ഫുട്ബോൾ ഇതിഹാസം ഐ.എം വിജയന്റെ പേരിലുള്ള അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്സ്; ആദ്യഘട്ട നിർമാണം പൂർത്തീകരിച്ച കായിക സമുച്ചയം ഇന്ന് നാടിന് സമർപ്പിക്കും
50 കോടി രൂപ ചെലവിൽ ആദ്യഘട്ട നിർമാണം പൂർത്തീകരിച്ച കായിക സമുച്ചയം ഇന്ന് നാടിന് സമർപ്പിക്കും

ഐ.എം വിജയൻ Photo: MediaOne

തൃശൂർ: കായിക കേരളത്തിന് അഭിമാനമാകാൻ ഒരുങ്ങി ഫുട്ബോൾ ഇതിഹാസം ഐ.എം വിജയന്റെ പേരിലുള്ള അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്സ്. 50 കോടി രൂപ ചെലവിൽ ആദ്യഘട്ട നിർമാണം പൂർത്തീകരിച്ച കായിക സമുച്ചയം ഇന്ന് നാടിന് സമർപ്പിക്കും. ഒരു കാലത്ത് തൃശൂർ നഗരത്തിന്റെ മാലിന്യങ്ങൾ അത്രയും പേറിയിരുന്ന ലാലൂരിലാണ് അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയവും സ്പോർട്സ് കോംപ്ലക്സും നിർമിച്ചിരിക്കുന്നത്. തന്റെ പേരിൽ തന്റെ നാട്ടിൽ ഒരു സ്റ്റേഡിയം വരുന്നതിൽ വലിയ ആഹ്ലാദമുണ്ടെന്ന് ഐ.എം വിജയൻ മീഡിയവണിനോട് പറഞ്ഞു.
ജീവിച്ചിരിക്കുമ്പോൾ തന്നെ ഒരു കായികതാരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതികളിലൊന്നാണ് സ്വന്തം പേരിലൊരു സ്റ്റേഡിയം. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസവും മലയാളികളുടെ കറുത്ത മുത്തുമായ ഐ.എം വിജയന് ഒരു പടികൂടി കടന്ന് കായിക കേരളം നൽകുന്ന സമ്മാനമാണ് തൃശൂർ ലാലൂരിലെ ഈ അന്താരാഷ്ട്ര കായിക സമുച്ചയം.
വിവിധ തരം കായിക മത്സരങ്ങൾ നടത്താനും പരീശീലിക്കാനും കഴിയുന്ന വിധത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് സ്റ്റേഡിയവും സ്പോർട്സ് കോംപ്ലക്സും സജ്ജമാക്കിയിരിക്കുന്നത്. 2018ൽ കായിക മന്ത്രി ഇ.പി ജയരാജനാണ് സ്റ്റേഡിയത്തിന് തറക്കല്ലിട്ടത്. കിഫ്ബി ഫണ്ടിൽ നിന്നും 50 കോടി രൂപ ചെലവിൽ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കി.
'ഇന്ത്യയിലെ ഇത്രയും വലിയ സ്പോർട് കോംപ്ലക്സ് വേറെയെവിടെയും കാണാനാകില്ല. ജീവിച്ചിരിക്കുന്ന ഒരാളിന്റെ പേരിൽ തന്നെ സ്റ്റേഡിയം വരുന്നുവെന്നതിൽ പരം ആഹ്ലാദം വേറെയില്ല.' ഐ.എം വിജയൻ മീഡിയവണിനോട് പറഞ്ഞു.
ഒരുകാലത്ത് തൃശൂരിന്റെ മാലിന്യക്കൂമ്പാരമായിരുന്ന ലാലൂരിനെ ചൊല്ലി എണ്ണിയാലൊടുങ്ങാത്ത സമര പരമ്പരകളാണ് നടന്നത്. നിരവധിപേർ കേസിൽ പ്രതിചേർക്കപ്പെടുകയും പൊലീസ് മർദ്ദനത്തിന് ഇരയാവുകയും ചെയ്തിരുന്നു. എന്നാൽ ആ സമരഭൂമിയിലാണ് ഇന്ന് സ്റ്റേഡിയവും അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്സും തലയുയർത്തി നിൽക്കുന്നത്.
5000 കാണികളെ ഉൾക്കൊള്ളാനാവുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിന്റൺ, വോളിബോൾ, ബാസ്ക്കറ്റ് ബോൾ, ഹാന്റ് ബോൾ കോർട്ടുകൾ, ഫുട്ബോൾ ടർഫ്, പ്രാക്ടീസ് പൂൾ, പവലിയൻ ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ പൂർത്തീകരിച്ചിരിക്കുന്നത്. വർണാഭമായ ഉദ്ഘാടന പരിപാടികൾക്കൊപ്പം ഐ.എം വിജയന്റെ ടീമും റെസ്റ്റ് ഓഫ് കേരള ടീമും തമ്മിലുള്ള ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
Adjust Story Font
16

