'അതിദാരിദ്ര്യം മാത്രമേ മാറിയിട്ടുള്ളൂ, ദാരിദ്ര്യം ഇനിയും മുന്നിലുണ്ട്': മമ്മൂട്ടി
വിശക്കുന്ന വയറിന് മുന്നിൽ ഒരു വികസനത്തിനും വിലയില്ലെന്നും മമ്മൂട്ടി പറഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ അതിദാരിദ്ര്യം മാത്രമേ മാറിയിട്ടുള്ളൂവെന്നും ദാരിദ്ര്യം ഇനിയും നമ്മുടെ മുന്നിലുണ്ടെന്ന് മമ്മൂട്ടി. നേട്ടങ്ങളെല്ലാം നേടിയത് സാമൂഹ്യബോധത്തിന്റെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനത്തിലാണ്. കേരളം തന്നേക്കാൾ ചെറുപ്പമാണെന്നും തോളോട് തോൾ ചേർന്ന് ദാരിദ്ര്യത്തെ നേരിടാമെന്നും മമ്മൂട്ടി പറഞ്ഞു. കേരള സർക്കാർ സംഘടിപ്പിച്ച അതിദാരിദ്ര്യ മുക്ത കേരളം പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.
'കേരളം തന്നേക്കാൾ ചെറുപ്പമാണ്. കേരളത്തിന്റെ പല സൂചികകളും ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. വികസനം എന്ന് പറയുമ്പോൾ ആരുടെ വികസനമാണ്. വികസിക്കേണ്ടത് സാമൂഹ്യജീവിതമാണ്. രാജപാതകളും വലിയ കെട്ടിടങ്ങളും നിർമിക്കുന്നതുകൊണ്ട് വികസനം സാധ്യമാകുന്നില്ല. വികസനം പൂർണതോതിൽ എത്തണമെങ്കിൽ ദാരിദ്ര്യത്തെ പരിപൂർണമായും തുടച്ചുമാറ്റണം. അത്തരത്തിലുള്ള സ്ഥലങ്ങളിൽ എന്റെ അറിവിൽ അപൂർവമായിട്ടേയുള്ളൂ.. ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനമാണെങ്കിലും വിശക്കുന്ന വയറിന് മുന്നിൽ ഒരു വികസനത്തിനും വിലയില്ല. എല്ലാവർക്കും കേരളപ്പിറവി ദിനാശംസകളും ഇന്ന് ജനിച്ചവർക്ക് ജന്മദിനാശംസകളും' മമ്മൂട്ടി പറഞ്ഞു.
പരിപാടിയിൽ വിശിഷ്ടാതിഥിയായെത്തിയ മമ്മൂട്ടിക്ക് സർക്കാർ ഉപഹാരം നൽകി. എട്ട് മാസങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി പൊതുപരിപാടിയിൽ പങ്കെടുത്തത്.
Adjust Story Font
16

