നേതൃത്വം അവഗണിച്ചു, പ്രവർത്തകർ പൊരുതി; കുന്നംകുളം പൊലിസ് മർദനത്തിൻ്റെ കഥ
പാർട്ടി പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിലും അത് രാഷ്ട്രീയ പ്രശ്നമായി മുന്നോട്ട് കൊണ്ടുപോകുന്നതിലും കോൺഗ്രസിൻ്റെ സംഘടനാ സംവിധാനം എന്തു മാത്രം ദുർബലമാണ് എന്നതിൻ്റെ ഉദാഹരണം കൂടിയാണ് കുന്നംകുളം എപിസോഡ്

കുന്നംകുളം പൊലീസ് മർദനത്തില്‍ വി എസ് സുജിത്തിന് നീതി തേടിയുള്ള പോരാട്ടം കോണ്‍ഗ്രസിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും സംസ്ഥാന നേതൃത്വങ്ങള്‍ സമ്പൂർണായി അവഗണിക്കുകയായിരുന്നു.
വിഷയം മാധ്യമങ്ങളില്‍ ഉന്നയിക്കാനും സംസ്ഥാന തലത്തില്‍ സമരം ചെയ്യാനും കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് നേതൃത്വങ്ങളോട് കുന്നംകുളത്തെ കോൺഗ്രസിൻ്റെ പ്രാദേശിക മുഖമായ വർഗീസ് ചൊവ്വന്നൂർ പലവട്ടം അഭ്യർഥിച്ചിരുന്നു. നിയമസഭയില്‍ ഉന്നയിക്കാനായി ആറു തവണയാണ് ഷാഫി പറമ്പിലിനെ സമീപിച്ചത്. പാലക്കാട്ടെ ഷാഫിയുടെ ഓഫീസിലെത്തി അഭ്യർഥിച്ചിട്ടും ഷാഫി പരിഗണിച്ചില്ല. ഒടുവിൽ, സംസാരിക്കുന്ന തെളിവായ സിസിടിവി ദൃശ്യങ്ങൾ ലഭിച്ച ശേഷം നേതാക്കളെ ബന്ധപ്പെട്ടപ്പോഴും നേതാക്കള്‍ താത്പര്യം കാണിച്ചില്ല.
വർഗീസ് ചൊവ്വന്നൂരും പ്രവർത്തകരും
അതിനിടെ വ്യവസായികള്‍ അടക്കമുള്ളവരെ ഇടപെടീച്ച് കേസ് ഒതുക്കിത്തീർക്കാനും പൊലീസ് ശ്രമിച്ചു. അതിനൊന്നും വഴങ്ങാതെ പോരാടിയ വർഗീസ് ചൊവ്വന്നൂരും ചെറുപ്പക്കാരുമാണ് കേരള മനസാക്ഷിക്ക് മുന്നില്‍ കുന്നംകുളം പൊലീസിനെ തൊലിയുരിച്ച് നിർത്തിയത്.
2023 ഏപ്രിലിലാണ് സംഭവത്തിന്റെ തുടക്കം. ചൊവ്വന്നൂരിലെ പൂരാഘോഷം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് വി എസ് സുജിത്ത് വീടിനു സമീപം പൊലീസ് വന്നു എന്നറിഞ്ഞപ്പോഴാണ് പുറത്ത് വന്നത്. മൊബൈലില്‍ പൂരത്തിന്റെ ദൃശ്യങ്ങള്‍ കാണുകയായിരുന്ന യുവാക്കളെ ചോദ്യം ചെയ്ത പൊലീസിനോട് അവർ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ എന്ന് സുജിത് ചോദിച്ചു. യുവാക്കള്‍ മദ്യപിക്കുകയാണെന്ന തെറ്റായ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. സുജിതിന്‍റെ ഇടപെടല്‍ രസിക്കാതിരുന്ന പൊലീസ് യുവാക്കളെ വിട്ട് അയാള്‍ക്കെതിരെ തിരിഞ്ഞു.
സുജിതിനെ ജീപ്പില്‍ കയറ്റിയ പൊലീസ് അവിടെ വെച്ച് തന്നെ മർദ്ദിച്ചു. പിന്നീട് സ്റ്റേഷനിലെത്തും വരെ മർദ്ദനം. കൂടാതെ സ്റ്റേഷനുള്ളിലും മർദനം. സ്റ്റേഷനിലെത്തിയ ശേഷമുള്ള മർദ്ദനം പുറത്തുവന്ന സിസിടിവിയിലുണ്ട്.
