Quantcast

കുഞ്ഞമ്മേനെയൊന്നും അറിയില്ലെന്ന് ആദ്യം; കണ്ടിട്ടും കേട്ടിട്ടുമില്ലെന്ന് മാധ്യമങ്ങളോട്, പിന്നാലെ തിരുത്തലുമായി കെ.സുധാകരൻ -വീഡിയോ

പ്രവർത്തകർക്ക് പ്രതിസന്ധിയുണ്ടാകുമ്പോൾ അവർക്കൊപ്പം നിൽക്കേണ്ടത് തന്‍റെ കടമയാണെന്നും, ശ്രീനാദേവിയുടെ കാര്യത്തിലും ഇതേ നിലപാടാണുള്ളതെന്നും സുധാകരൻ

MediaOne Logo

Web Desk

  • Published:

    5 Nov 2026 10:14 PM IST

കുഞ്ഞമ്മേനെയൊന്നും അറിയില്ലെന്ന് ആദ്യം; കണ്ടിട്ടും കേട്ടിട്ടുമില്ലെന്ന് മാധ്യമങ്ങളോട്, പിന്നാലെ തിരുത്തലുമായി കെ.സുധാകരൻ -വീഡിയോ
X

കണ്ണൂർ: അടൂരിലെ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ അറിയില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെ.സുധാകരൻ എംപി. ശ്രീനാദേവി കോൺഗ്രസിലേക്ക് കടന്നുവന്നത് തന്‍റെ ക്ഷണപ്രകാരമാണെന്നും മാധ്യമപ്രവർത്തകൻ ശ്രീനാദേവിയെകുറിച്ച് ചോദിച്ചത് തന്‍റെ ശ്രദ്ധയിൽ പെട്ടില്ലെന്നും സുധാകരൻ എംപി സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി. തന്‍റെ മറുപടി വ്യാഖ്യാനിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. നേരത്തെ, അടൂരിലെ പൊലീസ് സ്റ്റേഷനിൽ കയറിയുള്ള ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രകടനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട്, തനിക്കൊരു കുഞ്ഞമ്മയേയും അറിയില്ലെന്നായിരുന്നു മുതിർന്ന നേതാവിന്‍റെ പ്രതികരണം.

'പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകരോടും പൊതുജനങ്ങളോടും എനിക്ക് ഒരു കാര്യം വ്യക്തമായി പറയാനുണ്ട്. ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ ശ്രീമതി ശ്രീനാദേവി കുഞ്ഞമ്മയെ കുറിച്ച് ഞാൻ നടത്തിയ പരാമർശം ചിലരിൽ തെറ്റിദ്ധാരണകൾക്ക് ഇടയാക്കിയതായി മനസ്സിലാക്കുന്നു. തെറ്റിദ്ധാരണകൾ തിരുത്തുന്നതിനും യാഥാർഥ്യം വ്യക്തമാക്കുന്നതിനുമാണ് വീണ്ടും ഈ വീഡിയോ. ശ്രീനാദേവി കുഞ്ഞമ്മയെ എനിക്കറിയില്ലെന്ന തരത്തിലുള്ള പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണ്. അവർ കോൺഗ്രസിലേക്ക് കടന്നുവന്നത് എന്റെ ക്ഷണപ്രകാരമാണ്. കെപിസിസി പ്രസിഡന്റായിരുന്ന കാലത്ത് സിപിഐയിൽ നിന്ന് ശക്തയായ ഒരു പോരാളിയായ ശ്രീനാദേവി കുഞ്ഞമ്മയെ കോൺഗ്രസിലേക്ക് ക്ഷണിച്ചു കൊണ്ടുവന്നത് ഞാനാണ്. പിന്നീടവർ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു എന്നതാണ് സത്യം. ഇന്ന് മാധ്യമപ്രവർത്തകർ എന്നോട് കുഞ്ഞമ്മയെ അറിയുമോ എന്ന് ചോദിച്ചപ്പോൾ കെപിസിസിയുടെ നേതൃത്വവുമായുള്ള ഗൗരവമായ ചർച്ചകളിലായിരുന്നു. എന്റെ ശ്രദ്ധ പെട്ടെന്ന് പേര് മാത്രം കേട്ടപ്പോൾ ആ ചോദ്യം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.' സുധാകരൻ വ്യക്തമാക്കി.

