Quantcast

കരുവന്നൂർ ബാങ്ക് തട്ടിപ്പ്;'പാത്രത്തിലെ ചോറിൽ കറുത്ത വറ്റ് ഉണ്ടെങ്കിൽ അത് എടുത്ത് മാറ്റുകയാണ് വേണ്ടത്': മുഖ്യമന്ത്രി

കരുവന്നൂർ ലാഘവത്തോടെയല്ല ഗൗരവമായിട്ടാണ് കണ്ടതെന്നും വേട്ടയാടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-09-27 13:36:37.0

Published:

27 Sep 2023 1:19 PM GMT

കരുവന്നൂർ ബാങ്ക് തട്ടിപ്പ്;പാത്രത്തിലെ ചോറിൽ കറുത്ത വറ്റ് ഉണ്ടെങ്കിൽ അത് എടുത്ത് മാറ്റുകയാണ് വേണ്ടത്: മുഖ്യമന്ത്രി
X

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പാത്രത്തിലെ ചോറിൽ കറുത്ത വറ്റ് ഉണ്ടെങ്കിൽ അത് എടുത്ത് മാറ്റുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഴിവിട്ട് സഞ്ചരിച്ചവർ ഉണ്ടെങ്കിൽ നടപടി വേണം. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ മേഖല ചിലർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതിനെ തകർക്കുകയാണ് ലക്ഷ്യം. നോട്ട് നിരോധന സമയത്ത് തുടങ്ങിയതാണിതെന്നും സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ മേഖലയെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ ലാഘവത്തോടെയല്ല ഗൗരവമായിട്ടാണ് കണ്ടതെന്നും വേട്ടയാടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ലോകസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇഡി വരുന്നത്. പ്രത്യേക ലക്ഷ്യം വെച്ചാണ് ഇ.ഡി വന്നെതെന്നും പറഞ്ഞ അദ്ദേഹം നിക്ഷേപകരെ സംരക്ഷിക്കുമെന്നും കൂട്ടിച്ചേർത്തു. ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വസ്തുതകള്‍ പുറത്ത് കൊണ്ടുവരുമെന്നും അതുവരെ കാത്തിരിക്കാം എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം .

സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ എപ്പോഴും ശ്രമിക്കാറുണ്ടെന്നും ഇതിനായി നടത്തുന്ന ജന സദസ് പദ്ധതിയിൽ ഉയരുന്ന പ്രശ്നങ്ങൾ പരിഹരിക്കൽ എല്ലാം ഗൗരവമായി കാണേണ്ടതാണെന്നും ഇതിൽ മന്ത്രിസഭ ആകെ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദേശീയ പാത , മലയോര , തീരദേശ ഹൈവേ, പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികളും പരിശോധിക്കും. കോവളം മുതൽ ബേക്കൽ വരെയുള്ള ഉള്‍നാടൻ ജലഗതാഗതവും മാലിന്യമുക്ത കേരളം എന്നിവയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളും സ്വീകരിക്കേണ്ടവയും വിശകലനം ചെയ്യും. ഇതിനോടൊപ്പം ഓരോ ജില്ലയിലെയും പ്രശ്നങ്ങള്‍ അതത് ജില്ലാ കലക്ടർമാർ കണ്ടെത്തുകയും അത് ചർച്ച ചെയ്യുകയും ചെയ്യും. ഭരണാനുമതി ലഭിക്കാത്ത പദ്ധതികള്‍ക്ക് ഭരണാനുമതി നൽകും. 703 വിഷയങ്ങൾ സംസ്ഥാന തലത്തിൽ പരിഹരിക്കേണ്ടതുണ്ട്. തീരദേശ മാലിന്യ നിർമാർജന പദ്ധതികള്‍ക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതോടൊപ്പം കേരളത്തിലെ അതി ദരിദ്ര വിഭാഗത്തിൽപ്പെടുന്ന കുടുംബങ്ങളെ 2025 നവംബറിന് മുൻപ് ദാരിദ്ര മുക്തമാക്കാൻ പദ്ധതിയിട്ടുണ്ട്. തിരുവനന്തപുരത്ത് 7278, കൊല്ലത്ത് 4461, പത്തനംതിട്ടയിൽ 2579 കുടുംബങ്ങളാണ് അതിദരിദ്ര കുടുംബങ്ങളുടെ കണക്കിലുള്ളത്. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി നടത്തിയ മനസോട് ഇത്തിരി മണ്ണിന്‍റെ കാമ്പയിന്‍ ശക്തമാക്കും.

മുതലപ്പുഴിയിലെ പഠന റിപ്പോർട്ട് വേഗത്തിൽ ലഭ്യമാക്കും. ഡ്രഡ്ജിങ് വേഗത്തിലാക്കും. തെക്ക് ഭാഗത്ത് അടഞ്ഞ് കിടക്കുന്ന മണ്ണ് നീക്കം ചെയ്യും.

കേരളീയം 41 വേദികളിൽ 19 എക്സിബിഷൻ ഉണ്ടാകും. മണിപ്പൂരിലുള്ള വിദ്യാർത്ഥികൾക്ക് കണ്ണൂർ സർവ്വകലാശാലയിൽ തുടർപഠനത്തിന് സൗകര്യമൊരുക്കും. സർട്ടിഫിക്കറ്റ് അടക്കം നഷ്ടപ്പെട്ടവർക്കാണ് പഠനാശ്രയം നൽകിയത്. ഇവർ കോഴ്സ് പൂർത്തിയാക്കുന്നതിന് മുൻപ് സർട്ടിഫിക്കറ്റ് നൽകിയാൽ മതി.

TAGS :

Next Story