Quantcast

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാർ കേരളത്തിന് അപമാനം; ഗണവേഷം കെട്ടി ശാഖകളിൽ ഗണഗീതം പാടുന്നതാണ് ഇവർക്ക് നല്ലത്: കെ.സി വേണുഗോപാൽ

സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയും മതനിരപേക്ഷ ബോധ്യങ്ങളെ ബലി കഴിക്കുകയും ചെയ്ത ആർഎസ്എസ് ചിന്ത തലച്ചോറിൽ പേറുന്നവർ, മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാൻ യോഗ്യരല്ലെന്നും വേണു​ഗോപാൽ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    15 Jun 2026 12:12 PM IST

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാർ കേരളത്തിന് അപമാനം; ഗണവേഷം കെട്ടി ശാഖകളിൽ ഗണഗീതം പാടുന്നതാണ് ഇവർക്ക് നല്ലത്: കെ.സി വേണുഗോപാൽ
X

കോഴിക്കോട്: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാർക്ക് എതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. അക്കാദമിക് മികവും മതനിരപേക്ഷ ബോധ്യവും ജനാധിപത്യ സ്വഭാവവുമുള്ള കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആർഎസ്എസിന്റെ കൂടാരത്തിലേക്ക് പറിച്ചുനടാൻ ശ്രമം തുടങ്ങിയിട്ട് കാലം കുറേയായി. ഇതിനായി ആർഎസ്എസ് മേധാവിക്ക് മുന്നിൽ ചൂട്ടുപിടിച്ച് വഴി കാണിച്ചുകൊടുക്കുന്നത്, അതേ ഉന്നത വിദ്യാഭ്യാസ മേഖലയെ നിഷ്പക്ഷ, മതേതര നിലപാടിലേക്ക് നയിക്കേണ്ടവർ തന്നെയാണെന്നത് ഈ നാടിന് തന്നെ അപമാനമാണ്. എക്കാലവും പ്രബുദ്ധ മലയാളികൾ എന്ന് അഭിമാനത്തോടെ പറയുന്ന നമുക്ക്, മൂന്ന് സർവകലാശാലകളിലെ ഈ വൈസ് ചാൻസലർമാർ അപമാനമാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

കപടതയുടെ അക്കാദമിക് കുപ്പായം അഴിച്ചുവെച്ച്, ഗണവേഷം കെട്ടി കുറുവടിയും കൊണ്ട് ആർഎസ്എസ് ശാഖകളിൽ ഗണഗീതം പാടി ശിഷ്ടകാലം ജീവിക്കലാണ് മൂവരും അടിയന്തരമായി ചെയ്യേണ്ടത്. ഈ നാടിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയും മതനിരപേക്ഷ ബോധ്യങ്ങളെ ബലി കഴിക്കുകയും ചെയ്ത ആർഎസ്എസ് ചിന്ത തലച്ചോറിൽ പേറുന്നവർ, മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാൻ ഒരു കണികകൊണ്ടുപോലും യോഗ്യരല്ല. സ്വയം രാജിവെച്ച് ഗവർണറുടെ സംരക്ഷണയിൽ നിന്ന് ആർഎസ്എസ് മേധാവിയുടെ തണലിലേക്ക് ചേക്കേറുകയാണ് മൂവർക്കും നല്ലത്. അതല്ലെങ്കിൽ, ശക്തമായ രാഷ്ട്രബോധം ഉള്ളിൽപ്പേറുന്ന മതേതരവാദികളായ മനുഷ്യരുടെ പ്രതിഷേധം അനുഭവിക്കേണ്ടി വരും.

മോഹൻ ഭാഗവതിന് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുക എന്നതല്ല ഉന്നത പൈതൃകം പേറുന്ന സർവകലാശാലകളുടെ തലപ്പത്തിരിക്കാനുള്ള യോഗ്യത. മികച്ച അക്കാദമിക് പാരമ്പര്യവും മതനിരപേക്ഷ ബോധവും ജനാധിപത്യ വിശ്വാസവും ഭരണഘടനയോടുള്ള കൂറുമാണ് അതിന്റെ ആധാരശില എന്ന് ഓർക്കേണ്ടവർ ഓർക്കണം. ആർഎസ്എസിന് കുഴലൂതുന്ന ഒരു സംസ്‌കാരത്തെ വളരാനോ വളർത്താനോ ഈ നാട് അനുവദിക്കില്ല. എന്ത് വിലകൊടുത്തും സംരക്ഷിക്കേണ്ടുന്ന ഭരണഘടനാ മൂല്യങ്ങളാണ് ഈ നാട് ഉള്ളിൽപ്പേറുന്നത്, അല്ലാതെ, വിഭജനത്തിന്റെ ബ്രിട്ടീഷ് പാരമ്പര്യമുള്ള കപട രാജ്യസ്‌നേഹികളുടെ ചോരയല്ല എന്നും വേണുഗോപാൽ പറഞ്ഞു.

TAGS :

Next Story