Quantcast

'രണ്ട് കയ്യും പൊട്ടിയ കുട്ടിയെ വീടിന്റെ സൺഷേഡിലൊക്കെ നിർത്തിയത് കണ്ടിട്ടുണ്ട്'; കുട്ടിയുടെ വസ്ത്രങ്ങള്‍ ഉള്‍പ്പടെ കത്തിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും നാട്ടുകാര്‍

കുട്ടിയെ ഏറ്റെടുക്കാൻ തയാറായിരുന്നെങ്കിലും വിട്ടുനൽകാൻ അഖില തയാറായില്ലെന്നും മുത്തശ്ശി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-05-31 06:35:06.0

Published:

31 May 2026 11:22 AM IST

രണ്ട് കയ്യും പൊട്ടിയ കുട്ടിയെ വീടിന്റെ സൺഷേഡിലൊക്കെ നിർത്തിയത് കണ്ടിട്ടുണ്ട്; കുട്ടിയുടെ വസ്ത്രങ്ങള്‍ ഉള്‍പ്പടെ കത്തിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും നാട്ടുകാര്‍
X

തിരുവനന്തപുരം: കുഞ്ഞിനെ ഒഴിവാക്കാൻ വേണ്ടിയാണ് പ്രതി അഷ്കർ കൊലപ്പെടുത്തിയതെന്ന് തിരുവനന്തപുരം നെടുമങ്ങാട് കൊല്ലപ്പെട്ടഒന്നര വയസ്സുകാരന്റെ അമ്മൂമ റീനു. കുഞ്ഞിനെ വിട്ടു നൽകാൻ ആവശ്യപ്പെട്ടിട്ടും അഷ്കർ തയ്യാറായില്ല. തനിക്കെതിരെ അഷ്കറും അഖിലയും വ്യാജ പരാതി നൽകിയെന്നും ചൈൽഡ് ലൈന് നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ലെന്നും റീനു മീഡിയവണിനോട് പറഞ്ഞു.

അതേസമയം,അഖിലക്കെതിരെ ഭർതൃമാതാവും രംഗത്തെത്തി. കുട്ടിയെ കാണാൻ പോലും അഖില അനുവദിച്ചിരുന്നില്ലെന്നും സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി കേസ് കൊടുത്തെന്നും ഭർത്താവ് അഖിലിന്റെ അമ്മ ഷീന മീഡിയവണിനോട് പറഞ്ഞു. കുട്ടിയെ ഏറ്റെടുക്കാൻ തങ്ങൾ തയാറായിരുന്നു.എന്നാൽ വിട്ടുനൽകാൻ അഖില തയാറായില്ല. കുട്ടിയുടെ കൈയ്യൊടിഞ്ഞ ഫോട്ടോ കണ്ടപ്പോൾ ഫോണിൽ വിളിച്ചു.അഖില ഫോൺ എടുത്തിരുന്നില്ലെന്നും ഷീന പറഞ്ഞു.

കേസിൽ അറസ്റ്റിലായ കുട്ടിയുടെ അമ്മ അഖില, സുഹൃത്ത് അഷ്കർ എന്നിവര്‍ക്കെതിരെ കൊലപാതകകുറ്റം ചുമത്തി. ക്രൂരമായ പീഡനത്തിനാണ് കുട്ടി ഇരയായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ ജനനേന്ദ്രിയത്തിലടക്കം മുറിവേറ്റിട്ടുണ്ട്. ശരീരത്തിൽ 51 മുറിവുകൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നതായും കുട്ടിയുടെ വസ്ത്രം ഉൾപ്പെടെ കത്തിച്ചുവെന്നും നാട്ടുകാർ ആരോപിച്ചു.

രണ്ട് കൈകളും ഒടിഞ്ഞ നിലയിലായിരുന്ന കുട്ടിയെ വീടിന്റെ സൺഷെയ്ഡിൽ പേടിച്ച് വിറച്ച നിലയിൽ നിർത്തിയിരിക്കുന്നത് തങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ചോദിച്ചപ്പോൾ സൈക്കിളിൽ നിന്ന് വീണ് കൈ ഒടിഞ്ഞതാണെന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞിരുന്നത്.

കുട്ടിയെ പുറത്താരോടും സംസാരിക്കാൻ അവർ അനുവദിച്ചിരുന്നില്ല.കുട്ടി പുറത്തിറങ്ങുന്ന സമയങ്ങളിലെല്ലാം അച്ഛൻ ക്രൂരമായി ചീത്തവിളിക്കാറുണ്ടായിരുന്നു. ടെറസിൽ കുട്ടിയെ ഒറ്റയ്ക്ക് കൊണ്ടുപോയി ഇരുത്തുന്നതും പതിവായിരുന്നു.കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ നിരവധി മുറിവുകൾ ഉണ്ടായിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതകമാണെന്ന് പൂർണ്ണമായി ബോധ്യപ്പെട്ടതെന്നും അയൽവാസികൾ പറയുന്നു.

കുട്ടിയെ അഷ്കർ ക്രൂരമായ മർദനത്തിന് ഇരയാക്കിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മർദനത്തെത്തുടർന്നാണ് കുട്ടി മരണപ്പെട്ടത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. കുട്ടിയെ അഷ്കർ മർദനത്തിന് ഇരയാക്കിയിട്ടും അമ്മ അഖില തടഞ്ഞില്ല. ഒരു മാസത്തോളം കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് വിവരം.

കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ടാനച്ഛൻ കുട്ടിയെ സ്ഥിരമായി മർദിക്കാറുണ്ടെന്നും അമ്മ കുഞ്ഞിനെ ശ്രദ്ധിക്കാറില്ലെന്നും ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അതിനിടെ,പ്രതി അഷ്കറിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ അഷ്കറിനെ നാട്ടുകാര്‍ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. പൊലീസും നാട്ടുകാരും തമ്മില്‍ നേരിയ ഉന്തുംതള്ളുമുണ്ടായി. ഏറെ പണിപ്പെട്ടാണ് പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയുമായി മടങ്ങിയത്.


TAGS :

Next Story