ന ന്യൂനപക്ഷങ്ങളുടെ പ്രസ്ഥാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം സമുദായത്തിന്റെ രാജ്യസ്നേഹത്തെ ആരും സംശയിക്കേണ്ടതില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചരിത്രം പരിശോധിച്ചാൽ മുഹമ്മദലി ജിന്ന സ്വമേധയാ പാകിസ്താനിലേക്ക് പോയതല്ല, മറിച്ച് അക്കാലത്തെ ഭരണാധികാരി വർഗത്തിന്റെ നയങ്ങൾ മൂലം അദ്ദേഹം അതിലേക്ക് നയിക്കപ്പെടുകയായിരുന്നു എന്ന് ജി. സുധാകരൻ പറഞ്ഞു. വട്ടമേശ സമ്മേളനങ്ങളിൽ അടക്കം അവിഭക്ത ഇന്ത്യയ്ക്ക് വേണ്ടിയാണ് ജിന്ന ആദ്യം വാദിച്ചത്. എന്നാൽ വരാൻ പോകുന്ന ഭരണവർഗത്തിന് കീഴിൽ മുസ്ലിംകൾക്ക് സംരക്ഷണം ലഭിക്കില്ലെന്ന ആശങ്കയിലാണ് പിന്നീട് പാകിസ്താന് വേണ്ടി വാദിക്കേണ്ടി വന്നത്. ഇന്ന് ഇന്ത്യയിലുള്ള 22 കോടി മുസ്ലിംകൾ പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകാതെ ഇവിടെത്തന്നെ തുടർന്നത് അവരുടെ അടിയുറച്ച രാജ്യസ്നേഹം കൊണ്ടാണെന്നും അവർ മറ്റാരെക്കാളും വലിയ മതേതരവാദികളാണെന്നും അദ്ദേഹം സഭയിൽ ഓർമിപ്പിച്ചു.
മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ പൂർണ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയ ജി.സുധാകരൻ, ആരോഗ്യ വകുപ്പിന് വലിയ പിന്തുണ നൽകേണ്ടതുണ്ടെന്നും ഊന്നിപ്പറഞ്ഞു. ജനങ്ങളുടെ ജീവനും ആരോഗ്യവുമായി ബന്ധപ്പെട്ട വകുപ്പായതിനാൽ പൊതുമരാമത്ത് അടക്കം എല്ലാ വകുപ്പുകളും ആരോഗ്യ വകുപ്പിന് ആവശ്യമായ സാമ്പത്തിക സഹായങ്ങളും പിന്തുണയും നൽകണമെന്ന് അദ്ദേഹം നിർദേശിച്ചു. ആലപ്പുഴ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടുണ്ടായ ഒരു വിഷയത്തിൽ താൻ ഇടപെട്ട കാര്യവും അദ്ദേഹം സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഗ്രാമീണ റോഡുകളുടെ കാര്യക്ഷമമായ വികസനത്തിനായി ഓരോ നിയമസഭാ മണ്ഡലത്തിനും പ്രതിവർഷം 100 കോടി രൂപ വീതം അഞ്ച് വർഷത്തേക്ക് 500 കോടി രൂപ മാറ്റിവെക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ബഡ്ജറ്റിന്റെ വലിപ്പം കൂട്ടിയാലും ഇതിൽ മാറ്റം വരുത്തരുത്. ഗ്രാമീണ റോഡുകളുടെ നിർമാണത്തിനായി പഞ്ചായത്തുകളെ മാത്രം ആശ്രയിക്കാതെ സർക്കാർ നേരിട്ട് ഫണ്ട് നൽകി അത് നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2016ൽ താൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ ഗവൺമെന്റിന് വലിയ നേട്ടമുണ്ടാക്കിക്കൊടുത്തുവെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
Adjust Story Font
16

