കാന്തപുരത്തിന്റെ പ്രസ്താവന സംഘ്പരിവാർ ഭീകരതയെ വെള്ളപൂശുന്നത്; കെഎംവൈഎഫ്
''സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സാംസ്കാരികമായും കായികമായും മുസ്‌ലിം ന്യൂനപക്ഷങ്ങൾ അക്രമിക്കപ്പെടുന്ന അപകടകരമായ സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്''

- Published:
17 Feb 2026 4:46 PM IST

തിരുവനന്തപുരം: ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ആശങ്കകൾ ഇല്ലെന്നും സുരക്ഷിതരാണെന്നുമുള്ള കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവന സർക്കാർ പിന്തുണയോടെ നടക്കുന്ന സംഘ്പരിവാർ അക്രമങ്ങളെ വെള്ളപൂശുന്നതാണെന്ന് കേരള മുസ്‌ലിം യൂത്ത് ഫെഡറേഷൻ (കെഎംവൈഎഫ്).
'അന്താരാഷ്ട്ര ഏജൻസികൾ പോലും ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷം നേരിടുന്ന വംശീയ ഭീഷണികളെ കുറിച്ച് ആശങ്കപ്പെടുമ്പോഴാണ് കാന്തപുരത്തിന്റെ പ്രസ്താവന. സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സാംസ്കാരികമായും കായികമായും മുസ്‌ലിം ന്യൂനപക്ഷങ്ങൾ അക്രമിക്കപ്പെടുന്ന അപകടകരമായ സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും വംശീയ ഉന്മൂലനത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനകൾ പരസ്യമായി നിർവഹിക്കുന്നവരാണ്. നിയമനിർമാണങ്ങളിലൂടെ മുസ്‌ലിം വ്യക്തി നിയമങ്ങൾക്ക് മേൽ പച്ചയായ കടന്നുകയറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്.
കാന്തപുരത്തിന്റെ കർമ്മഭൂമിയായ മലബാറിൽ, എസ്ഐആർ മൂലം പൗരത്വം പ്രതിസന്ധിയിലായ വൃദ്ധന്റെ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിരന്തരമായ വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നവർ തന്നെ മോദി ഭരണത്തിൽ മുസ്‌ലിംകൾ സുരക്ഷിതരാണെന്ന വിചിത്രവാദവും ഉന്നയിക്കുന്നുണ്ട്. അത്തരത്തിലുള്ള വിദ്വേഷ പ്രചാരകരുടെ വാദങ്ങളെ ശരിവെക്കുന്നതാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്നും'- സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡണ്ട് ഇലവുപാലം ഷംസുദ്ദീൻ മന്നാനി അധ്യക്ഷത വഹിച്ചു. പനവൂർ സഫീർ ഖാൻ മന്നാനി, സിറാജുദ്ദീൻ അബ്റാരി, കുണ്ടുമൺ ഹുസൈൻ മന്നാനി, നാഷിദ് ബാഖവി, നൗഷാദ് മാങ്കാംകുഴി, അർഷദ് ബദരി, ജാഫർ വെങ്ങല്ലൂർ, റാഷിദ് പേഴുംമൂട്, ഷമീർ ബാക്കവി,ഫസ്ളുറഹ്മാൻ, അനസ് കോട്ടയം എന്നിവർ സംസാരിച്ചു.
Adjust Story Font
16
