കണ്ണൂരിൽ യുവാവിനെ കുളത്തിലെറിഞ്ഞ് കൊന്ന കേസ്: സുഹൃത്തുക്കൾ പിടിയിൽ
കഴിഞ്ഞ മാസം 25നാണ് പടിഞ്ഞാറെ കവല സ്വദേശി പ്രജുവലിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

കണ്ണൂർ: കണ്ണൂർ നടുവിലിൽ യുവാവിനെ കുളത്തിൽ എറിഞ്ഞ് കൊന്ന കേസിൽ സുഹൃത്തുക്കളായ രണ്ടു പേർ അറസ്റ്റിൽ. നിരവധി കേസുകളിലടക്കം പ്രതിയായ പോത്ത്കുണ്ട് സ്വദേശി മിഥ്‌ലാജും ഷാക്കിറുമാണ് പിടിയിലായത്. കഴിഞ്ഞ മാസം 25നാണ് പടിഞ്ഞാറെ കവല സ്വദേശി പ്രജുവലിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നടുവിൽ എരോടിയിലെ കുളത്തിൽ പ്രജുലിൻ്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. കുളക്കരയിൽ കണ്ടെത്തിയ ഭക്ഷണാവശിഷ്ടങ്ങളാണ് വഴിത്തിരിവായത്. നീന്തലറിയാവുന്ന പ്രജുവൽ കുളത്തിൽ വീണ് മരിക്കില്ലെന്നതും നിർണായകമായി.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൂന്നു പേരും മദ്യപിച്ച് നടക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇതിനൊപ്പം മൃതദേഹം കണ്ടെത്തിയ കുളത്തിൻ്റെ മേഖലയിൽ പ്രതികളുടെ മൊബൈൽ സാന്നിധ്യവും സ്ഥിരീകരിക്കപ്പെട്ടതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്.
കുളക്കരയിലെ മദ്യപാനത്തിനൊടുവിൽ മൂവരും തമ്മിൽ കശപിശ നടന്നു. ഇതിനൊടുവിൽ മിഥ്ലാജും ഷാക്കിറും ചേർന്ന് പ്രജുലിനെ എടുത്ത് കുളത്തിൽ എറിയുകയായിരുന്നു. മാസങ്ങൾക്ക് മുൻപ് എക്സൈസ് കഞ്ചാവ് കേസിൽ മിഥ്ലാജിനെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക ശ്രമം പൊലീസിനെ ആക്രമിക്കൽ അടക്കമുള്ള പത്തോളം കേസുകളിൽ പ്രതിയാണ് ഒളിവിൽ കഴിയുന്നതിനിടെ പിടിയിലായ ഷാക്കിറെന്നും പൊലീസ് അറിയിച്ചു.
Adjust Story Font
16

