Quantcast

ശിഷ്യനു പിന്നാലെ ആശാനും അകത്ത് പോകും: മുഖ്യമന്ത്രിക്കെതിരെ കെ. സുധാകരൻ

പിണറായി മൗനം വെടിയണമെന്നും ജനങ്ങളും പ്രതിപക്ഷവും ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2023-02-15 11:12:05.0

Published:

15 Feb 2023 11:06 AM GMT

ശിഷ്യനു പിന്നാലെ ആശാനും അകത്ത് പോകും: മുഖ്യമന്ത്രിക്കെതിരെ കെ. സുധാകരൻ
X

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ ശിഷ്യനു പിന്നാലെ ആശാനും അകത്ത് പോകുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ.മുഖ്യമന്ത്രി പടുത്തുയർത്തിയ നുണകൾ ചീട്ടുകൊട്ടാരം പോലെ വീണ്ടും തകർന്നു . ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണത്തിന് എതിരെ സുപ്രീം കോടതിയിൽ നൽകിയ അപ്പിൽ പിൻവലിക്കാൻ ധൈര്യമുണ്ടോ എന്ന് ചോദിച്ച സുധാകരൻ മുഖ്യമന്ത്രിയുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കറെന്നും പറഞ്ഞു.

ലൈഫ് മിഷൻ കേസിൽ രണ്ടാം തവണയാണ് ശിവശങ്കറിന്റെ അറസ്റ്റെന്നും സ്വപ്നയുടെ ആരോപണങ്ങൾ പുറത്ത് വന്നപ്പോൾ ആദ്യം ഇഡി അനങ്ങാപാറ നയം സ്വീകരിച്ചെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. ശിവശങ്കർ കമ്മീഷൻ വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. മുഖ്യമന്ത്രി ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പദവി ഒഴിയണമെന്നും ബിജെപിയും മാർക്സിസ്റ്റ് പാർട്ടിയും തമ്മിൽ അന്തർധാര സജീവമായതിനാൽ കേസ് എവിടെയെങ്കിലും എത്തുമെന്ന് തോന്നുന്നില്ല. ഇഡിയുടെ വരവ് കാര്യങ്ങൾ പൂർത്തീകരിക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രിക്ക് പങ്ക് ഇല്ലങ്കിൽ സ്വന്തം ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ മുഖ്യമന്ത്രി അറിയുന്നില്ലേ എന്ന് ചോദിച്ച കെ മുരളീധരൻ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കണമെന്നും അല്ലാതെ ഇഡി അന്വേഷിച്ചാലും പൂർണതയിൽ എത്തിയില്ലെന്നും പറഞ്ഞു. യുഡിഎഫ് സമരം നടത്തുന്നുണ്ട്. അക്രമ സമരങ്ങളിലേക്ക് യുഡിഎഫ് പോകില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

ഒന്നാം പിണറായി സർക്കാറിലെ മൂടി വയ്ക്കപ്പെട്ട അഴിമതികൾ പുറത്തു വരികയാണ്, മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവ്വധികാരത്തോടെ പ്രവർത്തിച്ച ആൾ ആണ് കോഴക്കേസിൽ അറസ്റ്റിലായത് അതിനാൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. എന്ത്‌ കൊണ്ട് മുഖ്യമന്ത്രിയും സർക്കാരും സിബിഐ അന്വേഷണം ഭയക്കുന്നുവെന്നും പിണറായി മൗനം വെടിയണമെന്നും കേരളത്തിലെ മുഖ്യമന്ത്രി ജനങ്ങളും പ്രതിപക്ഷവും ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

ലൈഫ് മിഷൻ കോഴ ഇടപാടിലെ കള്ളപ്പണക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെകോടതിയിൽ ഹാജരാക്കി. കലൂർ കോടതിയിലാണ് ശിശങ്കറിനെ ഹാജരാക്കിയത്. കേസിലെ അഞ്ചാംപ്രതിയാണ് ശിവശങ്കർ. കേസിൽ 3 കോടി 38 ലക്ഷത്തിന്റെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇ ഡി കണ്ടെത്തൽ. ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ ഇ ഡി ഇന്ന് കോടതിയിൽ സമർപ്പിക്കും.

നീണ്ട ചോദ്യം ചെയ്യലിന്നൊടുവിൽ ഇന്നലെ രാത്രി 11.30 ഓടെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവ ശങ്കറിന്റെ അറസ്റ്റ് ഇ ഡി രേഖപ്പെടുത്തിയത്. ലോക്കറിൽ നിന്ന് ഒരു കോടി രൂപ കണ്ടെത്തിയതിന് പിന്നാലെ സ്വപ്ന സുരേഷ് നൽകിയ മൊഴിയാണ് എം ശിവ ശങ്കറിന്റെ അറസ്റ്റിൽ നിർണായകമായത്. ശിവശങ്കറിനു ലഭിച്ച കോഴ പണമാണ് ഇതെന്നായിരുന്നു സ്വപ്നയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദമായ ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിൽ ശിവശങ്കർ കുറ്റസമ്മതം നടത്തിയിട്ടില്ല. അതിനാൽ കുറ്റസമ്മത മൊഴിയില്ലാതെയാണ് ഇ ഡി അറസ്റ്റിലേക്ക് കടന്നത്. കേസിൽ 3 കോടി 38 ലക്ഷത്തിന്റെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്നാണ് ഇ ഡി യുടെ കണ്ടെത്തൽ.

TAGS :

Next Story