Quantcast

സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിൽ ആശങ്കയറിയിച്ച് പി.എ മുഹമ്മദ് റിയാസ്

മതനിരപേക്ഷതയും ബഹുസ്വരതയും ഉയർത്തിപ്പിടിക്കുന്ന നമ്മുടെ പൊതുബോധത്തോട് കൂടുതൽ ചേർന്നുനിൽക്കുന്ന സമീപനങ്ങൾ സ്വീകരിക്കാൻ പുതിയ സർക്കാർ ശ്രദ്ധിക്കണമെന്നും റിയാസ് പറഞ്ഞു

MediaOne Logo
സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിൽ ആശങ്കയറിയിച്ച് പി.എ മുഹമ്മദ് റിയാസ്
X

തിരുവനന്തപുരം: വി.ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിൽ ആശങ്ക രേഖപ്പെടുത്തി മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ്. പുതിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആശംസ അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് റിയാസ് വന്ദേമാതരത്തിന്റെ കാര്യത്തിൽ ആശങ്ക പങ്കുവെച്ചത്.

ഔദ്യോഗികമായി പൊതുവെ അംഗീകരിക്കുകയും ആലപിക്കപ്പെടുകയും ചെയ്തിരിക്കുന്നത് വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ഈരടികളാണ്. വന്ദേമാതരത്തിലെ തുടർന്ന് വരുന്ന ചില ഭാഗങ്ങൾ ചരിത്രപരമായി വിവാദങ്ങൾക്ക് ഇടയാക്കിയതും ആശങ്ക ഉയർത്തിയതുമാണ്. രാജ്യത്തിന്റെ സ്വാതന്ത്യത്തിനു മുമ്പും സ്വാതന്ത്ര്യാനന്തര കാലത്തും വിവിധ സംസ്ഥാനങ്ങളിൽ വന്ദേമാതരം നിർബന്ധിതമാക്കാനുള്ള ശ്രമങ്ങൾ വിവാദമായിരുന്നല്ലോ. ചില സംഘടനകളും പൗരാവകാശ പ്രവർത്തകരും ഇത് നിർബന്ധമാക്കുന്നത് ഭരണഘടനാ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയും ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നതുമാണ്.

സുപ്രിംകോടതിയുടെ സമീപകാല നിരീക്ഷണപ്രകാരം, വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം സംസ്ഥാനങ്ങൾക്ക് ഒരു നിർദേശം മാത്രമാണ്. അത് നിർബന്ധിതമല്ലെന്നും അനുസരിക്കാത്തതിന് യാതൊരു ശിക്ഷാനടപടിയും ഇല്ലെന്നും വ്യക്തമാക്കിയിട്ടുമുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിൽ ലോക്ഭവന്റെ ഭാഗത്തുനിന്നും വന്ന പല നിർദേശങ്ങളും തിരുത്താൻ കാണിച്ച ഇടപെടൽ വന്ദേമാതരം മുഴുവനായും ചൊല്ലിയ വിഷയത്തിൽ ഉണ്ടാവണമായിരുന്നു. മതനിരപേക്ഷതയും ബഹുസ്വരതയും ഉയർത്തിപ്പിടിക്കുന്ന നമ്മുടെ പൊതുബോധത്തോട് കൂടുതൽ ചേർന്നുനിൽക്കുന്ന സമീപനങ്ങൾ സ്വീകരിക്കാൻ പുതിയ സർക്കാർ ശ്രദ്ധിക്കണമെന്നും ഇടതുപക്ഷ എംഎൽഎ എന്ന നിലയിൽ സർക്കാരിനെ തുടക്കത്തിലെ കണ്ണടച്ച് എതിർക്കുകയാണെന്ന് ഈ നിലപാട് പറഞ്ഞതിന്റെ ഭാഗമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതിന് പകരം ഈ വിഷയത്തിൽ ഭരണഘടന മുറുകെപ്പിടിച്ച് ഉയർത്തിയ മെറിറ്റിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റിയാസ് പറഞ്ഞു.

TAGS :

Next Story