കേരളം ഭരിക്കാൻ പോകുന്നതാര്? ഒടുവിൽ സ്ഥിതി ഇങ്ങനെ
വോട്ടിങ് മെഷീനിലായിക്കഴിഞ്ഞ വോട്ട് കേരളത്തിൽ അട്ടിമറിക്കപ്പെടാനൊന്നും പോകുന്നില്ലെന്ന പ്രബലമായ വിശ്വാസം നമുക്കുണ്ട്. ആ വിശ്വാസത്തിൻറെയും ചില വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ നമുക്ക് ചില ആലോചനകൾ നടത്തിനോക്കാം

കേരളം അടുത്ത അഞ്ചുകൊല്ലം ആര് ഭരിക്കും? എല്ലാവരും ക്ഷമകെട്ട് കാത്തിരിക്കുകയാണ്. ചില സ്‌ട്രോങ് റൂമുകളുടെ കാര്യത്തിൽ സ്‌ട്രോങ് സംശയങ്ങൾക്ക് ഇടനൽകുന്ന കാര്യങ്ങൾ ഇടയ്ക്കുണ്ടായി. എന്നാലും വോട്ടിങ് മെഷീനിലായിക്കഴിഞ്ഞ വോട്ട് കേരളത്തിൽ അട്ടിമറിക്കപ്പെടാനൊന്നും പോകുന്നില്ലെന്ന പ്രബലമായ വിശ്വാസം നമുക്കുണ്ട്. ആ വിശ്വാസത്തിൻറെയും ചില വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ നമുക്ക് ചില ആലോചനകൾ നടത്തിനോക്കാം.
മെയ് നാലിന് പുറത്തുവരാൻ പോകുന്ന തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് എൽഡിഎഫിനും യുഡിഎഫിനും എൻഡിഎയ്ക്കും ചില ധാരണകൾ ഉണ്ട്. അതിൽ ചിലതൊക്കെ വാർത്തകളായി വന്നിട്ടുമുണ്ട്. എൽഡിഎഫിന്റെ രണ്ട് ഊഴങ്ങളിലായുള്ള തേരോട്ടം അവസാനിപ്പിച്ച് നൂറിൽ കൂടുതൽ സീറ്റുമായി ഒരു തരംഗത്തിലേറി അധികാരത്തിലെത്തുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. പുറമേ നൂറിലധികം എന്ന് പറയുമ്പോഴും ഉള്ളാലെ അവർ കണക്കുകൂട്ടുന്നത് പരമാവധി 90 സീറ്റാണ്. എൽഡിഎഫിൽ മുഖ്യമന്ത്രി വോട്ടെടുപ്പിന് ശേഷം പ്രതികരിച്ചിട്ടില്ല. എന്നാൽ എൽഡിഎഫ് അധികാരത്തിൽ തുടരുമെന്ന് നൂറുശതമാനം ഉറപ്പോടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറയുന്നു. എൻഡിഎ ആകട്ടെ, സ്വാഭാവികമായും ഭരണത്തിൽ വരുമെന്ന അവകാശവാദത്തിനില്ല. ഭരണത്തെ തങ്ങൾ നിയന്ത്രിക്കും അഥവാ തൂക്കുസഭ വരികയും ആര് ഭരിക്കണമെന്ന് തങ്ങൾ തീരുമാനിക്കുകയും ചെയ്യും തുടങ്ങിയ ദിവാസ്വപ്നങ്ങളേ അവർക്കുള്ളൂ.
