'പ്രിയപ്പെട്ടവരുടെ ചങ്കുപിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ തലയുയർത്തി നിൽക്കും'; സ്ഥാനാർഥി നിർണയത്തിലെ അതൃപ്തിക്കിടെ വൈകാരിക പോസ്റ്റുമായി കെ.സുധാകരൻ
''എന്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല''

- Updated:
2026-03-13 06:42:57.0

കണ്ണൂർ: നിയസഭാ സ്ഥാനാർഥി നിർണയത്തിലെ അതൃപ്തി പരസ്യമാക്കി കെ.സുധാകരൻ. കണ്ണൂരിൽ മത്സരിക്കണമെന്ന ആവശ്യം നേതൃത്വം അംഗീകരിക്കാത്തതിനെ തുടർന്ന് സുധാകരൻ കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ത്യാഗങ്ങൾ ചൂണ്ടിക്കാട്ടി സുധാകരന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.
കണ്ണൂർ എന്നത് തന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ താൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്യൂണിസ്റ്റ് കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നി്ൽക്കാൻ തനിക്കൊരിക്കലും സാധിക്കില്ല.
താൻ ഉണരുമ്പോൾ തന്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്. താൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ തന്റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്. കണ്ണൂർ ഹൃദയരക്തം ഇറ്റുവീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസുകാരുടെത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ പതാക നെഞ്ചിലേറ്റി കെ.സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. തന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, തന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കുപിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ.സുധാകരൻ തലയുയർത്തി നിൽക്കും.
തന്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ തന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. തന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. താൻ അറിയാത്ത കണ്ണൂരില്ല, തന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ തനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണെന്നും സുധാകരൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
Adjust Story Font
16
