മുതലപ്പൊഴി ഡ്രഡ്ജിങ്ങ്; നാളെ ജില്ലാ കലക്ടറുമായി ചർച്ച
മത്സ്യത്തൊഴിലാളികളും ഹാർബർ വകുപ്പ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും. ഡ്രഡ്ജിങ്ങ് പുനരാരംഭിക്കുന്നത് ചർച്ചയ്ക്ക് ശേഷമായിരിക്കും തീരുമാനിക്കുന്നത്

തിരുവനന്തപുരം: മുതലപ്പൊഴിയിൽ പ്രശ്‌നപരിഹാരത്തിനായി നാളെ ജില്ലാ കലക്ടറുമായി ചർച്ച നടത്തും. മത്സ്യത്തൊഴിലാളികളും ഹാർബർ വകുപ്പ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും. ഡ്രഡ്ജിങ്ങ് പുനരാരംഭിക്കുന്നത് ചർച്ചയ്ക്ക് ശേഷമായിരിക്കും തീരുമാനിക്കുന്നത്. രാവിലെ 10 മണിക്ക് ക്യാമ്പ് ഓഫീസിൽ വച്ചാണ് ചർച്ച.
മണൽനീക്കം ഇന്ന് പുനരാരംഭിക്കുമെന്ന് ഇന്നലെ സമരസമിതിയും എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായി നടത്തിയ ചർച്ചയിൽ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇന്നലത്തെ സംഘർഷങ്ങളുടെ സാഹചര്യത്തിൽ സുരക്ഷ ഉറപ്പുവരുത്തിയാൽ മണൽനീക്കം ആരംഭിക്കാമെന്നാണ് ഉദ്യോഗസ്ഥർ പിന്നീട് അറിയിച്ചത്.
തുടർച്ചയായി മൂന്ന് ദിവസം മണൽനീക്കം തടസപ്പെട്ടതോടെയാണ് മത്സ്യത്തൊഴിലാളികൾ സമരത്തിനിറങ്ങിയത്. റോഡ് ഉപരോധിച്ച് തുടങ്ങിയ സമരം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഭയമില്ലാതെ ജീവനക്കാർക്ക് പ്രവർത്തിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും സുരക്ഷ ഉറപ്പാക്കിയാൽ ഇന്നു തന്നെ ഡ്രഡ്ജിങ് ആരംഭിക്കാമെന്നും ചീഫ് എഞ്ചിനീയർ മുഹമ്മദ് അൻസാരി വ്യക്തമാക്കി.
അധികൃതർ നൽകുന്ന വാക്കുകളൊന്നും പാലിക്കുന്നില്ലായെന്നും ഉദ്യോഗസ്ഥരുടെ ധാർഷ്ട്യമാണ് നടക്കുന്നതെന്നും സമരസമിതി ആരോപിച്ചിരുന്നു. ഡ്രഡ്ജിങ് ആരംഭിച്ചില്ലെങ്കിൽ കൂടുതൽ സമര പരിപാടികളിലേക്ക് നീങ്ങാനായിരുന്നു മത്സ്യത്തൊഴിലാളികളുടെ തീരുമാനം.
Adjust Story Font
16