മദ്യപിച്ച് സംഘർഷമുണ്ടാക്കി. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചേർത്തായിരുന്നു എഫ് ഐ ആർ. സുജിത് അടക്കമുള്ള പ്രദേശത്തെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വം കയ്യാളുന്ന വർഗീസ് ചൊവ്വന്നൂർ അടക്കമുള്ളവർ പിന്നീടാണ് സംഭവത്തിലേക്ക് വരുന്നത്. പൊലീസ് സ്റ്റേഷനില്‍ നിന്നും അവർ എഫ്ഐആർ സംഘടിപ്പിച്ചു. ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ കൂടിയായ സുജിത് മദ്യപിക്കുന്ന ആളല്ലെന്ന ഉറപ്പ് വർഗീസ് അടക്കമുള്ളവർക്ക് ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പുള്ള വൈദ്യ പരിശോധനയില്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് കൂടി ടെസ്റ്റ് ചെയ്യണമെന്ന് സുജിത് ഡോക്ടറോട് ആവശ്യപ്പെട്ടു. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മദ്യപിച്ചിട്ടില്ല എന്ന് കണ്ടെത്തി. ചാവക്കാട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സുജിതിനായി ജാമ്യാപേക്ഷ സമർപ്പിച്ചു.
എഫ് ഐ ആറും വൈദ്യപരിശോധനാ റിപ്പോർട്ടും തമ്മിലുള്ള വൈരുധ്യം പകല്‍ പോലെ വ്യക്തമായതോടെ സുജിതിന് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. പുറത്തിറങ്ങിയ സുജിതിന് ചെവിക്ക് കലശലായ വേദന അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയില്‍ കർണപുടം പൊട്ടിയെന്ന് കണ്ടെത്തി.
ഇവിടെ നിന്നാണ് മനുഷ്യാവകാശ ലംഘനം നടത്തിയ കുന്നംകുളം പൊലീസിനെതിരെ നിയമപരമായ പോരാട്ടത്തിന് വർഗീസ് ചൊവ്വന്നൂരും ശിഷ്യന്‍മാരും തയ്യാറെടുക്കുന്നത്. പൊലീസ് കംപ്ലയിന്റ് അതോറിറ്റി, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങി സാധ്യമായ എല്ലായിടത്തും പരാതി നല്‍കി. കസ്റ്റഡി മർദനം നടത്തിയ പൊലീസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കി. കമ്മീഷണർ അവഗണിച്ചതോടെ കോടതിയില്‍ പോയി. കോടതിയില്‍ ഹാജരാക്കാനായി സംഭവ ദിവസത്തെ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ക്കായി വിവരാവകാശ അപേക്ഷ നല്‍കി. വിവരാവകാശം തള്ളിയപ്പോള്‍ അപ്പീലുമായി വിവരാവകാശ കമ്മീഷനില്‍ പോയി. പൊലീസ് കമ്മീഷണർ വിവരാവകാശ കമ്മീഷനില്‍ ഹാജരാകേണ്ടി വന്നു. സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ വിവരാകാശ കമ്മീഷന്‍ ഉത്തരവിട്ടു. അതിനിടെ സുജിതിന്റെ സ്വകാര്യ അന്യായത്തില്‍ മർദ്ദനം നടത്തിയ പൊലീസുകാർക്കെതിരെ കേസെടുക്കാന്‍ കുന്നംകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കോടതി നേരിട്ട് അന്വേഷണം നടത്തുമെന്നും പ്രഖ്യാപിച്ചു. ഇതിന് പിറകേ മർദ്ദന ദൃശ്യങ്ങളുള്ള സിസിടിവി ഫൂട്ടേജും ലഭിച്ചു. അപ്പോഴേക്കും രണ്ടര വർഷം കഴിഞ്ഞു. എങ്കിലും മർദ്ദന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ കേരള മനസാക്ഷി ഉണർന്നു. വലിയ പ്രതിഷേധം ഉയർന്നു. കോണ്‍ഗ്രസുകാർ തെരുവിലിറങ്ങി. സംസാരിക്കുന്ന തെളിവുകളെ കുറിച്ച് എന്തെങ്കിലും പറയാന്‍ സർക്കാറിനോ ഭരിക്കുന്ന പാർട്ടിക്കോ വാക്കുകളുണ്ടായില്ല.
