Quantcast

'ഏർപ്പെടുത്തിയത് പരിമിതമായ നിയന്ത്രണങ്ങൾ, ലോഡ് ഷെഡിങ് പ്രചാരണം അടിസ്ഥാനരഹിതം'; കെഎസ്ഇബി

സംസ്ഥാനത്ത് പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ ലോഡ് ഷെഡിങ് ഇല്ലെന്നാവര്‍ത്തിച്ച് മന്ത്രി കെ.കൃഷ്ണൻകുട്ടി

MediaOne Logo

Web Desk

  • Published:

    29 April 2026 6:18 PM IST

ഏർപ്പെടുത്തിയത് പരിമിതമായ നിയന്ത്രണങ്ങൾ, ലോഡ് ഷെഡിങ് പ്രചാരണം അടിസ്ഥാനരഹിതം; കെഎസ്ഇബി
X

തിരുവനന്തപുരം: ലോഡ് ഷെഡിങ്ങും വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് കെഎസ്ഇബി. ഇന്നലെ വളരെ പരിമിതമായ നിയന്ത്രണങ്ങൾ മാത്രമാണ് ഏർപ്പെടുത്തിയത്. റെഗുലേറ്ററി കമ്മീഷൻ്റെ അനുമതിലഭിച്ച 200മെഗാവാട്ട് വൈദ്യുതിയും കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്നും മുടങ്ങിയിരുന്ന 200മെഗാവാട്ട് വൈദ്യുതിയും ലഭിച്ചതോടെ ഭൂരിഭാഗം ഇടങ്ങളിലും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാനായി. ഇതോടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായെന്നും വിശദീകരണം. ലോഡ് ഷെഡിങ് എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കെഎസ്ഇബി വാർത്താകുറിപ്പിൽ അറിയിച്ചു.

ലൈൻ ഓവർലോഡ് കാരണം രാത്രി 11.30നുശേഷം മലബാർ മേഖലയിലെ കാസർകോട്, മൈലാട്ടി, ചക്കിട്ടപാറ, നാദാപുരം, ശ്രീകണ്ഠാപുരം, തളിപ്പറമ്പ്, തലശ്ശേരി മേഖലകളിലും മാടക്കത്തറ - എളംകൂർ ലൈൻ ഓവർലോഡ് ആയതിനെത്തുടർന്ന് അരീക്കോട് മഞ്ചേരി മേഖലയിലും ചെറിയതോതിൽ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിട്ടുണ്ട്. ട്രാൻസ്ഫോർമർ ലോഡ് ക്രമാതീതമായതിനെത്തുടർന്ന് കോഴിക്കോട് കുന്ദമംഗലത്തെ കിഴക്കൻ പ്രദേശങ്ങളിലും രാത്രി 10 മണിക്കുശേഷം അൽപ്പസമയം വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നിട്ടുണ്ട്. സംസ്ഥാനത്ത് മറ്റൊരിടത്തും നിയന്ത്രണം ആവശ്യമായി വന്നിട്ടില്ലെന്നും കെഎസ്ഇബി അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് പ്രഖ്യാപിതമോ, അപ്രഖ്യാപിതമോ ആയ ലോഡ് ഷെഡിങ് ഇല്ലെന്നും, ലോഡ് കൂടുമ്പോൾ ട്രിപ്പ് ആകുന്നതാണ് കറന്‍റ് പോകാൻ കാരണമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടിയും പ്രതികരിച്ചു. അധികവൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിൽ കാലതാമസുണ്ടായെന്ന് സമ്മതിക്കുമ്പോഴും റഗുലേറ്ററി കമ്മീഷനെതിരെ കടുത്ത വിമർശനങ്ങൾ മന്ത്രി ഉന്നയിച്ചില്ല. അതിരപ്പള്ളി അടക്കമുള്ള പദ്ധതികൾ നടപ്പാകാത്തതിന് കാരണം ബാഗും തൂക്കി നടക്കുന്നവരാണെന്ന് മന്ത്രി പരിഹസിച്ചു.

250 മെഗാവാട്ട് പുറത്തുനിന്ന് വാങ്ങാനുള്ള പെറ്റീഷൻ കെഎസ്ഇബി കഴിഞ്ഞ എട്ടിന് റെഗുലേറ്റർ കമ്മീഷൻ നൽകിയിരുന്നു. എന്നാൽ ഇതിന് അനുമതി നൽകുന്നത് കമ്മീഷൻ വൈകിപ്പിച്ചു. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാനകാരണമായി കെസിഇബി പറയുന്നത്. അപ്പോഴും കടുത്ത വിമർശനങ്ങൾ കമ്മീഷൻ എതിരെ വൈദ്യുതി മന്ത്രി ഉന്നയിക്കുന്നില്ല. വൈദ്യുതി നിരക്ക് കൂട്ടുന്നു നടക്കുമുള്ള കാര്യങ്ങൾ തീരുമാനിക്കേണ്ടത് റെഗുലേറ്റർ കമ്മീഷൻ ആണെന്നും കാലാവസ്ഥ അനുകൂലമായാൽ നിയന്ത്രണം ഉണ്ടാകില്ലെന്നും മന്ത്രി വിശദീകരിച്ചു.


TAGS :

Next Story