Quantcast

'സ്വർണക്കള്ളക്കടത്ത് കേസിൽ പിണറായിയെ അധിക്ഷേപിച്ചതിൽ ഖേദമില്ല'-കെ.എസ് ഹംസ

'സമസ്തക്കാർ ഉൾപ്പെടെ എല്ലാ വിഭാഗത്തിന്റെയും വസ്തുതകളെ വിലയിരുത്തുന്ന മിതവാദികളായ ലീഗുകാരുടെയും പിന്തുണ എനിക്കുണ്ട്'

MediaOne Logo

Web Desk

  • Updated:

    2024-03-23 09:46:05.0

Published:

23 March 2024 7:56 AM GMT

KS Hamza
X

മലപ്പുറം: സ്വർണ കള്ളക്കടത്തു കേസിൽ മുൻപ് മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചതിൽ ഖേദിക്കുന്നില്ലെന്ന് പൊന്നാനിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.എസ് ഹംസ. അന്നത്തെ രാഷ്ട്രീയപക്ഷവും, അന്നു കിട്ടിയ വിവരങ്ങളും വച്ചാണ് വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിലെ ഒരു വിഭാഗത്തിന്റെ പിന്തുണ തനിക്കുണ്ടെന്നും ഹംസ മീഡിയവൺ 'ദേശീയപാത'യിൽ എഡിറ്റർ പ്രമോദ് രാമനോട് അവകാശപ്പെട്ടു.

''തന്ത്രങ്ങൾക്കല്ല, വസ്തുതകൾക്കാണ് ഞങ്ങൾ പ്രാധാന്യം കൊടുക്കുന്നത്. നിലവിലെ സാഹചര്യം ആവശ്യപ്പെടുന്ന ചില അനിവാര്യതകളാണ് ഞങ്ങൾ ചർച്ചയ്ക്കു വച്ചിട്ടുള്ളത്. കഴിഞ്ഞ ലോക്‌സഭാ കാലയളവിൽ യു.ഡി.എഫ് അംഗങ്ങൾ, പ്രത്യേകിച്ച് ലീഗ് അംഗങ്ങൾ നിലപാടെടുക്കാൻ കഷ്ടപ്പെട്ട ചില കാര്യങ്ങളുണ്ട്. അതൊക്കെ ചർച്ച ചെയ്യുന്നുണ്ട്.''-ഹംസ പറഞ്ഞു.

ഞാൻ സ്വതന്ത്ര സ്ഥാനാർഥിയാണ്. ചിഹ്നം അവരോട് ആവശ്യപ്പെട്ടു വാങ്ങുകയായിരുന്നു. മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റ് 2004ൽ വെല്ലൂരിൽനിന്ന് ഡി.എം.കെ ചിഹ്നം ഉദയസൂര്യനിലാണു മത്സരിച്ചത്. അതുപോലെ ഇതും കണ്ടാൽ മതി. ചോറ് അവിടെയും കൂറ് അവിടെയും പറ്റില്ലെന്നാണ് അന്ന് കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനമുയർത്തിയത്. ലീഗ് സി.പി.എമ്മുമായി അടുപ്പം കാണിക്കുന്നുവെന്ന വിമർശനമായിരുന്നില്ല അതെന്നും ഹംസ പറഞ്ഞു.

''മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപങ്ങളിൽ ഖേദിക്കുന്നില്ല. അത് അന്നത്തെ എന്റെ നിലപാടാണ്. അന്ന് യു.ഡി.എഫ് പൊക്കിക്കൊണ്ടുവന്ന ഒരു വിഷയമായിരുന്നു സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെയുള്ളവ. അതിനുശേഷം കുറേ കേന്ദ്ര ഏജൻസികൾ അന്വേഷിച്ചു. പിണറായി വിജയനും എൽ.ഡി.എഫിനുമെതിരെ കേന്ദ്ര ഏജൻസികൾ ആകെ അരിച്ചുപെറുക്കിയിട്ടും ഒരു തുമ്പും കണ്ടില്ല.''

അന്നു പറഞ്ഞത് തെറ്റായ വസ്തുതയുടെ അടിസ്ഥാനത്തിലായിരിക്കാമെന്ന് ഇപ്പോൾ മനസിലാക്കണം. ലീഗുകാരും ഇപ്പോൾ അതു പറയുന്നില്ലല്ലോ. അവർക്ക് അബദ്ധം പറ്റിയെന്നാണു തോന്നുന്നത്. അന്നു ലഭ്യമായ ചില രാഷ്ട്രീയ വസ്തുതകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് അന്നു പറഞ്ഞത്. പിന്നീട് അന്വേഷണ ഏജൻസികൾ അരിച്ചുപെറുക്കിയിട്ടും ഒരു തുമ്പും വാലും കിട്ടിയിട്ടില്ല എന്നത് ഇപ്പോൾ വസ്തുതയാണ്.

സമസ്തക്കാർ ഉൾപ്പെടെ എല്ലാ വിഭാഗത്തിന്റെയും പിന്തുണയുണ്ട്. സാംസ്‌കാരിക നേതാക്കളുടെയും നിഷ്പക്ഷമതികളുടെയും പിന്തുണയുണ്ട്. വസ്തുതകളെ വിലയിരുത്തുന്ന മിതവാദികളായ ലീഗുകാരുടെ വോട്ടും തനിക്കു ലഭിക്കുമെന്നും കെ.എസ് ഹംസ കൂട്ടിച്ചേർത്തു.

Summary: KS Hamza, LDF candidate from Ponnani, says he does not regret insulting Chief Minister Pinarayi Vijayan in the gold smuggling case.

TAGS :

Next Story