'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാര്‍ഥികളാകേണ്ട, പ്രഖ്യാപനം ഹൈക്കമാൻഡ് നടത്തും'; കെ.സുധാകരനെതിരെ കെപിസിസി
കണ്ണൂരിൽ മത്സരിക്കുന്നത് 110 ശതമാനം ഉറപ്പാണെന്നും മത്സരിക്കുന്നതിൽ എന്താണ് കുഴപ്പമെന്നും കഴിഞ്ഞ ദിവസം കെ.സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു

കണ്ണൂര്‍: കണ്ണൂരില്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരെ കെപിസിസി. ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാര്‍ഥികളാകണ്ടെന്നും സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതും പ്രഖ്യാപിക്കുന്നതും ഹൈക്കമാന്‍ഡ് ആണെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പരസ്യപ്രസ്താവനകളും അതിനുവേണ്ടിയുള്ള യോഗങ്ങളും ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അച്ചടക്കലംഘനമായി കണക്കാക്കുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
'കേരളത്തില്‍ യുഡിഎഫിന്റെ സീറ്റ് വിഭജനവും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയവും നിശ്ചയിക്കുന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്‍റേയും സംസ്ഥാന നേതൃത്വമാണ്. സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടയില്‍ ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കുന്നത് സംബന്ധിച്ച് പരസ്യപ്രസ്താവനകള്‍ നടത്തുന്നത് ഒരു കോണ്‍ഗ്രസിന്റെ നേതാവിനും പാര്‍ട്ടി ഘടകത്തിനും ചേര്‍ന്നതല്ല. അത്തരം പ്രസ്താവനകള്‍ ഗുരുതരമായ അച്ചടക്കലംഘനമായി കണക്കാക്കുന്നതായിരിക്കും. നേതാക്കള്‍ക്കോ വിവിധ പാര്‍ട്ടി ഘടകങ്ങള്‍ക്കോ അഭിപ്രായം രേഖപ്പെടുത്താനുണ്ടെങ്കില്‍ അതിന് നേതൃത്വത്തെ സമീപിക്കാവുന്നതാണ്. മറിച്ച് പരസ്യപ്രസ്താവനകളും അതിനുവേണ്ടിയുള്ള യോഗങ്ങളും ഒരു കാരണവശാലും അനുവദിക്കുന്നതല്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് പ്രഖ്യാപിക്കാനുള്ള ചുമതല ഹൈക്കമാന്‍ഡിനാണ്. അതുകൊണ്ട് തന്നെ ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാര്‍ഥികളാകാന്‍ മുതിരരുത്'. സണ്ണി ജോസഫ് വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ.സുധാകരന്‍ വ്യക്തമാക്കിയിരുന്നു. കണ്ണൂരില്‍ മത്സരിക്കുന്നത് 110 ശതമാനം ഉറപ്പാണെന്നും മത്സരിക്കുന്നതില്‍ എന്താണ് കുഴപ്പമെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുധാകരന്റെ മറുപടി.
കണ്ണൂരില്‍ മത്സരിക്കുന്നതിനുള്ള താല്‍പ്പര്യം കെ.സുധാകരന്‍ നേരത്തെ പലവട്ടം അറിയിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സ്‌ക്രീനിങ് കമ്മിറ്റി യോഗം ഉള്‍പ്പെടെ ചേരാനിരിക്കെയാണ് അദ്ദേഹം ഇപ്പോള്‍ സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്.
കണ്ണൂരിലെ നിലവിലെ എംപിയാണ് സുധാകരന്‍. എംപി സ്ഥാനത്തിരിക്കുന്നവര്‍ മത്സരിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉള്‍പ്പെടെ തീരുമാനിക്കേണ്ടതുണ്ട്. അതിനിടെയാണ് സുധാകരന്റെ പ്രഖ്യാപനം. കണ്ണൂരില്‍ അമൃത രാമകൃഷ്ണന്‍, മുന്‍ മേയര്‍ ടി.ഒ മോഹനന്‍ എന്നിവരുടെ പേരുകളായിരുന്നു ഉയര്‍ന്നുകേട്ടിരുന്നത്.
Adjust Story Font
16

