Quantcast

മഅ്ദനിക്ക് തീവ്രവാദ ബന്ധമെന്ന് തെറ്റായ സത്യവാങ്മൂലം നൽകിയത് കോൺ​ഗ്രസ് കാലത്തെന്ന് പി.ഡി.പി; വ്യാഴാഴ്ച നാട്ടിലെത്തുമെന്ന് പ്രതീക്ഷ

വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നല്ല രീതിയിൽ ഇടപെട്ടു.

MediaOne Logo

Web Desk

  • Updated:

    2023-04-17 16:30:59.0

Published:

17 April 2023 3:07 PM GMT

Gave a false affidavit that Maudany had terrorist links during the Congress Ruling time Says PDP
X

തിരുവനന്തപുരം: മഅ്ദനിക്ക് അന്തർദേശീയ തീവ്രവാദ ബന്ധമുണ്ടെന്ന് തെറ്റായ സത്യവാങ്മൂലം കോടതിയിൽ നൽകിയത് കോൺഗ്രസ് സർക്കാരിന്റെ കാലത്തെന്ന് പി.ഡി.പി. അത് പിന്നീട് സുപ്രിംകോടതി തള്ളിക്കളഞ്ഞിരുന്നു.

ഇന്ന് അതേ സത്യവാങ്മൂലം പൊടി തട്ടിയെടുത്താണ് കർണാടക സർക്കാർ കോടതിയിൽ സമർപ്പിച്ചിരുന്നത്. മഅ്ദനി വ്യാഴാഴ്ച കേരളത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പി.ഡി.പി നേതാക്കൾ പറ‍ഞ്ഞു.

വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നല്ല രീതിയിൽ ഇടപെട്ടു. കേരള സർക്കാരിന്റെ അനുകൂല നിലപാടിന് പി.ഡി.പി നന്ദി അറിയിക്കുന്നു. മഅ്ദനിയുടെ ചികിത്സയ്ക്കാണ് കേരളത്തിൽ എത്തിയാൽ പ്രാധാന്യം നൽകുക. കാരണം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് അദ്ദേഹം നേരിടുന്നത്.

കോൺഗ്രസ് കേരളവും കേന്ദ്രവും കർണാടകയും ഭരിക്കുന്ന സമയത്താണ് മഅ്ദനിക്ക് എതിരെ തെറ്റായ സത്യവാങ്മൂലം നൽകിയത്. പച്ചക്കള്ളം പറഞ്ഞ് മഅ്ദനിയുടെ ജാമ്യം തടയാനാണ് കോൺഗ്രസ് അന്ന് ശ്രമിച്ചത്. മഅ്ദനി കേരളത്തിലേക്ക് എത്തുന്നത് നേരെ ആശുപത്രിയിലേക്കാണ്. ഏത് ആശുപത്രി എന്നത് നാളെ രാവിലെ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം തീരുമാനിക്കും.

മഅ്ദനി നേരിട്ട് അൻവാർശേരിയിലേക്ക് എത്തില്ല. യാത്രാ വിവരങ്ങൾ നാളെ അറിയിക്കുമെന്നും കപിൽ സിബലിന്റെ നിർണായക വാദങ്ങൾ നീതി ലഭിക്കാൻ സഹായകമായെന്നും പി.ഡി.പി നേതാക്കൾ കൂട്ടിച്ചേർത്തു.

വൃക്കരോ​ഗത്തിനുൾപ്പെടെയുള്ള ചികിത്സയ്ക്കായി കേരളത്തിലേക്ക് പോവണമെന്നും അസുഖബാധിതനായ പിതാവിനെ കാണണം എന്നുമുള്ള വാദം അം​ഗീകരിച്ചാണ് മഅ്ദനിക്ക് സുപ്രിംകോടതി നാട്ടിലേക്ക് പോവാൻ അനുമതി നൽകിയത്. 84 ദിവസത്തേക്കാണ് അനുമതി. സ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബഞ്ചാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയത്.

ഇളവനുവദിച്ചാൽ മഅ്ദനി എങ്ങോട്ടും രക്ഷപെടില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചും കർണാടക സർക്കാർ വാദങ്ങൾ തള്ളിയും സുപ്രിംകോടതി അനുമതി നൽകുകയായിരുന്നു.

എന്നാൽ കർണാടക പൊലീസിന്റെ നിരീക്ഷണത്തിലും മേൽനോട്ടത്തിലുമായിരിക്കും മഅ്ദനിയെ കൊണ്ടുപോവേണ്ടത്. ഇതിന്റെ ചെലവും മഅ്ദനി തന്നെ വഹിക്കേണ്ടി വരും. വിചാരണയുമായി ബന്ധപ്പെട്ട് എപ്പോൾ വിളിച്ചാലും കർണാടകയിൽ എത്തണമെന്നും വ്യവസ്ഥയുണ്ട്.




TAGS :

Next Story