Quantcast

പ്രത്യയശാസ്ത്രപരമായി വ്യത്യാസമില്ല, സിപിഎം സിപിഐയില്‍ ലയിക്കണം: കെ.ഇ ഇസ്മായില്‍

സാധ്യമെങ്കിൽ എത്രയും വേഗം ഒന്നിക്കണമെന്നും അതിനായി നേതാക്കൾ ശ്രമിക്കണമെന്നും ഇസ്മായിൽ കൂട്ടിച്ചേർത്തു

MediaOne Logo

Web Desk

  • Published:

    11 Feb 2026 9:54 AM IST

പ്രത്യയശാസ്ത്രപരമായി വ്യത്യാസമില്ല, സിപിഎം സിപിഐയില്‍ ലയിക്കണം: കെ.ഇ ഇസ്മായില്‍
X

പാലക്കാട്: സിപിഎം സിപിഐയില്‍ ലയിക്കണമെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐ നേതാവുമായ കെ.ഇ ഇസ്മായില്‍. പ്രത്യയശാസ്ത്രപരമായി ഇരുപാര്‍ട്ടികളും തമ്മില്‍ വ്യത്യാസമില്ലെന്നും സിപിഐയില്‍ നിന്ന് വിട്ടുപോയ എല്ലാ ഇടതുപക്ഷ പാര്‍ട്ടികളുടെയും പുനരേഖീകരണത്തിനായി നേതാക്കള്‍ മുന്‍കൈയ്യെടുക്കണമെന്നും കെ.ഇ ഇസ്മായില്‍ മീഡിയവണിനോട് പറഞ്ഞു.

'കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണമാണ് ഞങ്ങളുടെ ആഗ്രഹം. അതുകൊണ്ട്, സിപിഎമ്മും സിപിഐയില്‍ നിന്ന് പലപ്പോഴായി വിട്ടുപോയവരും തിരികെ വരണം. ഒരുപാട് പേര് ഇതിനോടകം കടന്നുവന്നിട്ടുണ്ട്. ഞങ്ങള്‍ തമ്മില്‍ എന്താണ് അഭിപ്രായ വ്യത്യാസമുള്ളത്? പ്രത്യയശാസ്ത്രപരമായി ഞങ്ങള്‍ക്കിടയില്‍ ഒരു വ്യത്യാസവുമില്ല. സര്‍ക്കാരിനെ വിലയിരുത്തുന്ന കാര്യത്തിലും ഞങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. ബിജെപി സര്‍ക്കാരിനെ സിപിഎമ്മും സിപിഐയും ഒരുപോലെയാണ് നോക്കിക്കാണുന്നത്. ഒരു കാര്യത്തിലും ഞങ്ങള്‍ക്കിടയില്‍ വ്യത്യാസമില്ല. എന്നിട്ടും, എന്തുകാര്യത്തിനാണ് വേറെയായി തുടരുന്നത്? ഒന്നിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം'. ഇസ്മായില്‍ പറഞ്ഞു.

'ഐക്യത്തിനായി ഒന്നിച്ചിരുന്ന് സംസാരിച്ചോ അല്ലാതെയോ ഒരു പോംവഴി കണ്ടെത്തേണ്ടതുണ്ട്. ഏതെങ്കിലും വഴിയിലൂടെ ഞങ്ങള്‍ ഒന്നിക്കുകയാണെങ്കില്‍ അത് വലിയ ശക്തിയായി മാറും. അങ്ങനെയെങ്കില്‍ മാത്രമേ ആര്‍എസ്എസിനും ബിജെപിക്കുമെതിരായ കരുത്തുറ്റ പോരാട്ടം സാധ്യമാവുകയുള്ളൂ.'

'പണ്ട് സിപിഎമ്മും സിപിഐയും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും കാലം അതെല്ലാം മായ്ച്ചുകളയുകയുണ്ടായി. ലോകസാഹചര്യങ്ങളെ വിലയിരുത്തുന്നത്, ദേശീയ സാഹചര്യങ്ങളെ വിലയിരുത്തുന്നത് തുടങ്ങി ഒരു കാര്യത്തിലും ഞങ്ങള്‍ക്കിടയില്‍ എതിരഭിപ്രായങ്ങളില്ല.' സാധ്യമെങ്കില്‍ എത്രയും വേഗം ഒന്നിക്കണമെന്നും അതിനായി നേതാക്കള്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story