'പ്രിയ സുഹൃത്തിന്റെ വിയോഗം അവിശ്വസനീയം, വേദനാജനകം'; സി.ജെ റോയ്‌യുടെ മരണത്തിൽ മോഹൻലാൽ
'അതീവ ദുഃഖത്തിന്റെ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ് എന്റെ ഹൃദയം'.

- Updated:
2026-01-31 03:10:04.0

തിരുവനന്തപുരം: ആദായ നികുതി റെയ്ഡിനിടെ ബംഗളൂരുവിൽ ജീവനൊടുക്കിയ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ റോയ്‌യുടെ മരണത്തിൽ വേദന പങ്കുവച്ചും അനുശോചിച്ചും നടൻ മോഹൻലാൽ. തന്റെ പ്രിയ സുഹൃത്ത് സി.ജെ റോയ്‌യുടെ വിയോഗം അവിശ്വസനീയവും അത്യന്തം വേദനാജനകവുമാണെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
'അതീവ ദുഃഖത്തിന്റെ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ് എന്റെ ഹൃദയം. അദ്ദേഹം എനിക്കൊരു സുഹൃത്തിനേക്കാളും മുകളിലായിരുന്നു. സ്നേഹത്തോടും ഊഷ്മളതയോടെയും റോയ് എന്നും ഓർമിക്കപ്പെടും'- മോഹൻലാൽ അനുശോചിച്ചു.
സമ്പന്നതയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും തീർത്തും സാധാരണക്കാരനെപ്പോലെ പെരുമാറുകയും പാവപ്പെട്ടവരെ സഹായിക്കുകയും ചെയ്ത ബിസിനസ് അതികായനായിരുന്നു റോയ്. അഭിമുഖങ്ങളിലും പൊതുപരിപാടികളിലും തികഞ്ഞ ആത്മവിശ്വാസത്തോടെ ചിരിച്ചു മാത്രം കണ്ടിട്ടുള്ള അദ്ദേഹത്തിന്റെ ആത്മഹത്യ മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
ഇന്നലെ ബംഗളൂരുവിലെ ഓഫീസിലും കഫെയിലും റെയ്ഡ് നടക്കുന്നതിനിടെയാണ് അദ്ദേഹം ജീവനൊടുക്കിയത്. ഐടി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് ഉച്ചക്ക് ശേഷമാണ് റോയ് ഓഫീസിലെത്തിയത്. ഒന്നര മണിക്കൂറോളം ആദായനികുതി വകുപ്പ് റോയിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ.
അശോക് നഗറിലെ ഹൊസൂർ റോഡിലാണ് കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസ്. റിയൽ എസ്റ്റേറ്റ് രംഗത്താണ് കോൺഫിഡന്റ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. കേരളത്തിനകത്തും പുറത്തും ഗൾഫിലും നിരവധി സംരംഭങ്ങളാണ് കോൺഫിഡന്റ് ഗ്രൂപ്പിനുള്ളത്. കേരളത്തിലും ബംഗളൂരുവിലും ഗൾഫിലും കമ്പനിക്ക് നിക്ഷേപമുണ്ട്. സിനിമാ നിർമാണരംഗത്തും റോയ് പ്രവർത്തിച്ചിരുന്നു. നാല് സിനിമകൾ സി.ജെ റോയ് നിർമിച്ചിട്ടുണ്ട്.
Adjust Story Font
16
