'ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയാക്കുമെന്നാണ് പ്രതീക്ഷ, അവഗണിച്ചാല്‍ പലതും തുറന്നുപറയും'; കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എ.എ ഷുക്കൂര്‍
സ്ഥാനാർഥി പട്ടികയ്ക്ക് ശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും ഷുക്കൂർ മീഡിയവണിനോട് പറഞ്ഞു

ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി കെപിസിസി വൈസ് പ്രസിഡന്റ് എ.എ ഷുക്കൂര്‍. ആലപ്പുഴയില്‍ തന്നെ സ്ഥാനാര്‍ഥിയാക്കുമെന്നാണ് പ്രതീക്ഷയെന്നും മനപ്പൂര്‍വം അവഗണിക്കുകയാണെങ്കില്‍ അതിന് പിന്നിലുള്ള പലരെയും തുറന്നുപറയുമെന്നും ഷുക്കൂര്‍ പറഞ്ഞു. സ്ഥാനാര്‍ഥി പട്ടികയ്ക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ഷുക്കൂര്‍ മീഡിയവണിനോട് പറഞ്ഞു.
'ജി.സുധാകരന്‍ സ്വീകരിച്ചിരിക്കുന്ന നിലപാടിനെ ഞങ്ങള്‍ അംഗീകരിക്കുന്നു. സമാനമായ മനോഗതിയുള്ള നിരവധി കമ്യൂണിസ്റ്റുകാര്‍ ഇന്ന് കേരളത്തിലുണ്ട്. കാരണം അത്രമാത്രം ജനവിരുദ്ധപരമായ കാര്യങ്ങളാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. സ്വതന്ത്രനായി മത്സരിക്കുമെന്ന തീരുമാനം പ്രഖ്യാപിച്ചിരിക്കുന്ന അദ്ദേഹത്തെ കോണ്‍ഗ്രസ് പിന്തുണക്കുന്നതിനായി ആലോചനകള്‍ നടത്തണമെന്നാണ് പറയാനുള്ളത്. കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്ന് തന്നെയാണ് ഞാന്‍ മനസിലാക്കുന്നത്. കെപിസിസി, യുഡിഎഫ് നേതൃത്വമാണ് അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കേണ്ടത്. ആ തീരുമാനമെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷ'. ഷുക്കൂര്‍ വ്യക്തമാക്കി.
'അമ്പലപ്പുഴ, ആലപ്പുഴ മണ്ഡലങ്ങളിലൊന്നില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. അമ്പലപ്പുഴ അല്ലെങ്കില്‍ ആലപ്പുഴ എന്നിങ്ങനെയായിരുന്നു അത്. അവഗണിക്കില്ലെന്നാണ് എന്റെ വിശ്വാസം. ആലപ്പുഴയിൽ മത്സരിക്കേണ്ടെന്ന് പാര്‍ട്ടി പറഞ്ഞാല്‍ ഞാന്‍ അനുസരിക്കും. അവഗണിച്ച് മാറ്റിനിര്‍ത്തുകയാണെങ്കില്‍ അതിന് കാരണക്കാര്‍ പലരുമുണ്ട്. അതാരാണ്, എന്താണ് എന്നുള്ള കാര്യങ്ങള്‍ എനിക്ക് പറയേണ്ടിവരും. 2011ന് ശേഷം ഒരിടത്തും അവസരം നല്‍കിയിട്ടില്ല. അതെന്റെ മനസ്സില്‍ അല്‍പ്പം വേദന നല്‍കുന്നതാണ്. എന്റെ പരിശ്രമങ്ങള്‍ ആലപ്പുഴ കണ്ടതാണ്. അതുകൊണ്ട് തന്നെ അവഗണിക്കാനാണ് നീക്കമെങ്കില്‍ പല തുറന്നുപറച്ചിലും നടത്തേണ്ടിവരും'. ഷുക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

