'നവകേരള യാത്രയിലെ രക്ഷാപ്രവർത്തനം'; മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർക്കെതിരെ വധശ്രമ വകുപ്പ് ചുമത്തി റിപ്പോർട്ട് സമർപ്പിച്ചു
കുറ്റക്കാരായ പൊലീസുകാരുടെ പ്രവൃത്തി ക്രിമിനൽ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടുന്ന എസ്ഐടി റിപ്പോർട്ട് ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ ക്രൂരമായി മർദിച്ച സംഭവത്തിൽ, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർക്കും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർക്കുമെതിരെ വധശ്രമ വകുപ്പ് ചുമത്തി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. കുറ്റക്കാരായ പൊലീസുകാരുടെ പ്രവൃത്തി ക്രിമിനൽ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടുന്ന എസ്ഐടി റിപ്പോർട്ട് ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.
പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകിയതിന് പിന്നാലെ ഗൺമാൻ അനിൽകുമാറും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപും നൽകിയ ജാമ്യാപേക്ഷയും പിൻവലിച്ചു. ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയാണ് പിൻവലിച്ചത്.
മർദനമേറ്റ പ്രവർത്തകരുടെ മൊഴികളും സംഭവസ്ഥലത്തെ വിഡിയോ ദൃശ്യങ്ങളും ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത്. സമരക്കാരെ നേരിടാൻ ഗൺമാൻമാർ ഇടപെടേണ്ട യാതൊരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ അന്യായമായി ആയുധം ഉപയോഗിച്ചാണ് ആക്രമിച്ചത്. ഇത് ഗുരുതരമായ ചട്ടലംഘനവും അധികാര ദുർവിനിയോഗവുമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ വധശ്രമത്തിന് കേസെടുക്കാൻ എസ്ഐടി ശിപാർശ ചെയ്തിരിക്കുന്നത്.
2023 ഡിസംബറിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്ര ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ എത്തിയപ്പോഴായിരുന്നു ഈ സംഭവം നടന്നത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിയ ഗൺമാൻ അനിലിന്റെയും സന്ദീപിന്റെയും നേതൃത്വത്തിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. ലോക്കൽ പൊലീസ് പ്രവർത്തകരെ തടഞ്ഞുവെച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളായ പൊലീസുകാർ ഇവരെ മർദിച്ചത്.
എസ്ഐടി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ചതിന് പിന്നാലെ, കുറ്റക്കാരായ അഞ്ച് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, മറ്റ് പൊലീസുകാരായ വിപിൻ, ഷൈജു, അരുൺ എന്നിവർക്കെതിരെയാണ് നടപടിയുണ്ടായത്. ഇതിനിടെ, പ്രതികളായ അനിലും സന്ദീപും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ സെഷൻസ് കോടതി കഴിഞ്ഞ ദിവസം തീർപ്പാക്കുകയും ചെയ്തു.
Adjust Story Font
16

