Quantcast

കേരള സർവകലാശാല പ്രതിസന്ധിയിൽ വിട്ടുവീഴ്ചക്ക് തയാറാകാതെ വിസി

ജീവനക്കാരെ വിളിച്ചുവരുത്താനും നിർദേശങ്ങൾ നൽകാനും സിൻഡിക്കേറ്റിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തരവിറക്കി

MediaOne Logo

Web Desk

  • Updated:

    2025-08-03 10:51:24.0

Published:

3 Aug 2025 3:45 PM IST

കേരള സർവകലാശാല പ്രതിസന്ധിയിൽ വിട്ടുവീഴ്ചക്ക് തയാറാകാതെ വിസി
X

തിരുവനന്തപുരം: കേരള സർവകലാശാല പ്രതിസന്ധിയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ വിസി. ജീവനക്കാരെ വിളിച്ചുവരുത്താനും നിർദേശങ്ങൾ നൽകാനും സിൻഡിക്കേറ്റിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തരവിറക്കി. സിൻഡിക്കേറ്റ് അംഗങ്ങൾ നൽകുന്ന സമൻസുകൾക്കും നിർദേശങ്ങൾക്കും ജീവനക്കാർ മറുപടി നൽകേണ്ടെന്ന നോട്ടീസാണ് രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ പുറത്തിറക്കിയത്. വിസി മോഹനൻ കുന്നുമ്മലിന്റെ നിർദേശ പ്രകാരമാണ് നടപടി.

കേരള സർവകലാശാലയിൽ പരമാധികാരം തനിക്ക് തന്നെയെന്ന് കാണിക്കാനുള്ള നടപടികളാണ് വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ തുടർച്ചയായി സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സിൻഡിക്കേറ്റിനെതിരായ പുതിയ നീക്കം. സിൻഡിക്കേറ്റ് അംഗങ്ങൾക്ക് സർവകലാശാലയുടെ ഭരണ പ്രവർത്തനങ്ങളിൽ ഇടപെടാൻ കഴിയില്ല എന്നാണ് വിസിയുടെ പുതിയ ഉത്തരവിൽ പറയുന്നത്.

സിൻഡിക്കേറ്റ് അംഗങ്ങൾ ഫയലുകൾ വിളിച്ചുവരുത്താനോ, നിർദ്ദേശം നൽകാനോ പാടില്ലെന്നാണ് പുതിയ ഉത്തരവ്. അംഗങ്ങൾ വൈസ് ചാൻസിലർ അധ്യക്ഷത വഹിക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ മാത്രമേ അധികാരം പ്രയോഗിക്കാൻ പാടുള്ളൂവെന്നും ഉത്തരവിൽ പറയുന്നു. യോഗത്തിന് പുറത്ത് പുറപ്പെടുവിക്കുന്ന തീരുമാനങ്ങൾ നിലനിൽക്കില്ലെന്നും വിസി ചൂണ്ടിക്കാട്ടുന്നുണ്ട്.

അതിനാൽ സിൻഡിക്കേറ്റ് അംഗങ്ങളുടെ സമൻസുകൾക്കും നിർദ്ദേശങ്ങൾക്കും ജീവനക്കാർ മറുപടി നൽകേണ്ട കാര്യമില്ലെന്നും നോട്ടീസിൽ പറയുന്നു. അത്തരത്തിൽ ഇടപെടലുകൾ അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടായാൽ വിസിയെ അറിയിക്കണം. ഇടത് അംഗങ്ങൾ വിളിച്ചുവരുത്തി അധിക്ഷേപിച്ചു എന്ന് കാട്ടി ജീവനക്കാർ നൽകിയ പരാതിയിലാണ് വിസിയുടെ നടപടി.

വൈസ് ചാൻസിലറുടെ നിർദേശ പ്രകാരം രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ ആണ് നോട്ടീസ് ഇറക്കിയത്. അതേസമയം സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർ എ. ശിവപ്രസാദ് സിൻഡിക്കേറ്റിനെ മറികടന്ന് താൽക്കാലിക രജിസ്ട്രാർ ചുമതല നൽകിയും ഉത്തരവിറക്കി.

TAGS :

Next Story