അതിനെ അതിനെ എന്റെ മറുപടിയായി വ്യാഖ്യാനിച്ച് തെറ്റായ ധാരണകൾ സൃഷ്ടിക്കുന്നത് ശരിയല്ല. ഒരു കാര്യം ഞാൻ ഉറച്ച ശബ്ദത്തിൽ പറയട്ടെ, കേരളത്തിലെ കോൺഗ്രസിന്റെ ഓരോ പ്രവർത്തകനെയും ചേർത്തുപിടിച്ചിട്ടുള്ള രാഷ്ട്രീയ പ്രവർത്തകനാണ് ഞാൻ. എന്നെ കെ. സുധാകരൻ ആക്കിയത് എന്റെ പ്രിയപ്പെട്ട പ്രവർത്തകരാണ്. അവരുടെ വിയർപ്പും ത്യാഗവും പോരാട്ടവുമാണ് എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ കരുത്ത്. ആ പ്രവർത്തകർക്ക് ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ അവർക്കൊപ്പം നിൽക്കേണ്ടത് എന്റെ കടമയാണ്. അതൊരു കോൺഗ്രസ് പാർട്ടിയുടെയും പാർട്ടിയിലെ ഓരോ നേതാവിന്റെയും ഉത്തരവാദിത്തമാണ്. എന്റെ രാഷ്ട്രീയ ജീവിതത്തിൽ എത്രയോ സഹപ്രവർത്തകരെയാണ് എനിക്ക് നഷ്ടപ്പെട്ടിട്ടുള്ളത്. എന്റെ ഇടതും വലതും നിന്ന് പോരാടിയ സഹോദരങ്ങളെയാണ് സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് കീഴായി നഷ്ടപ്പെട്ടത്. അവരുടെ ജീവന്റെ വില എത്രത്തോളമാണെന്ന് മറ്റാരെക്കാളും നന്നായി അറിയുന്ന ഒരാളാണ് ഞാൻ. ഒരു കോൺഗ്രസ് പ്രവർത്തകയെയോ പ്രവർത്തകനെയോ അവരുടെ പ്രതിസന്ധിയുടെ സമയത്ത് കൈവിടുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് എന്നെ മനസ്സിലാക്കാത്തത് കൊണ്ട് മാത്രമാണ്.

പ്രവർത്തകരെ ഞാൻ ഒരിക്കലും തള്ളിപ്പറയില്ല. അവരുടെ ആത്മാഭിമാനത്തിന് മുറിവേൽക്കുന്ന ഒരു നിലപാടും എന്റെ ഭാഗത്തുനിന്നുണ്ടാകില്ല. ശ്രീനാദേവി കുഞ്ഞമ്മയുടെ കാര്യത്തിലും എന്റെ നിലപാട് വ്യക്തമാണ്. അവരെ കോൺഗ്രസിലേക്ക് ക്ഷണിച്ചു കൊണ്ടുവന്നത് ഞാൻ ആണ്. അവരുടെ രാഷ്ട്രീയ യാത്രയെക്കുറിച്ച് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. അതുകൊണ്ട് ഈ വിഷയത്തിൽ ഉണ്ടായിട്ടുള്ള എല്ലാ തെറ്റിദ്ധാരണകളും അവസാനിപ്പിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. പ്രതിസന്ധികളിൽ അവർക്കൊപ്പം. പോരാട്ടങ്ങളിൽ അവർക്കൊപ്പം. നീതിക്ക് വേണ്ടിയുള്ള അവരുടെ ഓരോ നിലവിളിക്കൊപ്പം ഞാൻ ഉണ്ടാകും. അത് വെറുമൊരു വാക്കല്ല, എന്റെ രാഷ്ട്രീയ ജീവിതം കൊണ്ട് ഞാൻ തെളിയിച്ചിട്ടുള്ള എന്റെ നിലപാടാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.

Video:

TAGS :

Next Story