'മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാൻ പാടില്ലെന്നോ ഭക്ഷണം കഴിക്കാൻ പാടില്ലെന്നോ ഇല്ല'; വിഡി സതീശൻ വിരുന്നിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് കെ.പി നൗഷാദ് അലി എംഎൽഎ
സഹപ്രവർത്തകനായ സി. ഹരിദാസിനെ കാണാൻ പോയപ്പോൾ യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹിയുടെ വീട്ടിൽ ഉച്ചഭക്ഷണം കഴിക്കാനെത്തിയെന്നേ ഉള്ളൂവെന്നുംകെ പി നൗഷാദ് അലി പറഞ്ഞു

മലപ്പുറം: മുഖ്യമന്ത്രി വിഡി സതീശൻ വിരുന്നിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് പൊന്നാനി എംഎൽഎ കെ.പി നൗഷാദ് അലി. മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാൻ പാടില്ലെന്നോ ഭക്ഷണം കഴിക്കാൻ പാടില്ലെന്നോ ഇല്ല. സഹപ്രവർത്തകനായ സി. ഹരിദാസിനെ കാണാൻ പോയപ്പോൾ യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹിയുടെ വീട്ടിൽ ഉച്ചഭക്ഷണം കഴിക്കാനെത്തിയെന്നേ ഉള്ളൂവെന്നുംകെ പി നൗഷാദ് അലി പറഞ്ഞു.
'ചിത്രങ്ങൾ ഈ രൂപത്തിൽ പ്രചരിപ്പിക്കേണ്ട കാര്യമില്ല. ഭക്ഷണം കഴിക്കുന്നത് അനൗചിത്യം ആകുന്നതെങ്ങനെയാണ് ? ഇത് രാഷ്ട്രീയമാണ്, വിഷയം വഴി തിരിച്ച് വിടുകയാണ് എന്നും കെ.പി നൗഷാദ് അലി പറഞ്ഞു. ശനിയാഴ്ചയാണ് മുഖ്യമന്ത്രി വി.ഡി സതീശൻ പൊന്നാനിയിൽ എത്തി മുതിർന്ന സഹപ്രവർത്തകനായ സി.ഹരിദാസിനെ കണ്ടത്. തുടർന്ന് യൂത്ത് ലീഗ് നേതാവിന്റെ വീട്ടിലെത്തി വിരുന്നിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ ന്യായീകരിച്ച് പൊന്നാനി എംഎൽഎ രംഗത്തുവന്നത്. സംസ്ഥാനം മഴക്കെടുതിയിൽ വലയുന്പോൾ മുഖ്യമന്ത്രി ഇത്തരത്തിൽ വിരുന്നിൽ പങ്കെടുത്തതിന്റെ അനൌചിത്യമാണ് എല്ലാവരും ചൂണ്ടിക്കാണിക്കുന്നത്.
Adjust Story Font
16

