'മന്ത്രിയെയും കറന്റടിച്ചു': മന്ത്രി സണ്ണി ജോസഫ് പ്രസംഗിക്കുന്നതിനിടെ കറന്റ് പോയി; പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചു
കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷന്റെ പരിപാടിയിലാണ് സംഭവം

കൊച്ചി: കൊച്ചിയിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ കറന്റ് പോയി. കെഎസ്ഇബി ഓഫീസേർഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിനിടെയാണ് സംഭവം. വൈദ്യുതി നിലച്ചതിനെ തുടർന്ന് മന്ത്രിക്ക് പാതിവഴിയിൽ പ്രസംഗം അവസാനിപ്പിക്കേണ്ടി വന്നു. വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് പവർകട്ട് ഏർപ്പെടുത്തിയതിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് ഈ സംഭവം.
അതേസമയം, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് മന്ത്രിയുടെ അറിയിപ്പ്. അത്ഭുതങ്ങൾ പ്രവർത്തിച്ച് പ്രതിസന്ധി പരിഹരിക്കാനാകില്ല. വൈദ്യുതി ഉടൻ വാങ്ങാൻ കഴിയില്ല. ഉത്പാദനം കുറഞ്ഞു ഉപഭോഗം കൂടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമല്ല. അമാനുഷികമായി പ്രശ്നം പരിഹരിക്കാനാവില്ല. മുൻപുള്ള സർക്കാരിന്റെ വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇലക്ട്രിസിറ്റി ബോർഡ് ചെയർമാനുമായും ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തിയിരുന്നു. വിഷയത്തിൽ അഡ്വക്കേറ്റ് ജനറലുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ശ്രമവും തുടരുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി കിട്ടുന്നില്ലെന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി രാജമാണിക്യം വ്യക്തമാക്കിയത്. കാലാവസ്ഥ മാറ്റത്തിന്റെ സ്വാധീനം, അണക്കെട്ടുകളിലെ ജലനിരപ്പ്, ദേശീയ വൈദ്യുതി ലഭ്യതയിലെ കുറവ് തുടങ്ങിയവ മൂലമാണ് വൈദ്യുതി നിയന്ത്രണം ഏര്പ്പെടുത്തതെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. കാലാവസ്ഥ മാറ്റത്തിന്റെ സ്വാധീനം വൈദ്യുതി ലഭ്യതയെ കാര്യമായി ബാധിച്ചെന്ന് കെഎസ്ഇബി പറയുന്നു. എല്‍നിനോ പ്രതിഭാസം കാരണം മഴ കുറഞ്ഞു. അന്തരീക്ഷ താപനില വര്‍ധിച്ചു. വൈകുന്നേരം ആറ് മണിക്കുശേഷമുള്ള വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു. പവര്‍ എക്സ്ചേഞ്ചുകളിലെ വൈദ്യുതി ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായി. കേന്ദ്ര വൈദ്യുതി നിലയങ്ങളിലെ ഉത്പാദനവും കുറഞ്ഞുവെന്നും കെഎസ്ഇബി വിശദീകരിക്കുന്നു.
അതേസമയം, വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി എംഎം മണി രംഗത്തെത്തി. കൃത്രിമ ക്ഷാമം ഉണ്ടാക്കി പുതിയ കരാറിന്റെ പേരിൽ കമ്മീഷൻ അടിക്കാനുള്ള ശ്രമമാണിതെന്നും പ്രശ്നം പരിഹരിക്കാൻ അറിയില്ലെങ്കിൽ രാജിവെച്ചുപോകണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി മുൻകൂട്ടി കണ്ട് സർക്കാർ മുൻകരുതൽ സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2023ൽ സമാന വൈദ്യുതി പ്രതിസന്ധി ഉണ്ടായപ്പോൾ അന്നത്തെ സർക്കാർ എന്ത് ചെയ്തെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

