'നല്ല വോട്ട് ചീത്ത വോട്ട് എന്നൊന്നില്ല, എസ്‍ഡിപിഐ ഉൾപ്പെടെയുള്ളവരുടെ വോട്ട് സ്വീകരിക്കും'; മങ്കട എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി
ജനാധിപത്യത്തിൽ ആരെയും മാറ്റിനിർത്താൻ കഴിയില്ലന്നും കുന്നത്ത് മുഹമ്മദ് മീഡിയവണിനോട് പറഞ്ഞു

മങ്കട: എസ്‍ഡിപിഐ ഉൾപ്പെടെയുള്ളവരുടെ വോട്ട് സ്വീകരിക്കുമെന്ന് മങ്കടയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കുന്നത്ത് മുഹമ്മദ്. എൽഡിഎഫിന്റെയും ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയുണ്ട്. എസ്‍ഡിപിഐയോട് നിലവിൽ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും വോട്ട് സ്വീകരിക്കും. ജനാധിപത്യത്തിൽ ആരെയും മാറ്റിനിർത്താൻ കഴിയില്ലന്നും, നല്ല വോട്ട് ചീത്ത വോട്ട് എന്നൊന്നില്ലെന്നും കുന്നത്ത് മുഹമ്മദ് മീഡിയവണിനോട് പറഞ്ഞു.
എസ്‍ഡിപിഐ ആര്‍ക്ക് പിന്തുണ കൊടുക്കുമെന്ന് അറിയില്ല. സ്വതന്ത്രന്‍ എന്ന നിലയില്‍ ആരുടെയും വോട്ട് സ്വീകരിക്കുമെന്നും കുന്നത്ത് മുഹമ്മദ് പറഞ്ഞു.
അതേസമയം, മങ്കടയിലെ എസ്‍ഡിപിഐ പിന്തുണ വേണ്ടെന്ന് പറയുമോയെന്ന് ചോദ്യത്തിന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമായ മറുപടി നൽകിയിരുന്നില്ല . നിങ്ങളുടെ വിഷമം എല്ലാവർക്കും മനസിലാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സംശുദ്ധരായ സ്വതന്ത്രരെ എല്‍ഡിഎഫ് പരീക്ഷിക്കാറുണ്ടെന്നും മലപ്പുറത്തെ ഇത്തരം പരീക്ഷണങ്ങള്‍ ജനം സ്വീകരിച്ചിട്ടുണ്ടെന്നും പിണറായി പാലക്കാട്ട് പ്രതികരിച്ചിരുന്നു.
മങ്കട ഇത്തവണ ജയിക്കും നല്ല സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തിയിരിക്കുന്നത്. വ്യാജ പ്രചാരണം നടത്തി എൽഡിഎഫിനെ കുരുക്കിയിടാനാണ് ശ്രമം . അത് ജനങ്ങൾ വിശ്വസിക്കില്ല. രമേശ് ചെന്നിത്തല നുണ പ്രചാരണം നടത്തുകയാണ്. ചെന്നിത്തല ചിലരോട് മത്സരിക്കുകയാണ് . അതിന് നുണ പ്രചാരണം നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മങ്കടയിൽ എസ്‍ഡിപിഐയുടെ പിന്തുണയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് 'നിങ്ങളുടെ വിഷമം മനസിലാകുന്നുണ്ട്, നിങ്ങൾ ആ വിഷയം കൊണ്ട് നടക്കൂ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Adjust Story Font
16

