തെക്കൻ കേരളത്തിൽ 5 ജില്ലകളിൽ മുസ്ലിം ലീഗിന് സീറ്റില്ല; കോണ്‍ഗ്രസ് പിടിച്ചെടുത്തു
കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മുസ്ലിം ലീഗിന് സീറ്റില്ലാത്തത്

എറണാകുളം: തെക്കൻ കേരളത്തിലെ ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തിൽ മുസ്‌ലിം ലീഗിന് അതൃപ്തി. അഞ്ചിടത്ത് ലീഗിന് സീറ്റ് നൽകാത്തതിനെ തുടർന്നാണ് മുന്നണിയിൽ പ്രതിസന്ധി രൂപപ്പെട്ടത്. കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മുസ്ലിം ലീഗിന് സീറ്റില്ലാത്തത്. കൊല്ലത്തും ആലപ്പുഴയിലും ലീഗ് സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഈ സാഹചര്യത്തിൽ തനിച്ച് മത്സരിക്കാൻ ആലോചിക്കുകയാണ് മുസ്ലീം ലീഗ്.
ജില്ലാ പഞ്ചായത്തുകളിലേക്കുള്ള സീറ്റുകളിലാണ് ലീഗിന് സീറ്റ് നിഷേധിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തിലെ വെള്ളൂർ ഡിവിഷൻ സീറ്റ് ലീഗിന് യുഡിഎഫ് അനുവദിച്ചിരുന്നെങ്കിലും ആ സീറ്റിലും അനിശ്ചിതത്വം തുടരുകയാണ്. കോൺഗ്രസ് ജോസഫ് ഗ്രൂപ്പാണ് ഈ സീറ്റ് ലീഗിന് വിട്ടുകൊടുക്കുന്നതിന് എതിര് നിൽക്കുന്നത്. തുടർന്ന് നടത്തിയ ചർച്ചകളിലും പരിഹാരമുണ്ടായില്ല.
മുന്നണിയിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പത്തനംതിട്ടയിലെ ചിറ്റാർ, ഇടുക്കിയിലെ അടിമാലി, കൊല്ലത്തെ അഞ്ചൽ എന്നിവിടങ്ങളിൽ മുസ്‌ലിം ലീഗ് തനിച്ച് മത്സരിക്കാനുള്ള ആലോചനയിലാണ്. കുഞ്ഞാലികുട്ടി, കൊടിക്കുന്നിൽ സുരേഷ്, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഉൾപ്പെടെയുള്ള നേതാക്കന്മാർ ഇടപെട്ടെങ്കിലും സീറ്റിന്റെ കാര്യത്തിൽ സമവായത്തിലെത്താനായില്ല. ഈ സാഹചര്യത്തിൽ മലബാറിലെ കോൺഗ്രസ് സീറ്റിൽ തിരിച്ചടി നൽകണമെന്ന വികാരം പല നേതാക്കന്മാരും പ്രകടിപ്പിക്കുന്നുമുണ്ട്.
Adjust Story Font
16