കേരളത്തിന്റെ വടക്കേയറ്റത്തുനിന്ന് ഓരോ ജില്ലയിലൂടെയും കടന്നുപോയാൽ കിട്ടുന്ന ചിത്രം വച്ച് ഇതൊന്ന് താരതമ്യം ചെയ്യാം. ഇത് പ്രവചനമൊന്നുമല്ല. സാധ്യതകളെക്കുറിച്ചുള്ള ആലോചനകളാണ്. ആദ്യം കാസർകോട്. ആകെ അഞ്ച് സീറ്റ്. നിലവിൽ മൂന്നുസീറ്റ് എൽഡിഎഫ്, രണ്ടു സീറ്റ് യുഡിഎഫ്. യുഡിഎഫിന്റെ രണ്ടു സീറ്റും ഒരു നിലയ്ക്കും എൽഡിഎഫിന് കിട്ടുന്നവയല്ല. വടക്കേയറ്റത്തെ മണ്ഡലമായ മഞ്ചേശ്വരം യുഡിഎഫ് നിലനിർത്തുമെന്ന് സ്ഥാനാർഥി അത്രയ്ക്ക് കരളുറപ്പോടെ പറയുന്നു. അതായത് അവിടെ എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ ജയിക്കില്ലെന്ന്. എങ്കിൽ മാറ്റംവരാൻ സാധ്യതയുള്ള മണ്ഡലം ഉദുമ മാത്രമാണ്. പുല്ലൂർ പെരിയ പഞ്ചായത്തിൽ രണ്ടായിരം വോട്ട് ലീഡില്ലെങ്കിൽ ഉദുമ ഇത്തവണ യുഡിഎഫിന് പോകുമെന്നാണ് എൽഡിഎഫിന്റെ തന്നെ വിലയിരുത്തൽ. അങ്ങനെ വന്നാൽ ഇത്തവണ കാസർകോട് യുഡിഎഫ് മൂന്ന്, എൽഡിഎഫ് രണ്ട്.
കണ്ണൂരിൽ ആകെ സീറ്റ് 11. നിലവിൽ ഒമ്പത് സീറ്റും എൽഡിഎഫിന്റെ കയ്യിലാണ്. പേരാവൂരും ഇരിക്കൂറും മാത്രമാണ് യുഡിഎഫിനുള്ളത്. ഇരിക്കൂർ ഉറപ്പിക്കാം, പേരാവൂരിൽ സണ്ണി ജോസഫ് - കെ.കെ ശൈലജ പോരാട്ടം വളരെ കടുത്തതാണ്. കെപിസിസി പ്രസിഡന്റിനെ മറികടന്ന് പേരാവൂരിൽ ശൈലജ വന്നാൽ അത്ഭുതപ്പെടാനില്ല. എന്നാൽ മറ്റൊരുവശത്ത് തളിപ്പറമ്പിൽ പി.കെ ശ്യാമള ടി.കെ ഗോവിന്ദനിൽ നിന്ന് നേരിടുന്നത് കനത്ത വെല്ലുവിളിയാണെന്ന് സൂചനകളുണ്ട്. എന്തായാലും കണ്ണൂർ ജില്ലയുടെ നില ഒമ്പത് എൽഡിഎഫ്, രണ്ട് യുഡിഎഫ് എന്ന നിലയിൽ തുടർന്നേക്കാം. യുഡിഎഫ് ഒന്നിലേക്ക് ചുരുങ്ങാനുള്ള സാധ്യതയും അതിവിദൂരമല്ല.
കോഴിക്കോട് ജില്ലയിൽ ആകെ 13 മണ്ഡലങ്ങൾ. കൊടുവള്ളിയും വടകരയും മാത്രമാണ് യുഡിഎഫിന്റെ കയ്യിലുള്ളത്. അവ നഷ്ടപ്പെടാനുള്ള സാധ്യതയില്ല. ഒപ്പം അഞ്ച് സീറ്റെങ്കിലും യുഡിഎഫ് പക്ഷത്തേക്ക് തിരിയുമെന്നാണ് സൂചനകൾ. അതായത് യുഡിഎഫ്്- 7, എൽഡിഎഫ്- 6.
വയനാട് ജില്ലയിലെ മൂന്ന് സീറ്റുകളിൽ യുഡിഎഫ്- 2, എൽഡിഎഫ്- 1 എന്ന നില തുടരാനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. മൂന്ന് സീറ്റും യുഡിഎഫിന് പോകാനുള്ള സാധ്യത കാണുന്നവരുമുണ്ട്.
ഏറ്റവും കൂടുതൽ സീറ്റുകളുള്ള മലപ്പുറത്ത് 16 സീറ്റിലും യുഡിഎഫ് വിജയിച്ചേക്കുമെന്ന് കരുതുന്നവരുണ്ട്. എൽഡിഎഫിന് ലഭിച്ചാൽ തന്നെ തവനൂരും പൊന്നാനിയും മാത്രം. അതായത് 14 യുഡിഎഫ്, 2 എൽഡിഎഫ്.
