Quantcast

'സാറന്മാരുടെ അടുത്ത് പറഞ്ഞതല്ലേ പപ്പയ്ക്ക് വയ്യാന്ന്, സാറ് പപ്പയെ ഇടിച്ച കാര്യം ഞങ്ങളോട് പറഞ്ഞിരുന്നു': വിങ്ങിപ്പൊട്ടി കസ്റ്റഡിയിൽ മർദനത്തിൽ ചികിത്സയിലിരിക്കെ മരിച്ച സിയാദിന്‍റെ മകൾ

കുണ്ടറ സ്റ്റേഷനിലെ എസ്ഐ അതുൽ, കോൺസ്റ്റബിൾ ശ്രീജിത്ത് എന്നിവർക്കെതിരെയാണ് കുടുംബത്തിന്‍റെ ആരോപണം

MediaOne Logo

Web Desk

  • Updated:

    2026-07-27 08:41:56

Published:

27 July 2026 2:02 PM IST

സാറന്മാരുടെ അടുത്ത് പറഞ്ഞതല്ലേ പപ്പയ്ക്ക് വയ്യാന്ന്, സാറ് പപ്പയെ ഇടിച്ച കാര്യം ഞങ്ങളോട് പറഞ്ഞിരുന്നു: വിങ്ങിപ്പൊട്ടി കസ്റ്റഡിയിൽ മർദനത്തിൽ ചികിത്സയിലിരിക്കെ മരിച്ച സിയാദിന്‍റെ മകൾ
X

കൊല്ലം: കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തിൽ പൊലീസും മരിച്ച സിയാദിന്‍റെ മകളും തമ്മിലുള്ള ഫോൺ സംഭാഷണം മീഡിയവണിന്. അച്ഛന് സുഖമില്ലെന്ന് നേരത്തെ പറഞ്ഞതല്ലേയെന്നും ആരാണ് മർദിച്ചതെന്ന് ഡോക്ടർമാർ ചോദിച്ചെന്നുമാണ് സംഭാഷണത്തിലുള്ളത്. സിയാദ് പൊലീസ് മർദനത്തെ തുടർന്നാണ് മരിച്ചതെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു.

സിയാദിന്‍റെ മരണശേഷം ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനുമായി മകൾ സംസാരിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ഏറെ വൈകാരികമായി പ്രതികരിക്കുന്ന മകൾ 'എന്‍റെ അച്ഛനെ മർദിച്ചത് സാറല്ലേ, പപ്പയ്ക്ക് വയ്യാന്ന് നൂറുവട്ടം സാറന്മാരോട് പറഞ്ഞിരുന്നതല്ലേ, സാറ് പപ്പയെ മർദിച്ചിരുന്നെന്ന് പപ്പ പറഞ്ഞിരുന്നെന്ന്' എന്നെല്ലാം പറയുമ്പോഴൊക്കെയും അവജ്ഞയോടെ കുറ്റം നിഷേധിക്കുകയാണ് പൊലീസുകാരൻ. മർദിച്ചതിന് തങ്ങളുടെ കയ്യിൽ തെളിവുണ്ടെന്നും ആശുപത്രിയിൽ പോയപ്പോൾ ആരാണ് പപ്പയെ ഇടിച്ചതെന്നും നട്ടെല്ല് മുഴുവൻ പഴുത്തിരുന്നെന്നും മകൾ പറയുന്നുണ്ട്. ഒന്നര മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഫോൺ സംഭാഷണത്തിന്‍റെ റെക്കോർഡാണ് പുറത്തുവന്നിരിക്കുന്നത്.

കുണ്ടറ സ്റ്റേഷനിലെ എസ്ഐ അതുൽ, കോൺസ്റ്റബിൾ ശ്രീജിത്ത് എന്നിവർക്കെതിരെയാണ് കുടുംബത്തിന്‍റെ ആരോപണം. ജൂൺ 16ന് രാത്രിയാണ് അയൽവാസിയായ പതിമൂന്നുകാരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയിൽ കുണ്ടറ പൊലീസ് സിയാദിനെ വീട്ടിൽ നിന്നിറക്കി കൊണ്ടുപോയത്.

പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്റ്റേഷനിൽ വെച്ച് പൊലീസുകാരുടെ ഭാഗത്ത് നിന്ന് അതിക്രമമുണ്ടായെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കസ്റ്റഡിയിലെടുത്ത സമയം സിയാദ് തന്‍റെ ഭാര്യയെ വിളിച്ച് പൊലീസ് മർദിക്കുന്നെന്നും ഉടൻ എത്തണമെന്നും വിളിച്ചറിയിച്ചിരുന്നു. പൊലീസിന്‍റെ ക്രൂരമായ മർദനവും പരിക്കുകളും കാരണം അവശനായ സിയാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.

പൊലീസ് സ്റ്റേഷനിൽ വെച്ച് യുവാവിനെ ക്രൂരമായി മർദിച്ചതായും എസ്ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ലാത്തിയും തോക്കും ഉപയോഗിച്ച് ഉപദ്രവിച്ചെന്നും കുടുംബം ആരോപിച്ചിരുന്നു.

TAGS :

Next Story