Quantcast

നിയമസഭാ തെരഞ്ഞെടുപ്പ്: കോട്ടയത്ത് ആറ് സീറ്റുകളിൽ വിജയം ഉറപ്പെന്ന് സിപിഎം; പാലായിൽ ജോസ് കെ മാണി ജയിക്കുമെന്നും വിലയിരുത്തൽ

പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടാകുമെന്നും സിപിഎം കണക്കുകൂട്ടുന്നു

MediaOne Logo

Web Desk

  • Published:

    11 April 2026 4:54 PM IST

നിയമസഭാ തെരഞ്ഞെടുപ്പ്: കോട്ടയത്ത് ആറ് സീറ്റുകളിൽ വിജയം ഉറപ്പെന്ന് സിപിഎം; പാലായിൽ ജോസ് കെ മാണി ജയിക്കുമെന്നും വിലയിരുത്തൽ
X

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ എൽഡിഎഫിന് ആറ് സീറ്റ് ലഭിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. ജില്ലയിലെ ആകെ സീറ്റുകളിൽ ആറെണ്ണത്തിൽ വിജയിക്കാനാകുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. ബൂത്ത് തലത്തിൽ നിന്നുള്ള വിവരങ്ങൾ ക്രോഡീകരിച്ചാണ് പാർട്ടി ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. നിലവിൽ കൈവശമുള്ള അഞ്ച് സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം പാലായിൽ ജോസ് കെ മാണി വിജയിക്കുമെന്നും പാർട്ടി കണക്കുകൂട്ടൽ.

കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി 6,000 മുതൽ 8,000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് പാർട്ടി വിശ്വസിക്കുന്നത്. ഷോൺ ജോർജിന്റെ സാന്നിധ്യം മൂലം മണ്ഡലത്തിൽ ഉണ്ടായ ത്രികോണ മത്സരം ഇടതുപക്ഷത്തിന് അനുകൂലമായ ഘടകമാണെന്നും ജില്ലാ നേതൃത്വം വിലയിരുത്തുന്നു.

അതേസമയം, പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടാകുമെന്നാണ് സിപിഎം പറയുന്നത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ലഭിച്ച 35,000ത്തിന് മുകളിലുള്ള ഭൂരിപക്ഷം ഇത്തവണ ആവർത്തിക്കില്ലെന്നും അത് 20,000ത്തിന് താഴേക്ക് പോകുമെന്നുമാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ചാണ്ടി ഉമ്മന്റെ വ്യത്യസ്തമായ പ്രചാരണ രീതികൾ വോട്ടായി മാറില്ലെന്നും രാഷ്ട്രീയമായ മത്സരം മണ്ഡലത്തിൽ നടന്നിട്ടുണ്ടെന്നും പാർട്ടി കരുതുന്നു.

മറ്റു മണ്ഡലങ്ങളായ ഏറ്റുമാനൂരിൽ മന്ത്രി വി.എൻ. വാസവന്റെ ജനകീയത വിജയമുറപ്പിക്കുമെന്ന് പാർട്ടി വിലയിരുത്തുന്നു. കോൺഗ്രസ് ചിഹ്നത്തിൽ സ്ഥാനാർഥി വന്നത് യുഡിഎഫ് ക്യാമ്പിൽ ആവേശം ഉണ്ടാക്കിയെങ്കിലും വാസവനെ മറികടക്കാൻ അത് മതിയാകില്ലെന്നാണ് കണക്കുകൂട്ടൽ. കൂടാതെ വൈക്കം മണ്ഡലം നിലനിർത്തുമെന്നും കടുത്തുരുത്തിയിൽ അട്ടിമറി വിജയത്തിന് സാധ്യതയുണ്ടെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു.

TAGS :

Next Story