പാലക്കാട്ടേക്ക് വന്നാൽ വീണ്ടും എൽഡിഎഫിന്റെ മേൽക്കൈ തെളിയുമോ? ഇത് ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പ്രധാന ചോദ്യമാണ്. 12 സീറ്റുകളിൽ നിലവിൽ അവർക്ക് 10 സീറ്റുണ്ട്. യുഡിഎഫിന് രണ്ടും. ഇത് 6 - 6 എന്ന നിലയിൽ മാറാനുള്ള സാധ്യത മണ്ഡലങ്ങളിൽ നിന്നുള്ള ചർച്ചകൾ ഉയർത്തുന്നു. ചിറ്റൂരും തൃത്താലയും കോങ്ങാടും യുഡിഎഫ് പക്ഷത്തേക്ക് തിരിയുമെന്നാണ് സൂചന. എൻഡിഎ പ്രതീക്ഷകൾ വിഫലമാക്കി പാലക്കാട് യുഡിഎഫ് നിലനിർത്തുകയും ചെയ്യും.
അടുത്ത ജില്ലയും കഴിഞ്ഞപ്രാവശ്യം എൽഡിഎഫ് തേരോട്ടം കണ്ട ജില്ലയാണ്. തൃശൂരിലെ 13 സീറ്റുകളിൽ ചാലക്കുടി മാത്രമാണ് 2021ൽ യുഡിഎഫിന് നേടാൻ കഴിഞ്ഞത്. ഇത്തവണ പക്ഷേ അഞ്ച് സീറ്റെങ്കിലും നേടുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. തൃശൂർ, മണലൂർ, ഇരിങ്ങാലക്കുട, കുന്നംകുളം, ചാലക്കുടി എന്നീ സീറ്റുകളിലാണ് യുഡിഎഫ് പ്രതീക്ഷ. അതായത് തൃശൂർ ജില്ലയിൽ എൽഡിഎഫ് 8, യുഡിഎഫ് 5.
അടുത്തത് എറണാകുളം. പരമ്പരാഗതമായി യുഡിഎഫ് ആധിപത്യമുള്ള ജില്ല. മധ്യകേരളത്തിൽ കോൺഗ്രസിന്റെ നിധികുംഭം. 14 സീറ്റുകളിൽ 11 സീറ്റ് ഏറ്റവും കുറഞ്ഞത് യുഡിഎഫ് പ്രതീക്ഷിക്കുന്നു. അത് സാധ്യവുമാണ്. അതിനാൽ യുഡിഎഫ്- 11, എൽഡിഎഫ്- 3.
ഇടുക്കി ജില്ലയിലെ അഞ്ച് സീറ്റുകളിൽ നാലും കയ്യിലുള്ള എൽഡിഎഫിന് അതിൽ ഒരെണ്ണമെങ്കിലും നിലനിർത്താൻ പ്രയാസമാണെന്നാണ് താഴേക്കിടയിൽ നിന്നുള്ള റിപ്പോർട്ട്. നിലനിർത്തുന്നുണ്ടെങ്കിൽ അത് ഉടുമ്പന്‌ചോലയാണ്. ബാക്കി നാലിലും യുഡിഎഫ് അനുകൂല സാഹചര്യമാണെന്നാണ് റിപ്പോർട്ട്. അതായത്, ഇടുക്കിയിൽ അഞ്ചിൽ 4 യുഡിഎഫ്, 1 എൽഡിഎഫ്.
കേരളാ കോൺഗ്രസ് മാണി വിഭാഗം യുഡിഎഫിലുണ്ടായിരുന്ന കാലത്തോളം കോട്ടയം ജില്ലയിൽ അവർക്കുണ്ടായിരുന്ന മേധാവിത്തം 9 -ൽ 4 എണ്ണം എൽഡിഎഫിന് വിട്ടുകൊടുക്കുന്നതിലേക്ക് പിന്നീട് മാറി. ഇത്തവണ ചങ്ങനാശേരിയും പൂഞ്ഞാറും യുഡിഎഫ് പക്ഷത്തെത്തുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെ വന്നാൽ യുഡിഎഫ്- 6, എൽഡിഎഫ്- 3.
