Quantcast

കുംഭമേള വൈറല്‍ താരത്തിൻ്റെ വിവാഹം; മധ്യപ്രദേശ് പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി

വിവാഹത്തിന് നേതൃത്വം നല്‍കിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ക്കെതിരെ പോക്‌സോ കേസ് എടുക്കണമെന്ന ഹരജിയിലാണ് നടപടി

MediaOne Logo

Web Desk

  • Published:

    27 April 2026 3:56 PM IST

Kumbh Mela viral stars marriage; Court seeks police report
X

ഭോപ്പാല്‍: കുംഭമേളയിലൂടെ വൈറല്‍ താരമായി മാറിയ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതി മധ്യപ്രദേശ് പൊലീസിനോട് റിപ്പോര്‍ട്ട് തേടി. മേയ് 20നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മഹേശ്വര്‍ സ്റ്റേഷന്‍ എസ്എച്ച്ഒക്ക് നിര്‍ദേശം നല്‍കി. വിവാഹത്തിന് നേതൃത്വം നല്‍കിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ക്കെതിരെ പോക്‌സോ കേസ് എടുക്കണമെന്ന ഹരജിയിലാണ് നടപടി. അഭിഭാഷകനായ പി. നാഗരാജാണ് ഹരജി നല്‍കിയത്. എം.വി ഗോവിന്ദനെ കൂടാതെ വി. ശിവന്‍കുട്ടി, എ.എ റഹീം തുടങ്ങി ആറ് പേര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

മാര്‍ച്ച് 11നായിരുന്നു പെണ്‍കുട്ടിയും സുഹൃത്തായ ഫര്‍മാന്‍ ഖാനും തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായത്. പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. കുടുംബം വിവാഹത്തിന് തടസം നില്‍ക്കുന്നുവെന്ന് ആരോപിച്ചാണ് ഇരുവരും കേരളത്തിലെത്തിയത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. മഹാരാഷ്ട്ര സ്വദേശിയാണ് ഫര്‍മാന്‍ ഖാന്‍. ഇരുവരും തമ്മിലുള്ള ബന്ധത്തെ പെണ്‍കുട്ടിയുടെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നു. പിതാവ് മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുന്നതായും അതിനാലാണ് സഹായംതേടി പൊലീസ് സ്റ്റേഷനിലെത്തിയതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു.

എന്നാല്‍, പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന ദേശീയ പട്ടിക വര്‍ഗ കമ്മീഷന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുത്തിരുന്നു. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ മഹേശ്വര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിക്ക് 16 വയസ് മാത്രമേയുള്ളൂവെന്നാണ് ആശുപത്രി രേഖകള്‍ പറയുന്നതെന്ന് ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ പറയുന്നു. തനിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്ന് കാട്ടി വിവാഹസമയത്ത് പെണ്‍കുട്ടി സര്‍ട്ടിഫിക്കറ്റുകള്‍ മാധ്യമങ്ങള്‍ക്ക് കാണിച്ചിരുന്നു. എന്നാല്‍, വിവാഹ സമയത്ത് കുട്ടിക്ക് 16 വയസും രണ്ട് മാസവും മാത്രമാണ് പ്രായമെന്നാണ് ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ കണ്ടെത്തിയത്. ആശുപത്രി രേഖകളില്‍ ജനന തീയതി 2009 ഡിസംബര്‍ 30 ആണെന്നും ഇവര്‍ പറയുന്നു. വിവാഹത്തിന് പെണ്‍കുട്ടി ഹാജരാക്കിയ രേഖ വ്യാജമായുണ്ടാക്കിയതാണെന്ന് കമ്മീഷന്‍ പറയുന്നു.

അതേസമയം, പെണ്‍കുട്ടിയുടെ വിവാഹത്തിനായി ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്നാണ് വിവാഹത്തിന്റെ രജിസ്‌ട്രേഷന്‍ നിര്‍വഹിച്ച ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കിയിരുന്നതായാണ് മൊഴി. പൂവാര്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥരാണ് പൊലീസില്‍ മൊഴി നല്‍കിയത്. ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍, പാന്‍ കാര്‍ഡ് തുടങ്ങിയവ പരിശോധിച്ചു. രേഖകള്‍ പ്രകാരം 18 വയസ് പൂര്‍ത്തിയായിരുന്നതായും ഉദ്യോഗസ്ഥര്‍ മൊഴിനല്‍കിയിരുന്നു.

TAGS :

Next Story