Quantcast

പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്യും; കാട്ടാക്കട ക്രിസ്ത്യൻ കോളജ് തെരഞ്ഞെടുപ്പ് വിവാദത്തിൽ കർശന നടപടികളുമായി സർവകലാശാല

പ്രിൻസിപ്പൽ ഡോ. ജി ജെ ഷൈജുവിനെ സസ്‌പെൻഡ് ചെയ്യാൻ ആവശ്യപ്പെട്ട് നാളെ സർവകലാശാല ക്രിസ്ത്യൻ കോളജിന് കത്ത് നൽകും.

MediaOne Logo

Web Desk

  • Published:

    21 May 2023 1:18 AM GMT

പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്യും; കാട്ടാക്കട ക്രിസ്ത്യൻ കോളജ് തെരഞ്ഞെടുപ്പ് വിവാദത്തിൽ കർശന നടപടികളുമായി സർവകലാശാല
X

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജ് തെരഞ്ഞെടുപ്പ് വിവാദത്തിൽ തുടർനടപടികൾ വേഗത്തിലാക്കാൻ കേരള സർവകലാശാല. പ്രിൻസിപ്പൽ ഡോ. ജി ജെ ഷൈജുവിനെ സസ്‌പെൻഡ് ചെയ്യാൻ ആവശ്യപ്പെട്ട് കോളജ് മാനേജ്‌മെന്റിന് ഉടൻ കത്ത് നൽകും. സർവകലാശാല നിർദേശപ്രകാരം അധ്യാപകനെതിരെ നടപടിയെടുക്കാനാണ് കോളജ് അധികൃതരുടെയും നീക്കം.

സർവകലാശാലയ്ക്ക് കളങ്കമേൽപ്പിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാൻ കഴിയില്ല എന്ന് കാട്ടിയാണ് തെരഞ്ഞെടുപ്പ് വിവാദത്തിൽ കടുത്ത നടപടി ഉണ്ടായത്. ഡോ. ജി ജെ ഷൈജുവിനെ സസ്‌പെൻഡ് ചെയ്യാൻ ആവശ്യപ്പെട്ട് നാളെ സർവകലാശാല ക്രിസ്ത്യൻ കോളേജിന് കത്ത് നൽകും. നടപടി എടുത്താലും ഇല്ലെങ്കിലും ഉടൻ മറുപടി നൽകണമെന്ന നിർദേശം കൂടി ഉൾപ്പെടുത്തിയാകും കത്ത് കൈമാറുക. അച്ചടക്ക നടപടി സ്വീകരിക്കുന്നില്ല എന്നാണ് നിലപാടെങ്കിൽ അഫിലിയേഷൻ റദ്ദാക്കുമെന്ന മുന്നറിയിപ്പ് വി.സി ഇന്നലെ കോളജിന് നൽകിയിരുന്നു. ഇതിന് വഴങ്ങി കത്ത് ലഭിച്ചാൽ ഉടൻ ഷൈജുവിനെ സസ്‌പെൻഡ് ചെയ്യാൻ തന്നെയാണ് കോളജ് അധികൃതരുടെ നീക്കം. ശേഷം അച്ചടക്ക നടപടി സ്വീകരിച്ചു എന്ന് കാട്ടി സർവകലാശാലയ്ക്ക് മറുപടി നൽകും.

ഷൈജുവിനും വിശാഖിനും എതിരായ നിയമനടപടിയും വേഗത്തിൽ മുന്നോട്ടു കൊണ്ടുപോവുകയാണ് സർവകലാശാല. കന്റോൻമെന്റ്, കാട്ടാക്കട പൊലീസ് സ്റ്റേഷനുകളിൽ നാളെ പരാതി നൽകും. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന തുടങ്ങിയ ക്രിമിനൽകുറ്റങ്ങൾ ആരോപിച്ചാകും പരാതി. മറ്റു കോളജുകളിലെ യു.യു.സി മാരുടെ ലിസ്റ്റും ഈ ആഴ്ച തന്നെ ശേഖരിക്കും. സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന്റെ റിട്ടേണിങ് ഓഫീസറായ രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥർലരാകും ലിസ്റ്റ് പരിശോധിക്കുക. അതിനുശേഷം മാത്രമേ യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിക്കുകയുള്ളൂ.

TAGS :

Next Story