തെരഞ്ഞെടുപ്പ് അവലോകനം: തൃശൂരിൽ മൂന്ന് സീറ്റ് നഷ്ടമാകുമെന്ന് എൽഡിഎഫ് വിലയിരുത്തൽ
തൃശൂരിലെ ശക്തമായ ത്രികോണ മത്സരത്തിൽ, മികച്ച സ്ഥാനാർഥിയുണ്ടായിട്ടും എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് പാർട്ടി ആശങ്കപ്പെടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും ജില്ലാ കമ്മിറ്റികളുടെയും പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ തവണ നേടിയ 99 സീറ്റുകളിൽ നിന്ന് ഇടിവ് സംഭവിച്ചാലും, ഇത്തവണ 75 മുതൽ 83 വരെ സീറ്റുകൾ നേടി തുടർഭരണം ഉറപ്പാക്കാൻ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് ക്യാമ്പ്. സംസ്ഥാനത്ത് പോളിങ് ശതമാനം ഉയർന്നപ്പോൾ വോട്ട് വിഹിതത്തിൽ നേരിയ ഇടിവുണ്ടായേക്കാം എന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും, അധികാരം നിലനിർത്താൻ കഴിയുന്ന മാർജിനിലേക്ക് എത്താൻ കഴിയുമെന്ന് ബൂത്തുതല കണക്കുകളുടെ അടിസ്ഥാനത്തിൽ പാർട്ടി വിശ്വസിക്കുന്നു.
തൃശൂർ ജില്ലയിൽ എൽഡിഎഫിന്റെ കണക്കുകൂട്ടലുകൾക്ക് വലിയ മങ്ങലേറ്റിട്ടുണ്ട്. ജില്ലയിൽ തൃശൂർ, മണലൂർ, ചാലക്കുടി എന്നീ മൂന്ന് സീറ്റുകൾ നഷ്ടമാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂർ മണ്ഡലത്തിൽ മികച്ച സ്ഥാനാർഥിയെ നിർത്തിയിട്ടും എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടേക്കുമെന്ന വലിയ ആശങ്ക പാർട്ടിക്കുണ്ട്. ജില്ല കണ്ട ഏറ്റവും കനത്ത മത്സരം നടന്ന മണലൂരിൽ ബിജെപി പിടിക്കുന്ന വോട്ടുകൾ വിജയത്തിൽ നിർണായകമാകും. ഇതിനുപുറമെ, കൊടുങ്ങല്ലൂരിൽ യുഡിഎഫ് സ്ഥാനാർഥിയുടെ മുന്നേറ്റം, ഗുരുവായൂരിലെ സമുദായ വോട്ടുകൾ, ഇരിങ്ങാലക്കുടയിലെ സഭാ വോട്ടുകൾ എന്നിവയും പാർട്ടിയെ കാര്യമായി ആശങ്കപ്പെടുത്തുന്നുണ്ട്.
കോഴിക്കോട് ജില്ലയിൽ ഇരു മുന്നണികളും വലിയ പ്രതീക്ഷയിലാണ് തെരഞ്ഞെടുപ്പ് ഫലത്തെ നോക്കിക്കാണുന്നത്. ഇടതുകോട്ടകളിൽ ചിലയിടങ്ങളിൽ വലിയ വിള്ളൽ വീണിട്ടുണ്ടെന്നാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. ജില്ലയിലെ ആകെയുള്ള 13 സീറ്റുകളിൽ എട്ട് സീറ്റുകൾ നിലനിർത്തുമെന്നും എന്നാൽ അഞ്ച് സീറ്റുകൾ വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും എൽഡിഎഫ് കണക്കുകൂട്ടുന്നു. അതേസമയം, ജില്ലയിൽ പത്ത് സീറ്റുവരെ നേടാമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ബേപൂർ, പേരാമ്പ്ര, എലത്തൂർ എന്നീ മണ്ഡലങ്ങളിൽ കടുത്ത പോരാട്ടമാണ് നടന്നതെന്നും അവിടെ യുഡിഎഫ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും അവർ വിലയിരുത്തുന്നു.
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും പൊതുവെ അനുകൂലമായ സാഹചര്യമാണ് എൽഡിഎഫ് കാണുന്നത്. തിരുവനന്തപുരം ജില്ലയിലെ 14 സീറ്റുകളിൽ സിറ്റിങ് സീറ്റായ കോവളം ഒഴികെ ബാക്കി 13 ഇടത്തും എൽഡിഎഫ് വിജയിക്കുമെന്നും ജില്ലയിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും റിപ്പോർട്ട് പറയുന്നു. നേമത്തും തിരുവനന്തപുരത്തും അതിശക്തമായ മത്സരം നടന്നുവെങ്കിലും നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിയും. പത്തനംതിട്ടയിലെ അഞ്ചു മണ്ഡലങ്ങളും എൽഡിഎഫ് നിലനിർത്തുമെങ്കിലും, ആലപ്പുഴയിൽ നിലവിലുള്ള എട്ട് മണ്ഡലങ്ങളിൽ അരൂരും കുട്ടനാടും ഉൾപ്പെടെ മൂന്നെണ്ണം നഷ്ടപ്പെട്ടേക്കാം. അമ്പലപ്പുഴയിൽ പക്ഷെ എച്ച്. സലാം മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. കൊല്ലത്ത് കടുത്ത മത്സരം നടന്ന കുണ്ടറയിലും കുന്നത്തൂരും ഉൾപ്പെടെ ആറു മുതൽ ഒമ്പത് വരെ സീറ്റുകളിൽ വിജയസാധ്യതയുണ്ട്. കോട്ടയത്ത് ഏറ്റുമാനൂർ, പാലാ തുടങ്ങിയ മണ്ഡലങ്ങളിലും, എറണാകുളത്ത് കളമശ്ശേരി, കൊച്ചി ഉൾപ്പെടെയുള്ള അഞ്ച് സിറ്റിങ് സീറ്റുകളും നിലനിർത്താനാകുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു.
വടക്കൻ കേരളത്തിൽ എൽഡിഎഫ് തങ്ങളുടെ ആധിപത്യം തുടരുമെന്നാണ് വിലയിരുത്തൽ. പാലക്കാട് ജില്ലയിൽ ഭൂരിപക്ഷം കുറഞ്ഞാലും 10 സീറ്റുകൾ നിലനിർത്താനും മലപ്പുറത്ത് പൊന്നാനിയും തവന്നൂരും വിജയിക്കാനും കഴിയുമെന്ന് പാർട്ടി കരുതുന്നു. കണ്ണൂരിൽ പേരാവൂരും ഇരിക്കൂറും ഒഴികെ ബാക്കി ഒമ്പത് ഇടങ്ങളും നിലനിർത്തുമെന്നും, തളിപ്പറമ്പിലും പയ്യന്നൂരിലും വിമതർ അട്ടിമറി നടത്തില്ലെന്നും ഉറപ്പിച്ചു പറയുന്നു. കാസർക്കോട് ഉദുമയിൽ കനത്ത മത്സരമാണെങ്കിലും നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കും. കഴിഞ്ഞ ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന്റെ ബൂത്തുതല അവലോകന കണക്കുകൾ വലിയ രീതിയിൽ പരാജയപ്പെട്ടിരുന്നു എന്നത് യാഥാർഥ്യമാണെങ്കിലും, ചില ജില്ലകളിൽ സീറ്റുകൾ കുറഞ്ഞാലും തുടർഭരണം ഉറപ്പാണെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് ഇപ്പോൾ മുന്നോട്ട് പോകുന്നത്.
Adjust Story Font
16

