Quantcast

'സങ്കുചിത കക്ഷിരാഷ്ട്രീയത്തിനപ്പുറം കലാസാഹിത്യ മേഖലകളിൽ സഹകരണം വേണം'; സിനിമാ പോസ്റ്റർ വിവാദത്തില്‍ എം.എ ബേബി

ഹരീഷ് പേരടിയുടെ സിനിമയുടെ പോസ്റ്റർ പങ്കുവെച്ചതിന് പിന്നാലെയാണ് എം.എ ബേബിക്കെതിരെ ഫേസ്ബുക്കിൽ വിമർശനങ്ങളുയരുന്നത്

MediaOne Logo

Web Desk

  • Updated:

    2023-02-12 13:11:01.0

Published:

12 Feb 2023 10:22 AM GMT

MA Baby, responds,  criticism, hareesh peradi, cinema, breaking news malayalam,
X

തിരുവനന്തപുരം: സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബിക്കെതിരെ ഫേസ്ബുക്കിൽ ഉയർന്ന വിമർശനങ്ങള്‍ക്ക് മറുപടിയുമായി എം.എ ബേബി. ഹരീഷിന്റെ അഭ്യർത്ഥന പ്രകാരമാണ് പോസ്റ്റർ പങ്കുവെച്ചത്. തനിക്കും തന്റെ പാർട്ടിക്കും യോജിക്കാൻ കഴിയാത്ത കാര്യങ്ങൾ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹം നിർമ്മിക്കുന്ന സിനിമയുടെ പോസ്റ്റർ എന്റെ ഫേസ്ബുക്കിൽവന്നതോടെ, അത്തരം നിലപാടുകൾക്ക് ഞാൻ അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല എന്നും അദ്ദേഹം തന്‍റെ ഫേസ്ബുക്കിൽ കുറിച്ചു. സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി കലാസാഹിത്യമേഖലകളിൽ വിമർശനപരമായ സഹകരണം വിശാലാടിസ്ഥാനത്തിൽ സാധ്യമാവണം എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ഹരീഷ് പേരടിയുടെ സിനിമയുടെ പോസ്റ്റർ പങ്കുവെച്ചതിന് പിന്നാലെയാണ് എം.എ ബേബിക്കെതിരെ ഫേസ്ബുക്കിൽ വിമർശനങ്ങളുയരുന്നത്. സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും തുടർച്ചയായി വിമർശിക്കുന്ന ആളുടെ പ്രമോഷൻ ഏറ്റെടുത്തത് തെറ്റായിപ്പോയെന്നായിരുന്നു വിമർശനം.ഇന്ന് രാവിലെയാണ് ദാസേട്ടന്‍റെ സൈക്കിള്‍ എന്ന ചിത്രത്തിന്‍റെ പോസ്റ്റർ എം.എ ബേബി തന്‍റെ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇതിന് പിന്നാലെ പോസ്റ്റിനെ വിമർശിക്കുന്ന കന്‍റുകളുമായി സി.പി.എം പ്രവർത്തകരടക്കമുള്ളവർ എത്തുകയായിരുന്നു. സർക്കാരിനെതിരെ വ്യാജ പ്രചരണം നടത്തുന്ന സാമൂഹ്യവിരുദ്ധനെ എന്തിനാണ് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിന്തുണക്കുന്നതെന്നാണ് വിമർശകർ ചോദിക്കുന്നത്. സഖാവേ ലേശം ഉളുപ്പ് വേണം എന്ന് അടക്കമുള്ള കമന്‍റുകളാണ് ഫേസ്ബുക്ക് പോസ്റ്റിന്‍റെ കമന്‍റിൽ ഉയർന്നിരുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

'ദാസേട്ടന്റെ സൈക്കിൾ' എന്ന മലയാളസിനിമയുടെ പോസ്റ്റർ അതിന്റെ നിർമ്മാതാവിന്റെ അഭ്യർത്ഥനപ്രകാരം ഞാനെന്റെ ഫേസ്ബുക്കിൽ പങ്കുവക്കുകയുണ്ടായി. 'ഇടതുപക്ഷവിരുദ്ധന്റെ' സിനിമക്ക് ഞാനെന്തിനുപ്രചാരണം നൽകുന്നു എന്നചോദ്യം സാമൂഹ്യമാദ്ധ്യമങ്ങളിൽ പലരും ഉയർത്തിയത് എനിക്ക് ചിലസുഹൃത്തുക്കൾ അയച്ചുതരികയുണ്ടായി.

ജയപ്രകാശ് കുളൂരിന്റെ 'അപ്പുണ്ണികളുടെ റേഡിയോ' എന്ന ഒരു നാടകമാണ് അപ്പുണ്ണി ശശി, ഹരീഷ് പേരടി എന്നീ നടന്മാരുമായി എനിക്കുള്ള സൗഹൃദം ഉറപ്പിച്ചത്.

അതിപ്രഗൽഭരായ ആരണ്ടുനടന്മാരും പുതിയ ഉയരങ്ങൾ കീഴടക്കുന്നുവെന്ന് കേൾക്കാനല്ലാതെ അവരുടെ ചലച്ചിത്രജീവിതം സിനിമകണ്ട് വിലയിരുത്താൻ എനിക്ക് അവസരം കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഹരീഷിന്റെ അഭ്യർത്ഥന: ചലച്ചിത്രനിർമ്മാതാവായി തന്റെ ആദ്യസംരഭത്തിന്റ പോസ്റ്റർ ഒന്നു റിലീസ് ചെയ്യണം.

12 ന് ആന്ധ്രയിലെ വിജയവാഡയിലാണെന്നുപറഞ്ഞപ്പോൾ പ്രശ്നമില്ല; ഫേസ് ബുക്കിൽമതി എന്നറിയിച്ചു. ഇതാണ് സംഭവിച്ചത്. എനിക്കും എന്റെ പാർട്ടിക്കും യോജിക്കാൻകഴിയാത്തകാര്യങ്ങൾ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കിൽ ; അദ്ദേഹം നിർമ്മിക്കുന്ന സിനിമയുടെ പോസ്റ്റർ എന്റെ ഫേസ്ബുക്കിൽവന്നതോടെ, അത്തരം നിലപാടുകൾക്ക് ഞാൻ അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി കലാസാഹിത്യമേഖലകളിൽ വിമർശനപരമായ സഹകരണം വിശാലാടിസ്ഥാനത്തിൽ സാദ്ധ്യമാവണം എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാട്.

TAGS :

Next Story