ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിയുടെ അറസ്റ്റിന് പിന്നില്‍ പിണറായി വിജയന്റെ പകപോക്കല്‍ രാഷ്ട്രീയം: കൊടിക്കുന്നില്‍ സുരേഷ് എംപി
തന്ത്രിയെ അന്യായമായി അറസ്റ്റ് ചെയ്തതിൽ നിരവധി അയ്യപ്പഭക്തർക്ക് പ്രതിഷേധമുണ്ടെന്നും ഇടതുപക്ഷ സർക്കാർ കനത്ത വില നൽകേണ്ടിവരുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു

ആലപ്പുഴ: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം ലഭിച്ച തന്ത്രി കണ്ഠരര് രാജീവരരെ സന്ദര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ രാഷ്ട്രീയപ്രേരിതമാണെന്നും പിന്നില്‍ പിണറായി വിജയന്റെ പകപോക്കല്‍ രാഷ്ട്രീയമാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
'ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയ തന്ത്രി കണ്ഠരര് രാജീവരരെ സന്ദര്‍ശിക്കുകയുണ്ടായി. അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യങ്ങളെ കുറിച്ചും അദ്ദേഹത്തിന് മേല്‍ ചാര്‍ത്തിയ കുറ്റങ്ങളെ കുറിച്ചും സംസാരിച്ചു. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ പൂര്‍ണമായും തെറ്റാണെന്ന് കോടതിക്ക് ബോധ്യമായതിന് പിന്നാലെയാണ് നിരുപാധിക ജാമ്യം നല്‍കിയിരിക്കുന്നത്. അദ്ദേഹത്തോട് യഥാര്‍ഥത്തില്‍ കാണിച്ചിരിക്കുന്നത് വൈരാഗ്യം തന്നെയാണ്. കണ്ഠരര് രാജീവരരോട് തീര്‍ത്താല്‍ തീരാത്തത്ര പക ഈ സര്‍ക്കാരിനുണ്ട്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് അവിശ്വാസികളായ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍, അതിനായി രണ്ട് സ്ത്രീകളെ ശബരിമലയിലേക്ക് പറഞ്ഞയച്ചപ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കുകയും ശബരിമല നടയടക്കുവാന്‍ നിര്‍ദേശം നല്‍കുകയും ചെയ്ത കണ്ഠരര് രാജീവരരോട് തികഞ്ഞ പകയാണ് പിണറായി സര്‍ക്കാരിനുള്ളത്'. കൊടിക്കുന്നില്‍ പറഞ്ഞു.
'അന്യായമായി അറസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളെ പരിഗണിക്കാനും ഈ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തന്ത്രിയെ അന്യായമായി ഈ കേസില്‍ പ്രതിചേര്‍ത്തതില്‍ നിരവധി അയ്യപ്പഭക്തര്‍ക്ക് പ്രതിഷേധമുണ്ട്. ഇതുമായി ബന്ധപ്പെട്ട് കനത്ത വില ഇടതുപക്ഷ സര്‍ക്കാര്‍ നൽകേണ്ടിവരും'. കൊടിക്കുന്നില്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ എസ്‌ഐടി സമര്‍പ്പിച്ച തെളിവുകള്‍ അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി തന്ത്രി കണ്ഠരര് രാജീവരരെ കോടതി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
നേരത്തെ, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയുടെ ജാമ്യ ഉത്തരവിലെ കൂടുതല്‍ വിശദാംശങ്ങള്‍ മീഡിയവണിന് ലഭിച്ചിരുന്നു. കട്ടിളപാളികള്‍ കൊടുത്തുവിട്ടതില്‍ തന്ത്രിക്ക് ദുരുദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും തന്ത്രി ദേവസ്വം മാനുവല്‍ ലംഘിച്ചിട്ടില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. കേസില്‍ തന്ത്രിയുടെ സാമ്പത്തിക സ്ഥിതി ഒരു തെളിവല്ലെന്നും കട്ടിളപാളി കൊണ്ടുപോകാന്‍ ദേവസ്വം ബോര്‍ഡ് തന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് പ്രഥമദൃഷ്ട്യാ പോലും തെളിവില്ലെന്നും കൊല്ലം വിജിലന്‍സ് കോടതി നിരീക്ഷിച്ചിരുന്നു.
പോറ്റി- തന്ത്രി വാദത്തെക്കുറിച്ച് പ്രതിരോധിക്കാനും പ്രത്യേക അന്വേഷണസംഘത്തിനായില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. തന്ത്രിയെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടി പ്രത്യേക അന്വേഷണസംഘം കൊണ്ടുവന്ന തെളിവുകളും ഉയര്‍ത്തിക്കാട്ടിയ വാദങ്ങളും പൂര്‍ണമായും തള്ളിക്കളയുന്നതാണ് പുറത്തുവന്ന വിവരങ്ങള്‍. സ്വര്‍ണക്കൊള്ളയിലെ രണ്ട് കേസുകളിലും തന്ത്രിക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ എസ്‌ഐടി പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചിരുന്നു. തന്ത്രി ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും ദേവസ്വം ബോര്‍ഡ് തീരുമാനങ്ങളെ മറികടക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. ആരോഗ്യാവസ്ഥയും മതപരമായി നിര്‍വഹിക്കേണ്ട ചുമതലകളും കൂടി പരിഗണിച്ചാണ് ജാമ്യം നല്‍കിയതെന്നും കൊല്ലം വിജിലന്‍സ് കോടതി ഉത്തരവില്‍ പറഞ്ഞു.
Adjust Story Font
16