പത്തനംതിട്ട കഴിഞ്ഞ തവണ അഞ്ച് സീറ്റും എൽഡിഎഫ് കയ്യടക്കി. ഇത്തവണ യുഡിഎഫിലെ അബിൻ വർക്കിയുടെയും എൻഡിഎയിലെ കുമ്മനം രാജശേഖരന്റെയും സ്ഥാനാർഥിത്വം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ആറൻമുളയിൽ ഉൾപ്പെടെ എൽഡിഎഫിന്റെ നില ഭദ്രമല്ല. ഒരു യുഡിഎഫ് ട്രെൻഡിൽ അഞ്ചു സീറ്റും ആ പക്ഷത്തേക്ക് നീങ്ങാം.
ആലപ്പുഴയിൽ ആകെയുള്ള 9 സീറ്റിൽ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മാത്രമാണ് കഴിഞ്ഞ എൽഡിഎഫ് തരംഗത്തിൽ യുഡിഎഫിന് കിട്ടിയത്. ഇത്തവണത്തെ രാഷ്ട്രീയചിത്രം അഞ്ച് സീറ്റുകളെങ്കിലും യുഡിഎഫിന് അനുകൂലമാകുന്ന നിലയിലാണ്. യുഡിഎഫ്- 5, എൽഡിഎഫ്- 4.
സംസ്ഥാനം ആരു ഭരിക്കണമെന്നതിൽ നിർണായക സ്ഥാനം വഹിക്കുന്ന കൊല്ലം ജില്ലയ്ക്ക് 11 സീറ്റുണ്ട്. ഇതിൽ കരുനാഗപ്പള്ളിയും കുണ്ടറയും മാത്രമേ നിലവിൽ യുഡിഎഫിന് ഉള്ളൂ. അതിനൊപ്പം 3 സീറ്റുകൂടി യുഡിഎഫ് പക്ഷത്തേക്ക് വരുമെന്നാണ് സാധ്യതാ റിപ്പോർട്ടുകൾ. അതായത് എൽഡിഎഫ്- 6, യുഡിഎഫ്- 5.
ഏറ്റവുമൊടുവിൽ തലസ്ഥാന ജില്ലയിലെ 14 സീറ്റുകൾ. ഒന്നൊഴികെ എല്ലാം എൽഡിഎഫിന്റെ കയ്യിൽ. എൻഡിഎ പ്രതീക്ഷവെക്കുന്ന നാലു മണ്ഡലങ്ങൾ. ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ അട്ടിമറികൾക്ക് വേദിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ജില്ല. എൻഡിഎ രണ്ടു സീറ്റ് നേടുമെന്നാണ് ഏറ്റവും ഒടുവിലത്തെ വിലയിരുത്തൽ. 6 സീറ്റ് യുഡിഎഫിന്റെ പട്ടികയിലുണ്ട്. ബാക്കി 6 സീറ്റ് എൽഡിഎഫും.
ഈ കണക്കുകൾ കൂട്ടിനോക്കുമ്പോൾ കിട്ടുന്ന സംസ്ഥാനചിത്രം ഇതാണ്. ഏറ്റവും കുറഞ്ഞത് 80 സീറ്റുവരെ നേടി യുഡിഎഫ് അധികാരത്തിലെത്താനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. എൽഡിഎഫ് 58 സീറ്റിലേക്ക് ചുരുങ്ങാനും എൻഡിഎ രണ്ടു സീറ്റിൽ പിടിച്ചുകയറാനും സാധ്യതയുണ്ട്.
തുടക്കത്തിൽ പറഞ്ഞതുപോലെ ഇത് ഏറ്റവും കുറഞ്ഞ സാധ്യതകൾ വച്ചുള്ള ആലോചനയാണ്. ഒരു തരംഗം കൊണ്ട് സമ്പൂർണമായി അട്ടിമറിക്കപ്പെടാനും സാധ്യതയുള്ളത്. എല്ലാ കണക്കുകൂട്ടലുകളേയും അപ്രസക്തമാക്കും വിധം കേരളത്തിലെമ്പാടും ജനങ്ങൾ ഒരുപോലെ ചിന്തിക്കുന്ന സാഹചര്യമുണ്ടായാൽ 2001 ഓ, 2021 ഓ ആവർത്തിക്കപ്പെടാം. അപ്പോൾ രാഷ്ട്രീയം പോലും രണ്ടാം സ്ഥാനത്താകും.
Adjust Story Font
16