സഹപ്രവർത്തകരില്‍ ഒരാളെ പൊലീസ് ക്രൂരമായി മർദ്ദിച്ച വേദനയോടെ നീതിക്കായി വർഗീസ് ചൊവ്വന്നൂരും കൂട്ടരും മുട്ടാത്ത വാതിലുകളില്ല. വിഷയം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിലെ തന്നെ പ്രധാന നേതാക്കളോട് നേരിട്ട് അഭ്യർഥിച്ചിട്ടും ഫലമുണ്ടായില്ല. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍ തുടങ്ങിയവരൊന്നും വർഗീസിന്‍റെയും ശിഷ്യന്‍മാരുടെയും അഭ്യർഥന കേട്ടില്ല. വിഷയം നിയമസഭയില്‍ ഉന്നയിക്കാനായി ആറു തവണ ഷാഫി പറമ്പിലിന്റെ പാലക്കാട്ടെ ഓഫീസില്‍ പോയി. ഫലമുണ്ടായില്ല. രാഹുല്‍ മാങ്കൂട്ടത്തിലും അവഗണിച്ചു. ഒരു സന്ദർഭത്തിൽ രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വർഗീസ് ചൊവ്വന്നൂർ തന്റെ നിരാശ കലർന്ന പ്രതിഷേധം കുറിക്കുകയും ചെയ്തു.
നിയമപോരാട്ടത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനും നിശബ്ദമായി കാര്യങ്ങള്‍ നീക്കാനും പിന്നീടാണ് വർഗീസും സഹപ്രവർത്തകരും തീരുമാനിക്കുന്നത്. പൊലീസിനെതിരെ ഒരു പോസ്റ്റർ പോലും ഒട്ടിക്കാതെ ഒരു സമരം പോലും നടത്താതെ നിരന്തരമായ നിയമപോരാട്ടം. പോരാട്ടം പന്തിയല്ലെന്ന് മർദ്ദകരായ പൊലീസുകാർ മനസിലാക്കി. കോണ്‍ഗ്രസിലെ തന്നെ ചില പ്രമുഖ നേതാക്കള്‍ കേസ് ഒതുക്കാനായി ഇടപെട്ടു. ചില വ്യവസായികള്‍ ഇടപെട്ടു. വഴങ്ങില്ലെന്ന് ശപഥം ചെയ്ത വർഗീസും ശിഷ്യന്‍മാരും ഉറച്ചു നിന്നു. ഒടുവില്‍ മർദ്ദന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ എല്ലാവരും ഉണർന്നു. കെപിസിസി കേസ് നടത്തുമെന്ന് പി സി വിഷ്ണുനാഥ് പ്രഖ്യാപിച്ചു. ഡിസിസി പ്രസിഡണ്ട് ഓടിയെത്തി കുന്നംകുളം പൊലീസ് സ്റ്റേഷന്‍ മാർച്ചിന് നേതൃത്വം കൊടുത്തു.
വർഗീസും ശിഷ്യന്‍മാരും പക്ഷേ അവസാനിപ്പിച്ചിട്ടില്ല. കുന്നംകുളം കോടതിയിലെ കേസ് നടത്തണം. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ തന്നെ വാങ്ങിക്കൊടുക്കണം. ആ ശപഥം കൂടി അവർക്ക് പൂർത്തിയാക്കാനുണ്ട്. അപ്പോഴും പാർട്ടി നേതൃത്വം പിന്തുണക്കാതെ മാറി നിന്ന രണ്ടര വർഷത്തെ ദുരനുഭവം അവർക്ക് മുന്നില്‍ നോവായുണ്ട്. ഇപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റിട്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഗർജ്ജിച്ചും പിന്തുണക്കുന്നവർ നേരത്തേ തിരിഞ്ഞുനോക്കാന്‍ തയ്യാറാകാതിരുന്നവരാണെന്ന വേദന വർഗീസിനും ശിഷ്യന്‍മാർക്കുമുണ്ട്. പാർട്ടി പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിലും അത് രാഷ്ട്രീയ പ്രശ്നമായി മുന്നോട്ട് കൊണ്ടുപോകുന്നതിലും കോൺഗ്രസിൻ്റെ സംഘടനാ സംവിധാനം എന്തു മാത്രം ദുർബലമാണ് എന്നതിൻ്റെ ഉദാഹരണം കൂടിയാണ് കുന്നംകുളം എപിസോഡ്.
Adjust Story Font
16

