കെട്ടിട നിര്‍മാണത്തിന് മണ്ണ് മാറ്റാൻ 5000 കൈക്കൂലി; ജിയോളജി ഉദ്യോഗസ്ഥന്‍ വിജിലൻസ് പിടിയില്‍
ടിപ്പർ ലോറിയുടമയുടെ പരാതിയിലാണ് നടപടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെട്ടിട നിര്‍മാണത്തിന് മണ്ണ് നീക്കം ചെയ്യുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയില്‍. മണ്ണ് മാറ്റുന്നതിനായുള്ള പാസ് കൊടുക്കുന്നതിന് 5000 രൂപ കൈക്കൂലിയായി വാങ്ങിയ കാട്ടാക്കട സ്വദേശി ക്രിസ്ത്യന്‍ ജോസിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
കൈക്കൂലി വാങ്ങിയെന്ന ടിപ്പര്‍ ലോറിയുടമയുടെ പരാതിയിലാണ് കേസ്. ചിറയിന്‍കീഴ് സ്വദേശിയുടെ കെട്ടിടനിര്‍മാണത്തിനായുള്ള മണ്ണ് നീക്കം ചെയ്യുന്നതിന് പാസ് അനുവദിക്കുന്നതില്‍ തിരുവനന്തപുരം ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി ഓഫീസില്‍ നിന്ന് കാലതാമസം നേരിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഓഫീസില്‍ ചെന്ന് അന്വേഷിച്ചപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പാസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ 50000 രൂപ കൈക്കൂലിയായി ചോദിക്കുകയായിരുന്നു.
ഇത്രയും പണം നല്‍കാനില്ലെന്ന് പറഞ്ഞപ്പോള്‍ 5000 രൂപ മതിയെന്ന് ക്രിസ്ത്യന്‍ ജോസ് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ലോറിയുടമ വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെയാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
Adjust Story Font
16

