'മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്തു എന്നായിരിക്കും ഉദ്ദേശിച്ചത്'; തരൂരിനെ പരിഹാസത്തോടെ അവഗണിച്ച് മുരളീധരൻ
'ഗസ്സ വിഷയത്തിലെ മോദിയുടെ മൗനത്തെ കുറിച്ചുകൂടി തരൂർ പറയണമായിരുന്നു'

തിരുവനന്തപുരം: മോദി സ്തുതിയിൽ ശശി തരൂരിനെ പരിഹാസത്തെടെ അവഗണിച്ച് കെ.മുരളീധരൻ. യുക്രൈൻ - റഷ്യ വിഷയത്തിലെ ശശി തരൂരിന്‍റെ പരാമർശംമോദി സ്തുതിയായി കാണേണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. 'മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്തു എന്ന സമീപനം മോദി സ്വീകരിച്ചു എന്നാവും തരൂർ ഉദ്ദേശിച്ചിട്ടുണ്ടാവുക. ഗസ്സ വിഷയത്തിലെ മോദിയുടെ മൗനത്തെ കുറിച്ച്കൂടി തരൂർ പറയണമായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു.
കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പുകഴ്ത്തി ശശി തരൂർ എംപി രംഗത്തെത്തിയത്. ഒരേ സമയം റഷ്യക്കും യുക്രൈനും സ്വീകാര്യനായ പ്രധാനമന്ത്രിയാണെന്നാണ് പ്രശംസ. റഷ്യ -യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട മുൻ നിലപാട് തിരുത്തിയാണ് തരൂരിന്റെ പുതിയ പരാമർശം.
2022ൽ താൻ സ്വീകരിച്ച നിലപാട് തെറ്റായിരുന്നെന്നും ശശി തരൂർ പറഞ്ഞു. റഷ്യ- യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇന്ത്യ ഒരു നിലപാടും സ്വീകരിക്കുന്നില്ലന്നായിരുന്നു തരൂരിന്റെ മുൻ വിമർശനം. ഇരു രാജ്യങ്ങളുടെ പ്രസിഡന്റുമാരുമായി സംസാരിച്ചതല്ലാതെ മോദി യാതൊരു നിലപാടും സ്വീകരിക്കുന്നില്ലെന്നും തരൂർ അന്ന് പറഞ്ഞിരുന്നു. ഈ നിലപാട് തെറ്റായിപ്പോയെന്നാണ് തരൂരിന്റെ പുതിയ വാദം.
നേരത്തെ, ട്രംപുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടും തരൂർ മോദിയെ പുകഴ്ത്തിയിരുന്നു. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രശംസയ്ക്ക് പിന്നാലെയായിരുന്നു തരൂരിന്‍റെ വാക്കുകള്‍. 'മോദിയോട് വിലപേശല്‍ എളുപ്പമല്ല. അക്കാര്യത്തില്‍ അദ്ദേഹം എന്നേക്കാളും കടുപ്പക്കാരനും മെച്ചപ്പെട്ടയാളുമാണ്'- എന്നായിരുന്നു ട്രംപിന്‍റെ പുകഴ്ത്തല്‍. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ട്രംപ് അങ്ങനെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ച് പറഞ്ഞെങ്കില്‍, അത് വെറുതെയാവില്ലെന്നായിരുന്നു തരൂരിന്‍റെ മറുപടി. ശുഭമായതെന്തോ സംഭവിച്ചിട്ടുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16


