Quantcast

തൊണ്ടിമുതൽ കേസ്; ആന്‍റണി രാജു കുറ്റക്കാരൻ

നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2026-01-03 08:19:07.0

Published:

3 Jan 2026 11:14 AM IST

തൊണ്ടിമുതൽ കേസ്; ആന്‍റണി രാജു കുറ്റക്കാരൻ
X

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ള തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്. ഒന്നാം പ്രതി ക്ലാർക്ക് ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.

1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടെതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.

പിന്നീട് ഓസ്ട്രേലിയയില്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട കഴിയവെ സഹതടവുകാരനോട് തൊണ്ടിമുതലില്‍ കൃത്രിമം നടത്തി രക്ഷപ്പെടുത്തിയ വിവരം ആന്‍ഡ്രൂ വെളിപ്പെടുത്തി. സഹ തടവുകാരന്‍ ഓസ്ട്രേലിയയിലെ പൊലീസിനോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് ഇന്റര്‍പോള്‍ ആണ് സിബിഐക്ക് വിവരം കൈമാറിയത്. സിബിഐ കേരള പോലീസിനെ ഇക്കാര്യം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐ കെ. കെ ജയമോഹന്‍ ഹൈക്കോടതിയെ സമീച്ചതിനെ തുടര്‍ന്നാണ് തൊണ്ടിമുതല്‍ കേസില്‍ അന്വേഷണം നടത്തിയത്. തൊണ്ടിമുതല്‍ ആന്റണി രാജുവിന് കൊടുത്തുവിട്ട ക്ലാര്‍ക്ക് ജോസാണ് ഒന്നാംപ്രതി.

മജിസ്‌ട്രേറ്റ് കോടതിക്ക് വിധി പറയാനാകില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ഉപഹരജി നല്‍കി. ജീവപര്യന്തം തടവാണ് പരമാവധി ശിക്ഷ.

TAGS :

Next Story