കെപിസിസി അധ്യക്ഷസ്ഥാനത്തിനായി അവകാശവാദവുമായി കൊടിക്കുന്നിൽ സുരേഷ്
കൊടിക്കുന്നിൽ സുരേഷിന് പുറമെ ഷാഫി പറമ്പിൽ, ബെന്നി ബഹനാൻ, ആന്റോ ആന്റണി എന്നിവരും രംഗത്തുണ്ട്

ന്യൂ ഡൽഹി: കെപിസിസി അധ്യക്ഷസ്ഥാനം തനിക്ക് നൽകണമെന്ന അവകാശവാദവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. ഇതുമായി ബന്ധപ്പെട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി അദ്ദേഹം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന ചർച്ചയിൽ, പാർട്ടിയിലെ തന്റെ സീനിയോറിറ്റി പരിഗണിച്ച് അധ്യക്ഷസ്ഥാനത്തിന് താൻ അർഹനാണെന്ന് അദ്ദേഹം ഖാർഗെയെ ബോധിപ്പിച്ചു. പലതവണ അർഹതയുണ്ടായിട്ടും തന്നെ തഴഞ്ഞതായും പരിഗണിക്കാതെ മാറ്റിവെച്ചതായും അദ്ദേഹം കൂടിക്കാഴ്ചയിൽ പരാതിപ്പെട്ടു.
സംസ്ഥാനത്തെ സംവരണ മണ്ഡലങ്ങളിൽ കോൺഗ്രസ് കൈവരിച്ച മികച്ച വിജയവും തന്റെ അവകാശവാദത്തിന് ആധാരമായി കൊടിക്കുന്നിൽ ഉയർത്തിക്കാട്ടി. കേരളത്തിലെ 16 സംവരണ സീറ്റുകളിൽ 11 എണ്ണത്തിലും യുഡിഎഫ് വിജയിച്ചത് വലിയ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെ കൊടിക്കുന്നിൽ സുരേഷിന്റെ ഈ നീക്കം ഹൈക്കമാൻഡിന് മുന്നിൽ പുതിയ സമവാക്യങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.
സണ്ണി ജോസഫ് മന്ത്രിയാകുന്നതോടെ ഒഴിവുവരുന്ന കെപിസിസി അധ്യക്ഷസ്ഥാനത്തിനായി കോൺഗ്രസ് എംപിമാർക്കിടയിൽ ചരടുവലി ശക്തമാകുന്നു. കൊടിക്കുന്നിൽ സുരേഷിന് പുറമെ ഷാഫി പറമ്പിൽ, ബെന്നി ബഹനാൻ, ആന്റോ ആന്റണി എന്നിവരാണ് പ്രധാനമായും രംഗത്തുള്ളത്. കൊടിക്കുന്നിലിന് പുറമെ മറ്റ് നേതാക്കളും ശക്തമായ പ്രതീക്ഷയിലാണ്. രാഹുൽ ഗാന്ധിക്ക് ശേഷം കേരളത്തിൽ ഏറ്റവുമധികം ജനക്കൂട്ടത്തെ ആകർഷിക്കുന്ന 'ക്രൗഡ് പുള്ളർ' എന്ന നിലയിൽ ഷാഫി പറമ്പിലിനെ അധ്യക്ഷനാക്കണമെന്ന് ഒരു വിഭാഗം വാദിക്കുന്നു.
യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറിയ ശേഷം പദവികളൊന്നും ലഭിക്കാത്തതും സീനിയോറിറ്റിയും ബെന്നി ബഹനാൻ അനുകൂലികൾ ചൂണ്ടിക്കാട്ടുമ്പോൾ, കഴിഞ്ഞ തവണ അവസാന നിമിഷം കൈവിട്ടുപോയ അധ്യക്ഷപദവി ഇത്തവണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആന്റോ ആന്റണി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിച്ച ശേഷമായിരിക്കും ഹൈക്കമാൻഡ് കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
കൊടിക്കുന്നിൽ സുരേഷിനെ ഇത്തവണ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുമോ അതോ സാമുദായിക സന്തുലനം മുൻനിർത്തി മറ്റാരെങ്കിലും എത്തുമോ എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇതിനു മുൻപ് പല പ്രമുഖ നേതാക്കളുടെയും പേര് ഉയർന്നു കേട്ടെങ്കിലും, ദലിത് വിഭാഗത്തിൽ നിന്നുള്ള ഒരു നേതാവിനെ താക്കോൽ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയൊരു രാഷ്ട്രീയ മാറ്റത്തിന് തുടക്കമിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Adjust Story Font
16

