Quantcast

'ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എഴുന്നേറ്റ് നിൽക്കണം'; വിവാദമായതോടെ സർക്കുലർ പിൻവലിച്ച് കാലടി സർവകലാശാല

ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ശങ്കരജയന്തി ദിനാഘോഷത്തിൽ പങ്കെടുക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ അർലേക്കർ എത്തുന്നതുമായി ബന്ധപ്പെട്ടാണ് യൂണിവേഴ്സിറ്റി വിവാദമായ സർക്കുല‍ർ പുറത്തിറക്കിയത്

MediaOne Logo

Web Desk

  • Updated:

    2026-04-19 10:42:42.0

Published:

19 April 2026 3:04 PM IST

ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എഴുന്നേറ്റ് നിൽക്കണം; വിവാദമായതോടെ സർക്കുലർ പിൻവലിച്ച് കാലടി സർവകലാശാല
X

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് വിസി പുറപ്പെടുവിച്ച വിചിത്ര നിർദേശങ്ങൾ അടങ്ങിയ സർക്കുലർ വിവാദമായതിനെ തുടർന്ന് പിൻവലിച്ചു. വിദ്യാർഥികളുടേയും അധ്യാപകരുടേയും ഭാ​ഗത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർക്കുലർ പിൻവലിച്ചത്. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ശങ്കരജയന്തി ദിനാഘോഷത്തിൽ പങ്കെടുക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ അർലേക്കർ എത്തുന്നതുമായി ബന്ധപ്പെട്ടാണ് വിവാദമായ സർക്കുല‍ർ പുറത്തിറക്കിയത്.

ഗവർണർ എത്തുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണം. ചടങ്ങ് തീരുന്നത് വരെ അനാവശ്യ ചലനങ്ങൾ പാടില്ല. പ്രസം​ഗശേഷം നിയന്ത്രിത കയ്യടി എന്നൊക്കെയാണ് വിസിയുടെ നിർദേശ പ്രകാരം അസിസ്റ്റന്റ് രജിസ്ട്രാർ ഒപ്പിട്ട സര്ഡക്കുലറിൽ ഉണ്ടായിരുന്നത്. ഗവർണർ മടങ്ങുന്നത് വരെ ആരും ഹാൾ വിട്ട് പുറത്തുപോകാൻ പാടില്ല. മൊബൈൽ ഫോണുകൾ നിർബന്ധമായും സൈലന്റ് മോഡിലാക്കണം. അനുവാദമില്ലാതെ ഗവർണറുടെ അടുത്തേക്കോ വേദിയിലേക്കോ പ്രവേശിക്കാൻ പാടില്ല എന്നും നിർദേശങ്ങളുണ്ടായിരുന്നു. പഴയ സർക്കുലർ പിൻവലിച്ച് പുതിയ സർക്കുലർ സർവകലാശാല പുറത്തിറക്കിയിട്ടുണ്ട്. ​ഗവർണർ വേദിയിലേക്ക് വരുമ്പോഴും പോവുമ്പോഴും എഴുന്നേറ്റ് നിന്ന് കയ്യടിക്കണം എന്നിങ്ങനെ വിവാ​​ദമായ പല നിർദേശങ്ങളും പുതിയ സർക്കുലറിൽ ഇല്ല.

സർവകലാശാലയിലെ എല്ലാ വകുപ്പുകൾക്കും നൽകിയ ഈ സർക്കുലറിനെതിരെ അധ്യാപകരും വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തി. ജനാധിപത്യപരമായ മര്യാദകൾ ലംഘിക്കുന്ന നിർദേശങ്ങളാണിവ എന്ന വിമർശനം ഉയർന്നതോടെ യൂണിവേഴ്സിറ്റി സർക്കുലർ പിൻവലിക്കുകയായിരുന്നു.

TAGS :

Next Story