'സ്വന്തം അണികൾ കാലുവാരിയത് മറച്ചുവെക്കാൻ ശ്രമം'; കെ.കെ രാഗേഷിനെ തള്ളി ഘടകകക്ഷിയായ ഐഎൻഎൽ
സിപിഎം നേതൃത്വത്തിന്റെ കൊള്ളരുതായ്മയും അഹങ്കാരവുമാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് ഐഎൻഎല്ലിൻ്റെ ജില്ലാ പ്രസിഡൻ്റ് ഇക്ബാൽ പറഞ്ഞു

കണ്ണൂര്‍: 'നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത നിറഞ്ഞാടി' എന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിൻ്റെ പ്രസ്താവന തള്ളി ഘടക കക്ഷിയായ ഐഎൻഎല്ലിൻ്റെ ജില്ലാ പ്രസിഡൻ്റ് രംഗത്ത്. സ്വന്തം അണികൾ കാലുവാരിയത് മറച്ചു വെക്കാനാണ് രാഗേഷിൻ്റെ ശ്രമമെന്ന് ഐഎൻഎൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഇക്ബാൽ പോപ്പുലർ മറുപടി നൽകി. രാഗേഷിന്റെ പ്രസ്താവനക്കെതിരെ മുസ്‍ലിം ലീഗ് നേതൃത്വം രംഗത്തുവന്നതിന് പിന്നാലെയാണ് ഐഎൻഎൽ നേതാവിന്റെ പ്രതികരണം.
കഴിഞ്ഞദിവസം കല്യാശേരിയിൽ നടന്ന ഇ.കെ നായനാർ അനുസ്മരണ പരിപാടിയിലാണ് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാകേഷ് മുസ്‍ലിം ലീഗിനെയും ജമാഅത്തെ ഇസ്‍ലാമിയും വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. മതവും പള്ളിയും നോക്കി വോട്ട് ചെയ്യാൻ ലീഗും ജമാഅത്തെ ഇസ്‍ലാമിയും ആഹ്വാനം ചെയ്തു എന്നതായിരുന്നു രാകേഷിന്റെ പ്രസ്താവന. ഇതിനെയാണ് ഐഎൻഎൽ ജില്ലാ പ്രസിഡൻ്റും പയ്യന്നൂർ നഗരസഭാ മുൻ കൗൺസിലറുമായ ഇക്ബാൽ പോപ്പുലർ തള്ളിക്കളഞ്ഞത്. സിപിഎം നേതൃത്വത്തിന്റെ കൊള്ളരുതായ്മയും അഹങ്കാരവുമാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് ഇക്ബാൽ പറഞ്ഞു. ഇത് മറച്ചുവെക്കാനാണ് കെ.കെ രാകേഷ് ന്യൂനപക്ഷ വർഗീയത ആരോപിക്കുന്നു എന്നും ഇക്ബാൽ പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് രംഗത്തെ ഘടകകക്ഷികളെയും പാർട്ടി അണികളെയും ചേർത്തുപിടിക്കുന്നതിൽ സിപിഎം പരാജയപ്പെട്ടുവെന്നും പയ്യന്നൂരിലും തളിപ്പറമ്പിലും ഇതാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും ഐഎൻഎൽ നേതാവ് വ്യക്തമാക്കി.
Adjust Story Font
16

