'വേടനെ പോലും സ്വീകരിച്ചു'; പരാതികളില്ലാതെ അഞ്ച് വർഷം അവാർഡ് പ്രഖ്യാപിച്ചതായി സജി ചെറിയാൻ
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനു കുട്ടികളുടെ സിനിമകളെ അവഗണിച്ചതിനെതിരെ വ്യാപക വിമർശനം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനു കുട്ടികളുടെ സിനിമകളെ അവഗണിച്ചതിനെതിരെ വ്യാപക വിമർശനം. കുട്ടികളുടെ കുറേക്കൂടി നല്ല സിനിമകൾ ഉണ്ടാവണമെന്നുമുള്ള ജൂറിയുടെ വിലയിരുത്തലിനെതിരെയാണ് പ്രതിഷേധം. പ്രശ്നം ചർച്ച ചെയ്യാൻ ഉടൻ യോഗം വിളിക്കുമെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം. അതേസമയം, പരാതികളില്ലാതെ അഞ്ചാമതും ചലചിത്ര അവാർഡ് പ്രഖ്യാപിച്ചതായി സജി ചെറിയാൻ. 'മോഹൻലാലിനെ സ്വീകരിച്ചു, മമ്മൂട്ടിയെ സ്വീകരിച്ചു, വേടനെ പോലും സ്വീകരിച്ചു. പരാതികളില്ലാതെ അഞ്ച് വർഷം സിനിമ അവാർഡ് പ്രഖ്യാപനം നടത്തി.' സജി ചെറിയാൻ പറഞ്ഞു.
എന്നാൽ വേടൻ പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നു. 'വേടനെ പോലും' എന്ന വാക്ക് വളച്ചൊടിക്കരുതെന്നും വേടൻ്റെ വാക്കുകൾ മാത്രമാണ് താൻ ഉപയോഗിച്ചതെന്നും ഗാനരചയിതാവല്ലാത്ത വേടന് അവാർഡ് നൽകിയത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും സജി ചെറിയാൻ വിശദീകരിച്ചു.
കുട്ടികളുടെ ആറ് ചിത്രങ്ങളാണ് മത്സരത്തിന് തെരഞ്ഞെടുത്തത്. എന്നാൽ അവാർഡിന് പരിഗണിക്കാൻ തക്ക നിലവാരമുള്ളവയായിരുന്നില്ലെന്നും. മികച്ച കുട്ടികളുടെ സിനിമ, മികച്ച ബാലതാരം ആൺ, മികച്ച ബാലതാരം പെൺ എന്നീ വിഭാഗങ്ങളിൽ അവാർഡുകൾ നൽകേണ്ടതില്ലെന്ന് ജൂറി തീരുമാനിക്കുകയായിരുന്നു. സമർപ്പിക്കപ്പെട്ട ചിത്രങ്ങൾ കുട്ടികളുടെ വീക്ഷണകോണിൽ നിന്നുള്ളവയായിരുന്നില്ല. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ കുട്ടികൾക്കായി സൃഷ്‌ടിക്കപ്പെട്ടതുമില്ല എന്നും ജൂറി വിലയിരുത്തി.
എന്നാൽ ഇപ്പോൾ ജൂറിയുടെ വിലയിരുത്തലിൽ വിമർശനം ശക്തമാകുകയാണ്. ജൂറി കണ്ണടച്ച് ഇരുട്ടാക്കരുതെന്ന് ബാലതാരം ദേവനന്ദ വിമർശിച്ചു. തീരുമാനത്തിനെതിരെ സ്താനാർത്തി ശ്രീക്കുട്ടൻ സിനിമയുടെ അണിയറപ്രവർത്തകരും രംഗത്തെത്തി. സ്താനാർത്തി ശ്രീക്കുട്ടനും, ഗു, ഫീനിക്സും, ARM അടക്കമുള്ള ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ട്. കുട്ടികൾ പ്രധാന കഥാപാത്രമായ, ദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട സിനിമ ഉണ്ടായിട്ടും ക്രിയേറ്റീവ് മൂല്യമില്ലെന്ന ജൂറിയുടെ വാദം നിരുത്സാഹപ്പെടുത്തുന്നതാണെന്നും വിമർശനമുണ്ട്. വിഷയം പരിശോധിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. അടുത്ത വർഷം ബാലതാരങ്ങൾക്ക് സമ്മാനം ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി.
Adjust Story Font
16

