ആഗോള അയ്യപ്പസംഗമ വിവാദം; പ്രചരിക്കുന്ന വാർത്തകളെല്ലാം വസ്തുതാവിരുദ്ധം, വിവാദത്തിന് കാരണം ഉദ്യോഗസ്ഥരുടെ അലംഭാവം: വിശദീകരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്
നന്ദഗോവിന്ദം ഭജൻസിന് തുക നൽകിയിട്ടില്ലെന്നും ദേവസ്വം ബോർഡിന്‍റെ വിശദീകരണത്തിലുണ്ട്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചുവെന്നത് അസത്യമാണെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ് പ്രശാന്ത് പറഞ്ഞു. നന്ദഗോവിന്ദം ഭജൻസിന് തുക നൽകിയിട്ടില്ലെന്നും ദേവസ്വം ബോർഡിന്‍റെ വിശദീകരണത്തിലുണ്ട്. വിവാദത്തിന് കാരണം ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്നും പി.എസ് പ്രശാന്ത് കൂട്ടിച്ചേർത്തു.
ആഗോള അയ്യപ്പസംഗമം നടത്തിയതിൽ അടിമുടി ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇതിൽ വിശദീകരണവുമായാണ് ദേവസ്വം ബോർഡ് രംഗത്ത് വന്നിരിക്കുന്നത്. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധമായ പ്രചരണമാണ് നടക്കുന്നത്. നന്ദഗോവിന്ദം ഭജൻസിന് പണം നൽകിയിട്ടില്ല. അങ്ങനെ നൽകിയെങ്കിൽ വൗച്ചർ അല്ലെങ്കിൽ ബാങ്ക് ഇടപാട് രേഖകൾ ഉണ്ടായിരിക്കേണ്ടതാണ്. ഇഷാൻ ദേവും സംഘവുമാണ് പരിപാടി അവതരിപ്പിച്ചത്. ഇഷാന്റെ അക്കൗണ്ടിലേക്കാണ് തുക പോയത്. ഇതുവരെ സ്പോൺസർഷിപ്പിലൂടെ മൂന്ന് കോടി രൂപ ലഭിച്ചു. ദേവസ്വത്തിൽ നിന്ന് ചെലവാക്കിയ തുക തിരിച്ചടച്ചു. ഭക്ഷണം നൽകിയതിൽ അനധികൃതമായി തുക എഴുതിയെടുത്തു എന്ന ആരോപണവും തെറ്റാണെന്ന് വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്. കണക്കാക്കിയതിനേക്കാൾ ഇരട്ടിയിലധികം ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്തുവെന്നും ശബരിമലയെ കരിവാരി തേക്കരുതെന്നും ദേവസ്വം ബോർഡ് അഭ്യർത്ഥിക്കുന്നുണ്ട്.
ഈമാസം 17ന് ചേരുന്ന ദേവസ്വം ബോർഡ് യോഗം സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. ഹൈക്കോടതി വിശദീകരണം ചോദിച്ചാൽ അതിനുശേഷമാകും മറുപടി നൽകുക.
Adjust Story Font
16

