Quantcast

കരുവന്നൂർ കള്ളപ്പണക്കേസ്: 'കുറ്റപത്രം രാഷ്ട്രീയപ്രേരിതം, പാര്‍ട്ടിക്കോ നേതാക്കള്‍ക്കോ ബന്ധമില്ല'; എം.വി ​ഗോവിന്ദൻ

'നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് കുറ്റപത്രം സമർപ്പിച്ചത് ഗൂഢാലോചനയാണ്'

MediaOne Logo

Web Desk

  • Published:

    26 May 2025 2:58 PM IST

കരുവന്നൂർ കള്ളപ്പണക്കേസ്: കുറ്റപത്രം രാഷ്ട്രീയപ്രേരിതം, പാര്‍ട്ടിക്കോ നേതാക്കള്‍ക്കോ ബന്ധമില്ല; എം.വി ​ഗോവിന്ദൻ
X

കണ്ണൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ ബോധപൂർവമായ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇഡി നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് കുറ്റപത്രം സമർപ്പിച്ചത് ഗൂഢാലോചനയാണെന്നും രാഷ്ട്രീയപരമായും നിയമപരമായും ഇഡി കേസിനെ നേരിടുമെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു.

പാർട്ടിക്കും സർക്കാരിനും ഒരു ചുക്കും സംഭവിക്കില്ലെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. സിപിഎമ്മിനെ ഒരു പ്രതിയാക്കി കളയാം എന്ന ധാരണയോടുകൂടെ ഇഡി മുന്നോട്ടുവന്നിരിക്കുകയാണ്. മുൻപും ഇഡി 193 കേസെടുത്തു. രണ്ട് കേസുകളിലാണ് ശിക്ഷിക്കപ്പെട്ടത്. തൃശൂരിൽ തെറ്റായ നിലപാട് സ്വീകരിച്ച ഒരാളെയും സിപിഎം വെറുതെ വിട്ടിട്ടില്ല. സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്താമെന്നാണ് കരുതുന്നത് എങ്കിൽ അത് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും. ഇഡിയുടെ കണ്ടെത്തൽ ആരാണ് അംഗീകരിക്കുന്നത്. രാഷ്ട്രീയ ഗൂഡാലോചന തിരിച്ചറിയാനുള്ള കഴിവ് കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിൽ സിപിഎമ്മിനെ കുരുക്കിലാക്കിയാണ് ഇഡി ഇന്ന് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. മൂന്ന് സിപിഎം മുൻ ജില്ലാ സെക്രട്ടറിമാരാണ് പ്രതികൾ. പാർട്ടിയെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ.രാധാകൃഷ്ണൻ, എ.സി മൊയ്തീൻ, എം.എം വർഗീസ് തുടങ്ങിയ സിപിഎം നേതാക്കളെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. സിപിഎം പാർട്ടി കേസിൽ 68-ാം പ്രതിയാണ്.

അന്വേഷണ ഉദ്യോഗസ്ഥനായ നിർമ്മൽ കുമാർ മോഷ കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അന്തിമ കുറ്റപത്രത്തിൽ പുതുതായി 27 പ്രതികൾ കൂടിയുണ്ട്. ഇതോടെ കേസിൽ ആകെ പ്രതികൾ 83 ആയി. പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചുവെന്നാണ് ഇഡി ആരോപിക്കുന്നത്. 128 കോടിയാണ് പ്രതികളുടെ സ്വത്തുക്കളിൽ നിന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.

TAGS :

Next Story